ADVERTISEMENT

കോട്ടയം∙ നെൽ കർഷകർക്കു സംഭരണത്തുക നൽകാനാകാത്തത് കേന്ദ്രസഹായം ലഭ്യമാകാത്തതു കൊണ്ടാണെന്ന കൃഷിമന്ത്രിയുടെ വിശദീകരണത്തിനു കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ മറുപടി. നെല്ലിന്‍റെ കണക്ക് കൊടുത്തിട്ടും കുടിശിക കിട്ടാനുണ്ട് എന്ന വാദത്തിനു നിരക്കുന്ന തെളിവുകൾ പി.പ്രസാദ് പുറത്തു വിടണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഓണക്കിറ്റ് മുതല്‍ നെല്ലുവില വരെ എന്തിനുമേതിനും കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാൻ നോക്കരുതെന്നും കേന്ദ്രമന്ത്രി കോട്ടയത്ത് പറഞ്ഞു. കേരളത്തിന് അര്‍ഹതപ്പെട്ട നയാപ്പൈസ പോലും കേന്ദ്രം പിടിച്ചുവയ്ക്കാറില്ല. ചട്ടങ്ങൾ പാലിച്ച് സംസ്ഥാനത്തിനു അര്‍ഹതപ്പെട്ട തുക പൂര്‍ണമായും നല്‍കിയിട്ടുണ്ടെന്നും കണക്കുകൾ നിരത്തി മന്ത്രി വിശദീകരിച്ചു.

ആരോഗ്യമേഖലയ്ക്കുള്ള ഗ്രാന്‍റ്  ഇനത്തിൽ 2021–22 സാമ്പത്തിക വര്‍ഷത്തില്‍  521.43 കോടി നല്‍കി, 2022–23 ല്‍ 421.81 കോടി നല്‍കി. അനുവദിച്ച തുക 50 ശതമാനത്തിനു മേല്‍ ചെലവഴിക്കണം എന്ന മാനദണ്ഡം പാലിക്കാത്തതു കൊണ്ടാണ് ഇനി കിട്ടാനുള്ളത് നൽകാത്തത്. മില്യൻ പ്ലസ് സിറ്റീസ് ഗ്രാന്‍റ് ഇനത്തിൽ 2021–22ല്‍ 256 കോടി നല്‍കി. 2022–23ല്‍ അനുവദിക്കപ്പെട്ട 265 കോടിയിൽ 213.4 കോടി നൽകി. ധനകാര്യ കമ്മിഷന്‍ അനുവദിച്ചതിനെക്കാള്‍ കൂടുതല്‍ കടമെടുപ്പ് ഈ കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷവും അനുവദിച്ചു.’

‘‘വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള മൂലധനനിക്ഷേപം 2023–24ല്‍ 1,925 കോടി അനുവദിച്ചു. കഴിഞ്ഞ വർഷം ലഭിച്ച തുക പൂര്‍ണമായി പ്രയോജനപ്പെടുത്താത്തിനാല്‍ ഇതു നല്‍കിയിട്ടില്ല. 2021– 22, 2022–23 വർഷത്തെ ധനക്കമ്മി ഗ്രാന്‍റുകള്‍ പൂര്‍ണമായി നല്‍കി. 2023–24ന്‍റേത് പ്രതിമാസ ഇന്‍സ്റ്റാള്‍മെന്‍റുകള്‍ ആയി നല്‍കി വരികയാണ്.

ഏതു മേഖലയിൽ പ്രതിസന്ധി വന്നാലും കേന്ദ്രത്തെ പഴിക്കാം എന്ന മുഖ്യമന്ത്രിയുടെ ക്യാപ്സൂൾ കയ്യിലിരിക്കട്ടെ. ഒരുവശത്ത് പ്രതിസന്ധി പറയുന്നവരാണ് മറുവശത്ത് ഹെലികോപ്റ്ററിന് ലക്ഷങ്ങൾ പൊടിക്കുന്നത്. ഡൽഹിയിൽ കേരളത്തിനു വേണ്ടി സംസാരിക്കാൻ ഒരു കാബിനറ്റ് പ്രതിനിധിക്ക് വേണ്ടി ലക്ഷങ്ങൾ ചെലവാക്കുന്നു. ജനങ്ങൾക്ക് എല്ലാം മനസിലാകുന്നുണ്ട്. അവർ ഇതിന് മറുപടി പറയും. ഇതില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ലെന്നും പിടിപ്പുകേടിനും ജനദ്രോഹനടപടികള്‍ക്കും കേന്ദ്രസര്‍ക്കാരിനെ പഴിചാരി രക്ഷപെടുന്നത് പതിവ് അവസാനിപ്പിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.

English Summary: Let the minister produce evidence if there is any delay in centre allocation: Union Minister V Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com