ADVERTISEMENT

ബെംഗളൂരു ∙ ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ-3ന്റെ ഭാഗമായുള്ള വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലെ താപനില അളന്നു. മേൽമണ്ണിൽ ചൂട് 60 ഡിഗ്രിവരെയെന്നും 8 സെന്റിമീറ്റർ ആഴത്തിൽ മൈനസ് 10 താപനിലയെന്നുമുള്ള നിർണായകമായ ആദ്യഘട്ട വിവരങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ചന്ദ്രോപരിതലത്തിലെ ദക്ഷിണധ്രുവത്തിൽ ആദ്യമായാണ് മണ്ണുകുഴിച്ചുള്ള പരീക്ഷണം നടക്കുന്നത്. 

വിക്രം ലാൻഡറിലെ വിഎസ്എസ്‌സിയുടെ പേലോഡുകളിൽ ഒന്നായ ചസ്‌തെയാണ് (ചന്ദ്രാസ് സർഫേസ് തെർമോഫിസിക്കൽ എക്സ്‌പീരിമെന്റ് –ChaSTE) താപനില സംബന്ധിച്ച വിവരങ്ങൾ പഠിക്കുന്നത്. മേൽമണ്ണിൽ 60 ഡിഗ്രിവരെ ചൂടെന്ന് കണ്ടെത്തിയ പേലോഡ് 8 സെന്റിമീറ്റർ ആഴത്തിൽ കുഴിച്ച് വിവിധ ഘട്ടങ്ങളിലായുള്ള താപനില പ്രത്യേകം രേഖപ്പെടുത്തി. ചന്ദ്രന്റെ മണ്ണിലെ താപവിതരണം എങ്ങനെയാണെന്നു മനസ്സിലാക്കുന്നതിനാണ് ഇത്തരത്തിലുള്ള പരീക്ഷണം.

വിവിധ ആഴങ്ങളിലുള്ള താപനില സംബന്ധിച്ച ചാർട്ട് ഐഎസ്ആർഒ പുറത്തുവിട്ടു. ഓരോ സെന്റിമീറ്റർ താഴ്ചയിലും ചൂട് കുറയുകയാണെന്ന് ചന്ദ്രയാൻ–3 രേഖപ്പെടുത്തി. വിവിധ ആഴങ്ങളിലായി നിർണായക വിവരങ്ങളാണ് പേലോഡ് സെൻസറുകൾ ശേഖരിച്ചത്. ഈ വിവരങ്ങൾ വിലയിരുത്തുകയാണെന്ന് ഐഎസ്ആർഒ അറിയിച്ചു.

ചന്ദ്രനിൽ അന്തരീക്ഷം ഇല്ലെന്നാണ് ഇതുവരെയുള്ള കണ്ടെത്തൽ. ഏതെങ്കിലും തരത്തിൽ അവിടെ അന്തരീക്ഷം നിലനിൽക്കുന്നുണ്ടോയെന്ന് ഇലക്‌ട്രോൺ സാന്ദ്രത പരിശോധിച്ചു മനസ്സിലാക്കുന്നതിനാണ് മറ്റൊരു പേലോഡുമുണ്ട്. റോവറിലെ സ്‌പെക്ട്രോസ്‌കോപി  ഉപയോഗിച്ച് എന്തൊക്കെത്തരം മൂലകങ്ങളുണ്ടെന്ന് കണ്ടെത്തും. 

English Summary: Chandrayaan-3 ChaSTE payload onboard Vikram Lander measures the temperature profile of the lunar topsoil around the pole

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com