ADVERTISEMENT

നൂഹ്∙ വിഎച്ച്പി ശോഭായാത്രാ നടത്തുന്നതിനിടെ, ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്ന പോസ്റ്റർ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നത്. വിലക്കുകളെ മറികടന്നു കൊണ്ടാണ് വിഎച്ച്പി ശോഭായാത്ര നടത്തുന്നത്. ബാരിക്കേഡുകൾ നിരത്തി യാത്ര തടയാനാണ് പൊലീസിന്റെ ശ്രമം. ‌അയോധ്യയിൽനിന്ന് യാത്രയിൽ പങ്കെടുക്കുന്നതിനായി എത്തിയവരെ അതിർത്തിയിൽ തടഞ്ഞു. തുടർന്ന് സന്യാസിമാർ നിരാഹാര സമരം ആരംഭിച്ചു. മാധ്യമപ്രവർത്തകര്‍ക്ക് ഉൾപ്പെടെ പൊലീസ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. 

റാലിക്ക് അധികൃതർ അനുമതി നൽകിയിട്ടില്ല. നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലയിൽ ഒരു സ്ഥാപനവും തുറന്നിട്ടില്ല. അതിർത്തിയിൽ പരിശോധന കർശനമാക്കി. തിരിച്ചറിയൽ കാർഡ് ഇല്ലാത്ത ആരെയും കടത്തിവിടുന്നില്ല. ജനങ്ങളോട് യാത്രയിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ അഭ്യർഥിച്ചു. ശോഭായാത്രയ്ക്കു അനുമതി നൽകിയിട്ടില്ലെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പ്രതികരിച്ചത്. യാത്രയ്ക്കു പകരം ജനങ്ങൾക്ക് ക്ഷേത്രങ്ങൾ സന്ദർശിക്കാമെന്നും ഖട്ടർ കൂട്ടിച്ചേർത്തു.

അർധസൈനിക വിഭാഗങ്ങൾ ഉൾപ്പെടെ വൻസുരക്ഷാസന്നാഹമാണു നൂഹിൽ ഏർപ്പെടുത്തിയിരിക്കുന്നത്. രണ്ടായിരത്തോളം പൊലീസുകാരെയും 24 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചു. ജില്ലയിലേക്കുള്ള എല്ലാ പ്രവേശനകവാടങ്ങളും അടച്ചു. പുറത്തുനിന്നാർക്കും ജില്ലയിലേക്കു പ്രവേശനമില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും അടച്ചു. പ്രദേശത്തു നിരോധനാജ്ഞയും പ്രഖ്യാപിച്ചു. ഇന്നു രാത്രിവരെ ഇന്റർനെറ്റ് വിച്ഛേദിച്ചു. കൂട്ടമായി എസ്എംഎസുകൾ അയയ്ക്കുന്നതും വിലക്കി. നാലോ അതിൽക്കൂടുതലോ പേർ കൂട്ടംകൂടുന്നതും വിലക്കി.

ജൂലൈ 31നുണ്ടായ സംഘർഷത്തിനുശേഷം നൂഹിൽ ജനജീവിതം സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. സംഘർഷത്തിൽ രണ്ട് ഹോം ഗാർഡുകളും ഒരു പുരോഹിതനും ഉൾപ്പെടെ 6 പേരാണു കൊല്ലപ്പെട്ടത്. വർഗീയ സംഘർഷങ്ങളുടെ പേരിൽ ഇതുവരെ 393 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 118 പേരെ കരുതൽത്തടങ്കലിൽ ആക്കി. സെപ്റ്റംബർ 3 മുതൽ 7 വരെ നൂഹിൽ ജി20 രാജ്യങ്ങളുടെ ഷെർപ ഗ്രൂപ് യോഗം നടക്കുന്നുണ്ട്. അതുകൊണ്ട് സംസ്ഥാനത്തെ ക്രമസമാധാന നില തകരാതെ നോക്കേണ്ടത് സർക്കാരിന് അഭിമാനപ്രശ്നമാണ്.

English Summary: Haryana's Nuh Shobhayatra Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com