ADVERTISEMENT

പത്തനംതിട്ട∙ ഇന്നലെ വൈകുന്നേരം വരെ ആശങ്കയുടെ ഉഷ്ണക്കാറ്റായിരുന്നു. വൈകുന്നേരത്തോടെ ഭാവം മാറി. തണുത്തകാറ്റും കാർമേഘങ്ങളും ഇടിയും വന്നു. കാലമായില്ലെങ്കിലും തുലാമഴയുടെ പ്രതീതി ജനിപ്പിച്ച് കിഴക്കൻ വനമേഖലയിൽ മഴ തകർത്തു പെയ്തു.  

കത്താൻ ഒരുങ്ങി നിന്ന കാടിനെ അനുഗ്രഹിച്ച മഴ അരുവികളുടെയും കാടിന്റെയും കാട്ടാറുകളുടെയും ദാഹം കെടുത്തി. പ്രകൃതിയെയും കാലങ്ങളെയും മണ്ണിനെയും വിശ്വസിച്ച് പൂർവസൂരികൾ തുടക്കമിട്ട ആറന്മുള ഉത്തൃട്ടാതി ജലമേള എന്ന ആചാരത്തിന്റെ സുഗമമായ നടത്തിപ്പിന് പ്രകൃതി തന്നെ അതിന്റെ കൈവഴി തുറന്ന് നാടിനെയും നാട്ടുകാരെയും അനുഗ്രഹിച്ചു.

രാത്രിമഴയിൽ പെയ്ത ജലമത്രയും കൈവഴികളിലൂടെ വന്നെത്തിയതോടെ ഓണോത്സവത്തിന് എന്നതുപോലെ പമ്പാനദി അണിഞ്ഞൊരുങ്ങി. നേരം പുലർന്നപ്പോൾ അദ്ഭുതം. മെലിഞ്ഞുണങ്ങിയ പമ്പ ഒറ്റ രാത്രികൊണ്ട് ജലസമൃദ്ധിയിലേക്കു നികന്നൊഴുകുന്ന കാഴ്ച കരകളുടെ കണ്ണുകളെ ഈറനണിയിച്ചു. കരനാഥന്മാരുടെയും നാടിന്റെയും ഉള്ളുരുകലിന് ഉത്തരമായി.  

ഡാം തുറന്നാലും ഇല്ലെങ്കിലും ആകാശവും മേഘങ്ങളും മണ്ണും നദിയുമെല്ലാം അതിന്റെ കടമ നിറവേറ്റി. ഇന്ന് ഉച്ചയ്ക്ക് ആരംഭിക്കുന്ന പുരാതന പ്രസിദ്ധമായ ആറന്മുള ജലോത്സവത്തിന് ആവശ്യമായ ജലം ഇന്നു രാവിലെയോടെ ആറന്മുളയിലും പരിസരങ്ങളിലും എത്തി. ഇപ്പോൾ സത്രക്കടവ് ഭാഗത്തു മാത്രം 3 മീറ്ററിലധികം ജലമുണ്ടെന്നു കണക്കാക്കുന്നു. ജലമേള സുഗമമായി നടത്താൻ രണ്ടു മീറ്ററിലധികമാണ് ജലനിരപ്പു വേണ്ടത്.  

ഇനി കണക്കുകളിലേക്ക്. കക്കി അണക്കെട്ട് പ്രദേശത്ത് ഇന്നലെ രാത്രി പെയ്തത് ഏകദേശം 225 മില്ലീമീറ്റർ (22.5 സെമീ) അതിതീവ്രമഴ. അത്തിക്കയത്ത് 161 മില്ലീമീറ്ററും ആങ്ങമൂഴിയിൽ 153 മില്ലീമീറ്ററും കക്കാട്– മൂഴിയാറിൽ 147 മില്ലീമീറ്ററും അള്ളുങ്കലിൽ 144 മില്ലീമീറ്ററും അഞ്ചുകുഴിയിലും ചെറുകുളഞ്ഞിയിലും 130 മില്ലീമീറ്റർ വീതവും റാന്നി ചേത്തയ്ക്കലിൽ 127 മില്ലീറ്ററും മഴ ലഭിച്ചു: മറ്റിടങ്ങളിലെ മഴ മില്ലീമീറ്ററിൽ:

തവളപ്പാറ (99), വെൺകുറിഞ്ഞി (89), മണിയാർ (72), ളാഹ, കൊച്ചാണ്ടി (68), വാഴക്കുന്നം (65). ചിങ്ങത്തിലെ ഉത്തൃട്ടാതി നാളിലാണ് ആറന്മുളയിലെ വള്ളംകളി. കാലവർഷം പെയ്തു പുഴ നിറഞ്ഞു കിടക്കേണ്ട കാലം. എന്നാൽ ഒന്നരമാസത്തോളം പെയ്യാൻ മടിച്ചു നിന്ന കാലവർഷത്തിന് ഇന്നലെ വൈകുന്നേരത്തോടെ കനം വച്ചു. തെക്കൻ കടലിൽ നിന്നുള്ള കാറ്റ് ശക്തമായി. പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ കിഴക്കൻമലയോരത്തെ പർവതങ്ങൾ തടഞ്ഞുനിർത്തിയ നീരാവി താഴേക്കു പെയ്തിറങ്ങിയപ്പോൾ കൃത്യസമയത്ത് ആറന്മുള വള്ളംകളിക്ക് ആവശ്യമായ വെള്ളം പമ്പാനദിയിൽ ഒഴുകി നിറഞ്ഞു.  

മൂഴിയാർ, മണിയാർ, പെരുന്തേനരുവി ഡാമുകളിലൂടെ വെള്ളം തുറന്നുവിട്ട് ജലമേളയ്ക്ക് ആവശ്യമായ ജലനിരപ്പ് ക്രമീകരിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. ഇപ്പോൾ കാര്യമായി തുറന്നില്ലെങ്കിലും പ്രകൃതിതന്നെ അതിന്റെ സ്വാഭാവിക ഉറവകളെ തുറന്ന് ഉത്തൃട്ടാതി നാളിനെ ധന്യമാക്കി.

English Summary: Heavy rain in Kakki makes Pamba river overflow and provide enough water to Aranmula boatrace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com