ADVERTISEMENT

ന്യൂഡൽഹി∙ ചൈനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് കർശന നിലപാടു വേണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ രംഗത്ത്. പ്രശ്നങ്ങളുണ്ടാകുമ്പോൾ ചൈനയെ പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് തരൂർ അഭിപ്രായപ്പെട്ടു. ചൈനീസ് പാസ്പോർട്ടുള്ള ടിബറ്റുകാർക്ക് ഇനിമുതൽ സ്റ്റേപിൾഡ് വീസ നൽകണം. തയ്‌വാനെയും ടിബറ്റിനെയും ചൈനയുടെ ഭാഗമായി അംഗീകരിക്കരുതെന്നും തരൂർ ആവശ്യപ്പെട്ടു.

അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ 2023ലെ ഔദ്യോഗിക ഭൂപടത്തിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, പ്രതിഷേധം അറിയിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന തരൂരിന്റെ പരാമർശം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്താനിരിക്കെയാണ് ഭൂപടം ഇറക്കി ചൈനയുടെ പ്രകോപനം.

‘‘ഇതൊരു പുതിയ സംഭവമല്ല. 1950കളിൽത്തന്നെ ആരംഭിച്ചതാണ് ഇത്. ഇന്ത്യയുടെ ഭാഗമായ ചില മേഖലകൾ ഭൂപടത്തിൽ ഉൾപ്പെടുത്തിയതുകൊണ്ട് എന്തെങ്കിലും മാറ്റം വരുമെന്ന് ഞാൻ കരുതുന്നില്ല. ഈ പ്രദേശങ്ങൾ ഇന്ത്യയുടെ ഭാഗം തന്നെയാണ്. നമ്മുടെ ഭൂപ്രദേശങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ നമുക്ക് വ്യക്തമായ ധാരണയുണ്ട്. നമ്മുടെ ഭൂപ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് എന്തൊക്കെയാണു ചെയ്യേണ്ടതെന്ന കാര്യത്തിൽ നമ്മുടെ സർക്കാരിനും കൃത്യമായ നിലപാടുണ്ട്. അതിർത്തിയിലേക്കു നോക്കിയാൽ അതു വ്യക്തമാകും. അക്കാര്യത്തിൽ യാതൊരു സംശയത്തിനും ഇടമില്ലെന്നാണു ഞാൻ കരുതുന്നത്.

വെറുതെ ചില യുക്തിഹീനമായ അവകാശവാദങ്ങൾ ഉന്നയിച്ചതുകൊണ്ടു മാത്രം ഒരു രാജ്യത്തിന്റെ ഭൂപ്രദേശം മറ്റൊരാളുടേതാകില്ല. ഏറ്റവുമൊടുവിൽ ചൈന നടത്തിയ പ്രകോപനത്തിനെതിരെ കേന്ദ്രസർക്കാർ പ്രതിഷേധം അറിയിച്ചു. അരുണാചൽ പ്രദേശ് അവരുടേതാണെന്ന് അവകാശപ്പെടുന്ന മറ്റൊരു മാപ്പാണ് ഇവിടെ പ്രശ്നം.

ഇക്കാര്യത്തിൽ വിദേശകാര്യ മന്ത്രി ജയശങ്കർ പറഞ്ഞതു ശരിയാണ്. ഇത് ചൈനയുടെ വളരെ പഴക്കമുള്ളൊരു രീതിയാണ്. നമ്മുടെ പ്രതിഷേധങ്ങൾ അവഗണിക്കുന്നതും അവരുടെ രീതിയാണ്. ഇത്തവണയും നമ്മൾ പ്രതിഷേധം അറിയിക്കുന്നതിൽ എല്ലാം അവസാനിപ്പിക്കുകയാണോ? നമ്മുടെ അതൃപ്തി അറിയിക്കാൻ വേറൊരു മാർഗവുമില്ലേ? ചൈനീസ് പാസ്പോർട്ടുള്ള ടിബറ്റുകാർക്ക് എന്തുകൊണ്ട് സ്റ്റേപ്പിൾഡ് വീസ അനുവദിച്ചുകൂടാ? ഏക ചൈന നയത്തിന് നൽകിവരുന്ന പിന്തുണയും പിൻവലിക്കണം’’ – തരൂർ ആവശ്യപ്പെട്ടു.

English Summary: Shashi Tharoor suggests issuing stapled visas to Chinese passport-holders from Tibet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com