ADVERTISEMENT

ന്യൂഡൽഹി∙ നൂഹ് കലാപത്തിനു പിന്നിൽ കോൺഗ്രസാണെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ്. നൂഹ് കലാപവുമായി ബന്ധപ്പെട്ട അന്വേഷണവിവരങ്ങൾ പത്രസമ്മേളനത്തിൽ വിശദീകരിക്കുമ്പോഴാണ്, കലാപത്തിനു പിന്നിൽ കോൺഗ്രസാണെന്ന് മന്ത്രി ആരോപിച്ചത്. കലാപവുമായി ബന്ധപ്പെട്ട് 510 പേർ അറസ്റ്റിലായെന്നും, കേസുകളുമായി ബന്ധപ്പെട്ട് 140 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തെന്നും മന്ത്രി വെളിപ്പെടുത്തി. നൂഹ് സംഘർഷത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്.

‘‘നൂഹ് കലാപവുമായി ബന്ധപ്പെട്ട് ആദ്യഘട്ട അന്വേഷണം പുരോഗമിക്കുമ്പോൾ 510 ആളുകളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. 140 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തു. പലരേയും ചോദ്യം ചെയ്തതിൽനിന്നും കലാപത്തിനു പിന്നിൽ കോൺഗ്രസ് ആണെന്നു വ്യക്തമായിട്ടുണ്ട്. കലാപത്തിനു തൊട്ടുമുൻപ് കലാപം ബാധിച്ച പ്രദേശങ്ങൾ കോൺഗ്രസ് എംഎൽഎ മാമ്മൻ ഖാൻ സന്ദർശിച്ചതിനു തെളിവുകളുണ്ട്. ഈ സാഹചര്യത്തിൽ ഓഗസ്റ്റ് 30ന് ചോദ്യം ചെയ്യലിനു ഹാജരാകാൻ മാമ്മൻ ഖാന് നോട്ടീസ് നൽകി.’’–അനിൽ വിജ് പറഞ്ഞു.

അതിനിടെ, നൂഹ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിശബ്ദത അവസാനിപ്പിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ആവശ്യപ്പെട്ടു.

‘‘കലാപവുമായി ബന്ധപ്പെട്ട് ഒരാൾ മാത്രമല്ല, പല കോൺഗ്രസ് എംഎൽഎമാരും പ്രവർത്തിച്ചതായി സംശയമുണ്ട്. നൂഹ് വിഷയത്തിൽ കോൺഗ്രസ് നിശബ്ദത പാലിക്കുകയാണ്. കലാപവുമായി ബന്ധപ്പെട്ട് യാതൊന്നും അവർ പറയുന്നില്ല. ആ നിശബ്ദത തന്നെ ദുരൂഹത ഉയർത്തുന്നതാണ്. കലാപവുമായി ബന്ധപ്പെട്ട് കൃത്യതയാർന്ന അന്വേഷണമാണ് നടക്കുന്നത്. കലാപത്തിനു പിന്നിൽ ആരാണ് എന്നത് പുറത്തുകൊണ്ടുവരും’’– ഖട്ടർ പറഞ്ഞു.

നൂഹ് കലാപത്തിൽ ആറു പേരാണ് കൊല്ലപ്പെട്ടത്. നൂഹിൽ വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കുനേരെ ഒരുകൂട്ടം ആളുകൾ ആക്രമണം നടത്തുകയായിരുന്നു. ഗോസംരക്ഷകനെന്ന് അറിയപ്പെടുന്ന മോനു മനേസർ പങ്കെടുക്കുമെന്ന വിവരം പുറത്തുവന്നതിനെ തുടർന്നായിരുന്നു കലാപം. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും അക്രമകാരികൾ തീയിട്ടിരുന്നു.

English Summary: ‘Congress behind Nuh violence’, alleges Haryana Home Minister 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com