റഷ്യയോടു പൊരുതാൻ യുക്രെയ്ന് എഫ്–16 വിമാനങ്ങൾ; സഹായിക്കാൻ നോർവെ

Mail This Article
ഒസ്‌ലോ ∙ റഷ്യയുമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രെയ്നു എഫ്–16 യുദ്ധവിമാനങ്ങൾ നൽകാൻ നാറ്റോ അംഗമായ നോർവെ. പ്രധാനമന്ത്രി ജൊനാസ് ഗർസ്ത്രെ യുക്രെയ്ൻ തലസ്ഥാനമായ കീവ് സന്ദർശിച്ചതിനു പിന്നാലെയാണു തീരുമാനമെന്നാണു റിപ്പോർട്ട്.
നെതർലൻഡ്സിനും ഡെന്മാർക്കിനും ശേഷം യുക്രെയ്ന് എഫ്–16 വിമാനങ്ങൾ കൈമാറുന്ന മൂന്നാമത്തെ യൂറോപ്യൻ രാജ്യമാകും നോർവേ. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പില്ലെന്നാണു നോർവീജിയൻ മാധ്യമങ്ങൾ പറയുന്നത്. കൈവശമുള്ള എഫ്–16 വിമാനങ്ങൾ ഒഴിവാക്കി സേനയെ ആധുനീകരിക്കുകയാണു നോർവെ. ഇതിന്റെ ഭാഗമായി ആദ്യ സെറ്റ് എഫ്–35എസ് വിമാനങ്ങൾ രാജ്യത്തെത്തിയിരുന്നു.
ഇതാദ്യമായല്ല നോർവെ സഹായവുമായി എത്തുന്നത്. ഫെബ്രുവരിയിൽ, അഞ്ചുവർഷത്തെ പാക്കേജിന്റെ ഭാഗമായി 7 ബില്യൻ ഡോളർ യുക്രെയ്നു സംഭാവനയായി നൽകുമെന്നു നോർവെ പ്രഖ്യാപിച്ചിരുന്നു. അത്യാധുനിക ആയുധങ്ങൾ കൂടുതലായി വേണമെന്നു യുക്രെയ്ൻ ഏറെ നാളായി ആവശ്യപ്പെടുന്നതാണ്. കരുത്തേറിയ ആയുധങ്ങൾ ഉണ്ടെങ്കിലേ റഷ്യയുടെ വ്യോമാക്രമണം തടയാനാകൂ എന്നതാണു യുക്രെയ്ന്റെ നിലപാട്.
English Summary: Ukraine to get F-16 fighter jets from Norway