ADVERTISEMENT

കോഴിക്കോട് ∙ ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണമെന്ന ബിജെപി നേതാവിന്റെ പരാമർശത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ചന്ദ്രയാൻ ലാൻഡ് ചെയ്ത സ്ഥലത്തിന് ‘ശിവശക്തി പോയിന്റ്’ എന്ന് പേരു നൽ‌കിയതിനെയും എം.വി.ഗോവിന്ദൻ വിമർശിച്ചു. എല്ലാത്തിനേയും വർഗീയവൽക്കരിക്കാനാണ് ബിജെപിയും സംഘപരിവാറും ശ്രമിക്കുന്നത്. ഇന്ത്യയിൽ എവിടെയും സംഘപരിവാർ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

"ചന്ദ്രയാൻ 3 വലിയ നേട്ടമാണ്. നമുക്ക് അതിൽ അഭിമാനിക്കാം. ചന്ദ്രയാൻ ലാൻഡ് ചെയ്ത സ്ഥലത്തിന് ശിവശക്തി പോയിന്റ് എന്നാണ് പ്രധാനമന്ത്രി പേരു നൽകിയത്. പിന്നാലെ ഒരു ബിജെപി നേതാവ് പറഞ്ഞിരിക്കുകയാണ് ചന്ദ്രനെ ഹിന്ദു രാഷ്ട്രമാക്കണമെന്ന്. എന്തൊക്കെയാണിവർ പറയുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് പണ്ടേ പറയുന്നുണ്ട്. അതിലേക്കാണവർ ഹിന്ദുത്വ ആശയവുമായി നീങ്ങുന്നത്. ഇപ്പോൾ ശാസ്ത്രം വിജയിച്ചു മുന്നിൽ നിൽക്കുമ്പോൾ ബിജെപിയുടെ ഒരുകൂട്ടം എംപിമാരും എംഎൽഎമാരും അപമാനിക്കാനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. 

ഇന്ത്യയിൽ എവിടെയും സംഘപരിവാർ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങൾ നടക്കുന്ന സ്ഥിതിയാണ്. അതാണ് മണിപ്പുരിൽ കണ്ടത്. മണിപ്പുരിൽ നടന്നത് എവിടെയും നടക്കും. ഹരിയാനയിലും യുപിയിലും മഹാരാഷ്ട്രയിലും നടക്കും. ഗുജറാത്തിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് മുസ്‌ലിംകളെ അവർ കൊന്നുതള്ളി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അന്നോ അതിനുശേഷമോ അതിൽ ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോൾ മണിപ്പുരിൽ സംഘർഷം നടക്കുമ്പോൾ പ്രധാനമന്ത്രിയായ മോദി ഒന്നും മിണ്ടുന്നില്ല. മുൻപത്തെ അതേ നില. ഗുജറാത്ത് കലാപത്തെ പിന്നീട് ചരിത്രകാരന്മാർ വംശഹത്യ എന്നാണ് വിളിച്ചത്. വർഗീയ ലഹളയായി ആരംഭിച്ച് വംശഹത്യയായി മാറി. ഇപ്പോൾ മണിപ്പുർ രണ്ടു ഭാഗമായി മാറി. ഏത് സംസ്ഥാനത്തും അവർക്ക് ജനങ്ങളെ വിഭജിക്കാനുള്ള, വർഗീയ ധ്രുവീകരണത്തിന് ആസൂത്രിത നീക്കം നടത്താനാവും. അതാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നം". -എം.വി. ഗോവിന്ദൻ പറഞ്ഞു.

ബിജെപി നേതാക്കൾ പലതും വെറുതെ പറയുകയാണെന്ന് കരുതേണ്ട. പാർലമെന്റിൽ ചെങ്കോൽ സ്ഥാപിച്ചതും വെറുതെയല്ല. അതിനെല്ലാം പിന്നിൽ കൃത്യമായ അജൻഡയുണ്ട്. പാർലമെന്റ് ഉദ്ഘാടനത്തിന് ഇന്ത്യയുടെ രാഷ്ട്രപതിയില്ല, പക്ഷേ സന്യാസിമാരുണ്ട്. ജനാധിപത്യത്തേയോ മതേതരത്വത്തേയോ അംഗീകരിക്കാൻ തയാറാകാത്ത ഒരു പ്രത്യേക വിഭാഗമാണ് ഇവരെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

English Summary: 'They said that, the moon should be made a Hindu nation; BJP leaders came forward to humiliate everyone when science is winning': MV Govindan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com