ADVERTISEMENT

ഭോപ്പാൽ∙ ബിജെപി നടത്തുന്ന ജൻ ആശിർവാദ് യാത്രയിൽ മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതിക്ക് ക്ഷണമില്ല. താൻ അവിടെയുണ്ടെങ്കിൽ ജനശ്രദ്ധ മുഴുവൻ തന്നിലേക്കാകുമെന്ന് ബിജെപി നേതാക്കൾ ഭയപ്പെടുന്നു എന്ന് ഉമാ ഭാരതി പ്രതികരിച്ചു. ബിജെപി അധ്യക്ഷൻ ജെ.പി. ന‍ഡ്ഡയാണ് യാത്ര ഉദ്ഘാടനം ചെയ്തു.

‘‘ഞാൻ അവിടെയുണ്ടെങ്കിൽ ശ്രദ്ധ മുഴുവൻ എന്നിലേക്കാകുമെന്ന് അവർ ഭയപ്പെടുന്നു. 2020ൽ സർക്കാർ രൂപീകരിക്കാൻ ജ്യോതിരാദിത്യ സിന്ധ്യ അവരെ സഹായിച്ചെങ്കിൽ, 2003ൽ വലിയ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കാൻ സഹായിച്ചത് ഞാനാണ്. ജ്യോതിരാദിത്യ സിന്ധ്യയെ ഞാൻ എന്റെ മരുമകനെ പോലെയാണ് കാണുന്നത്. യാത്രയിലേക്ക് എന്നെ ക്ഷണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചെങ്കിലും ചിന്തിക്കണമായിരുന്നു. ഞാൻ അവിടേക്ക് പോകില്ല. പക്ഷേ, വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി വോട്ട് അഭ്യർഥിക്കുകയും പ്രചരണ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്യും.’’– ഉമാഭാരതി വ്യക്തമാക്കി. 2005ൽ അച്ചടക്ക ലംഘനത്തിനു പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഉമാഭാരതിയെ 2011ൽ തിരിച്ചെടുത്തിരുന്നു.

ഉമാ ഭാരതിയെ പരിപാടിയിൽ ക്ഷണിക്കാത്തതിനെ കുറിച്ച് പാര്‍ട്ടി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപി അവരുടെ നേതാക്കളെ തന്നെ അപമാനിക്കുകയാണെന്നായിരുന്നു കോൺഗ്രസ് നേതാവ് രൺദീപ് സർജേവാലയുടെ പ്രതികരണം. ‘‘പാർട്ടിയിലെ മുതിർന്ന നേതാക്കളായ എൽ.കെ അദ്വാനിയെയും മുരളീ മനോഹർ ജോഷിയെയും അവർ അകറ്റിനിർത്തി. നമ്മുടെ സംസ്കാരം അനുസരിച്ച് മുതിർന്നവരെ ബഹുമാനിച്ചില്ലെങ്കിൽ ദൈവം മാപ്പുനൽകില്ല.’’– അദ്ദേഹം പറഞ്ഞു.

English Summary: Uma Bharti on no Bjp Invite For Mega Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com