ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതോടെ ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യം. ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജിന്റേതാണ് ഈ ആവശ്യം. മറ്റു മതങ്ങൾ ചന്ദ്രനിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാർലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സ്വാമി ചക്രപാണി മഹാരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ഒരു ഭീകരനും’ അവിടെയെത്തുന്നതിനുമുൻപ് ഇന്ത്യൻ സർക്കാർ പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ചന്ദ്രനെ ഹിന്ദു സാനാതന രാഷ്ട്രമായി പാർലമെന്റ് പ്രഖ്യാപിക്കണം. ചന്ദ്രയാൻ 3 ലാൻഡ് ചെയ്ത സ്ഥലമായ ശിവശക്തി പോയിന്റ് അതിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കണം. കാരണം, ജിഹാദി മനസ്ഥിതിയുള്ള ഒരു ഭീകരനും അവിടെയെത്തരുത്’’ – സ്വാമി ചക്രപാണി മഹാരാജ് വിഡിയോയിലൂടെ പറഞ്ഞു. 

 

ചന്ദ്രയാൻ 3 ഇറങ്ങിയ ചന്ദ്രന്റെ ധക്ഷിണധ്രുവം ഇനിമുതൽ ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു.

 

∙ പട്ടികയിൽ ‘ഗോമൂത്ര പാർട്ടി’യും

 

വിവാദ പരാമർശങ്ങൾ നടത്തി മുൻപും പ്രസിദ്ധനാണ് സ്വാമി ചക്രപാണി. 2020ൽ രാജ്യം കോവിഡ് മഹാമാരിയെ നേരിടുമ്പോൾ ‘ഗോമൂത്ര പാർട്ടി’യും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഇദ്ദേഹവും ഓൾ ഇന്ത്യ ഹിന്ദു മഹാസഭാ അംഗങ്ങളും കോവിഡിനെ പ്രതിരോധിക്കാൻ ഡൽഹിയിൽ നടത്തിയ ചടങ്ങിൽ ഗോമൂത്രം കുടിക്കുകയും ചെയ്തു. മൃഗങ്ങളെ കൊന്ന് ഭക്ഷിക്കുന്നവർക്കാണ് കോവിഡ് വരുന്നതെന്നാണ് അന്നത്തെ ചടങ്ങിൽ സ്വാമി ചക്രപാണി പറഞ്ഞത്. ‘‘നിങ്ങൾ ഒരു മൃഗത്തെ കൊല്ലുകയാണെങ്കിൽ അവിടെയൊരു ഊർജം രൂപപ്പെടും. അത് അവിടം നശിപ്പിക്കും. ആഗോള നേതാക്കൾ ഇന്ത്യയിൽനിന്നു ഗോമൂത്രം കയറ്റുമതി ചെയ്യണം. ഇന്ത്യൻ ഗോക്കളിൽ മാത്രമാണ് ദൈവം കുടിയിരിക്കുന്നത്, വിദേശ പശുക്കളിലില്ല’’ – സ്വാമി ചക്രപാണി അന്നു പറഞ്ഞു.

 

2018ല്‍ കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ചും അദ്ദേഹം വിവാദ പ്രസ്താവന നടത്തിയിരുന്നു. ബീഫ് കഴിക്കുന്ന ആളുകളുള്ള സംസ്ഥാനത്തിന് ഒരു സഹായവും ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ വർഷമാദ്യം ബോളിവുഡ് സിനിമകളും, വെബ്‌സീരിസുകളും മ്യൂസിക് വിഡിയോകളും മറ്റും സെൻസർ ചെയ്യുന്നതിനായി ‘ധർമ സെൻസർ ബോർഡ്’ എന്ന പേരിലൊരു സംവിധാനം ഉണ്ടാക്കുകയും ചെയ്ത്. ഹിന്ദു മതത്തെ അപമാനിക്കുന്നവ പരിശോധിക്കുകയാണ് ഇതിന്റെ ദൗത്യം. 

 

English Summary: Chandrayaan 3 Mission's Success Fuels Call for Moon to be Declared a 'Hindu Sanatana Rashtra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com