ADVERTISEMENT

കൊച്ചി ∙ രാത്രി വഴിയിൽ ഇറക്കി വിടാനുള്ള ശ്രമം പാളിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് ട്രിപ്പ് മുടക്കി 16 കിലോമീറ്റർ തിരികെ ഓടിക്കേണ്ടി വന്ന സംഭവത്തിൽ മനോരമ ഓണ്‍ലൈനിനോടു പ്രതികരിച്ച്‌ യാത്രക്കാരനായ ചമ്പകശേരി ഞാറക്കാട്ടിൽ എൻ.എ.അഷ്റഫ്.

പകൽ സമയത്തു പോലും ആളുകൾ യാത്ര ചെയ്യാൻ ഭയക്കുന്ന ആലുവ ബൈപ്പാസിലും മാർക്കറ്റ് ഭാഗത്തും പാതിരാത്രിയിലും പുലർച്ചെയും കെഎസ്ആർടിസിക്കാർ സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെ ഇറക്കിവിടുന്നത് പതിവാണെന്ന് അഷ്റഫ് വ്യക്തമാക്കി. അടുത്തിടെ അ‍ഞ്ച് വയസ്സുള്ള ഒരു കുഞ്ഞിനെ അതിഥി തൊഴിലാളി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നടന്നത് ഇതിന് അടുത്താണ്. സൂപ്പർ ഫാസ്റ്റുകൾ ഉൾപ്പെടെയുള്ള ബസുകൾ രാത്രിയിലും സ്റ്റാൻഡിൽ കയറണമെന്ന നിയമം കാറ്റിൽപ്പറത്തിയാണ് അപകടം നിറഞ്ഞ സ്ഥലത്ത് ഇറക്കിവിടുന്നതെന്ന് അഷ്റഫ് ചൂണ്ടിക്കാട്ടി.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് അഷ്റഫിനെ ആലുവ ബസ് സ്റ്റാൻഡിൽ ഇറക്കാനായി കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് അങ്കമാലിയിൽനിന്ന് ആലുവയിലേക്ക് 16 കിലോമീറ്റർ തിരികെ ഓടിച്ചത്. ആലുവയ്ക്ക് ടിക്കറ്റ് നൽകാൻ കണ്ടക്ടർ തയാറായില്ലെന്ന് അഷ്റഫ് പറയുന്നു. ആലുവ ബൈപ്പാസിലും പുളിഞ്ചോട് ജംക്‌ഷനിലും ഇറക്കിവിടാനുള്ള നീക്കം പാളിയതോടെയാണ് അഷ്റഫുമായി ബസ് അങ്കമാലിയിലെത്തിയത്. അവിടെയും ഇറങ്ങാൻ കൂട്ടാക്കാതിരുന്നതോടെ ട്രിപ്പ് മുടക്കി അഷ്റഫുമായി തിരികെ രാതി 1.30ന് ആലുവ ബസ് സ്റ്റാൻഡിലെത്തുകയായിരുന്നു. അഷ്റഫിന്റെ പരാതിയിൽ ഡ്രൈവർ രവീന്ദ്രൻ, കണ്ടക്ടർ അനിൽ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അഷ്റഫിന്റെ വാക്കുകൾ

ഞാൻ ഒരു പൊതുപ്രവർത്തകനും മനുഷ്യാവകാശ പ്രവർത്തകനുമാണ്. ചില വിപ്ലവ സംഘടനകളുമായി ബന്ധമുണ്ട്. ഈ പൊതുപ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ അനീതിക്കെതിരെ ഞാൻ പ്രതികരിച്ചത്. 

എറണാകുളത്തുനിന്ന് രാത്രി ആലുവ വഴി വടക്കോട്ടു പോകുന്ന വണ്ടികളുണ്ട്. ഇതിൽ ഒട്ടുമിക്ക വണ്ടികളും ആലുവ കെഎസ്ആർടിസി സ്റ്റാൻഡിൽ കയറാതെ നേരെ ആലുവ ബൈപ്പാസ് വഴി പോകും. സ്റ്റാൻഡിലേക്കു പോകേണ്ട യാത്രക്കാരെ ബൈപ്പാസിൽ ഇറക്കിവിടുന്നതാണ് പതിവ്. പകൽ സമയത്തു പോലും നടക്കാൻ പറ്റാത്ത സ്ഥലങ്ങളാണ്. അഞ്ച് വയസ്സുള്ള പെൺകുഞ്ഞിനെ ഒരു ഇതര സംസ്ഥാന തൊഴിലാളി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സ്ഥലമെല്ലാം ഇതിന് അടുത്തു തന്നെയാണ്. അവിടം മുഴുവൻ ഇത്തരം സാമൂഹിക വിരുദ്ധരുടെ കേന്ദ്രങ്ങളാണ്. ഈ സ്ഥലത്താണ് പുലർച്ചെ രണ്ടിനും മൂന്നിനും സ്ത്രീകളെയും കുട്ടികളെയും യാതൊരു സങ്കോചവും കൂടാതെ ബസ്സുകാർ ഇറക്കിവിടുന്നത്.

നിലവിലെ ഉത്തരവുപ്രകാരം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സുകൾ രാത്രി ഒൻപതു മണി മുതൽ രാവിലെ ഏഴു വരെ സ്റ്റാൻഡിൽ കയറണം. ഇവർ അതിനു പകരം സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാരെ പുളിഞ്ചോടു കവല, ആലുവ മാർക്കറ്റ്, ആലുവ ബൈപ്പാസ് തുടങ്ങിയ സ്ഥലങ്ങളിൽ ഇറക്കിവിടും. അവിടേക്കു പോകാൻ പെർമിറ്റില്ല, നിങ്ങൾ എങ്ങനെയെങ്കിലും സ്റ്റാൻഡിലേക്കു പൊയ്ക്കോളാനാണ് ബസുകാർ പറയുന്നത്. ഇതുമായി  ബന്ധപ്പെട്ട ഉത്തരവു ലംഘിച്ചാണ് ബസ് ജീവനക്കാർ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത്. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ, ഞങ്ങൾക്കും ഭാര്യയും കുട്ടികളുമുണ്ടെന്നും വീട്ടിൽ പോകണമെന്നുമാണ് മറുപടി.

ഞാൻ ഇക്കഴിഞ്ഞ 2–ാം തീയതി കളമശേരിയിൽനിന്ന് രാത്രി 10നാണ് ബസിൽ കയറിയത്. ആ ബസിൽ ആലുവ  റെയിൽവേ സ്റ്റേഷനിലേക്കു പോകാൻ ആറു യാത്രക്കാരുണ്ടായിരുന്നു. ഞാനാണ് ആദ്യം കയറിയത്. പിന്നാലെ ആറു പേരും കയറി. റെയിൽവേ സ്റ്റേഷനിലേക്കു പോകുമോ എന്ന് അതിലൊരാൾ ചോദിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിലും റെയിൽവേ സ്റ്റേഷനിലും പോകില്ലെന്നായിരുന്നു മറുപടി. ഇതോടെ അവർ ആറു പേരും വഴിക്കിറങ്ങി. ഞാൻ ബസിൽത്തന്നെ ഇരുന്നു. ആലുവയിലേക്ക് ടിക്കറ്റ് ചോദിച്ചപ്പോൾ അവിടേക്ക് ടിക്കറ്റ് എടുക്കാൻ പറ്റില്ലെന്നു പറഞ്ഞു. ബസ് എസ്‌സിഎംഎസിന്റെ അടുത്തെത്തിയപ്പോൾ അവിടെയിറങ്ങാൻ കണ്ടക്ടർ ആവശ്യപ്പെട്ടു.

ഇറങ്ങിപ്പോകില്ലെന്നും എന്നെ ആലുവ സ്റ്റാൻഡിൽ എത്തിക്കണമെന്നും ഞാൻ പറഞ്ഞു. പുളിഞ്ചോട് ജംക്‌ഷൻ എത്തിയപ്പോഴും ഇറങ്ങാൻ ആവശ്യപ്പെട്ടു. ഞാൻ ഇറങ്ങിയില്ല. ബസിൽ 10–17 യാത്രക്കാരുണ്ടായിരുന്നു. അവരിൽ ചിലർ കണ്ടക്ടറിന്റെ ഭാഗം കൂടി. ഇപ്പോൾ ഇവരൊക്കെ കൂടെ കാണും, നിങ്ങൾക്കൊരു വിഷയം വന്നാൽ ഇവരാരും ഒപ്പമുണ്ടാകില്ലെന്ന് ഞാൻ കണ്ടക്ടറിനോടു പറയുകയും ചെയ്തു.

അങ്കമാലിയിലെത്തുമ്പോൾ എന്നെ സ്റ്റാൻഡിൽ ഇറക്കുമെന്നാണ് കണ്ടക്ടർ പറഞ്ഞത്. മാത്രമല്ല, കേട്ടാൽ അറയ്ക്കുന്ന അസഭ്യമാണ് അയാൾ എന്നെ വിളിച്ചത്. കണ്ടക്ടറും ഡ്രൈവറും പച്ചത്തെറി വിളിച്ചു. മറ്റു യാത്രക്കാർ കാര്യമായി മിണ്ടിയില്ല. ഇതൊരു പൊതു പ്രശ്നം ആയതുകൊണ്ടും ഒരു മനുഷ്യാവകാശ പ്രവർത്തകനെന്ന നിലയിലും സംസാരിക്കാതിരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.

ഞാൻ ബസിൽനിന്ന് ഇറങ്ങില്ലെന്ന് പറഞ്ഞപ്പോൾ അവർ ആ ബസിൽത്തന്നെ എന്നെ തിരികെ ആലുവയിൽ എത്തിച്ചു. ട്രിപ്പ് റദ്ദാക്കി ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരെ വേറെ ബസുകളിൽ കയറ്റിവിട്ടാണ് എന്നെ തിരികെ ആലുവ ബസ് സ്റ്റാൻഡിൽ എത്തിച്ചത്. ഞാൻ ആലുവ നഗരത്തിൽത്തന്നെയാണ് താമസിക്കുന്നത്. ബൈപ്പാസിൽ ഇറങ്ങിയാൽ ഞാൻ വീണ്ടും ഓട്ടോയ്ക്ക് 70 രൂപ കൊടുത്തുവേണം സ്റ്റാൻഡിലെത്താൻ. പുളിഞ്ചോട് ജംക്‌ഷനിൽ ആ സമയത്ത് ഇറങ്ങിയാൽ ഓട്ടോറിക്ഷ പോലും കിട്ടില്ല. ഈ സാഹചര്യത്തിലാണ് ഞാൻ പരാതി നൽകിയത്.

ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ അങ്കമാലി പൊലീസ് സ്റ്റേഷനിലും അങ്കമാലി കെഎസ്ആർടിസി ഡിപ്പോയിലും പരാതി നൽകിയിട്ടുണ്ട്. അങ്കമാലി സ്റ്റേഷനിൽ ഇവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.

ചില ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഉൾപ്പെടെ ആലുവയിൽ കയറാതെ പോകാറുണ്ട്. മാള ഭാഗത്തേക്കു പോകുന്ന ബസുകളൊക്കെ ചില ദിവസം സ്റ്റാൻഡിൽ കയറില്ല. മാളയ്ക്കു പോകാനായി ആലുവ സ്റ്റാൻഡിൽ നിൽക്കുന്ന യാത്രക്കാർ എന്തു ചെയ്യും?  ഈ സമയത്ത് കണ്ണൂർ, കാഞ്ഞങ്ങാട് ഭാഗത്തേക്കു പോകുന്ന പ്രൈവറ്റ് ബസുകളുണ്ട്. കെഎസ്ആർടിസിയിൽ കൊടുക്കുന്നതിന്റെ ഇരട്ടി കാശ് അവിടെ കൊടുക്കണം. അവർക്കായി നടത്തുന്ന ഒത്തുകളിയാണോ ഇതെന്നും സംശയമുണ്ട്. അത്യാവശ്യക്കാർ എങ്ങനെയായാലും ഈ പ്രൈവറ്റ് ബസുകളിൽ കയറുമല്ലോ. അവരുടെ വക ഒരു വീതം ഇവർക്കും കിട്ടുന്നുണ്ടെന്ന് സംശയിക്കുന്നു.

ആലുവയിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പൊളിച്ചിട്ടിട്ട് വർഷങ്ങളായി. ഇതുവരെ നന്നാക്കിയിട്ടില്ല. എൽഡിഎഫ് ഭരിക്കുന്നതുകൊണ്ട് അവരുടെ പ്രവർത്തകരും ആലുവ എംഎൽഎ യുഡിഎഫുകാരനായതുകൊണ്ട് അവരും മിണ്ടില്ല. എത്രയോ നാളായി ഈ സ്റ്റാൻഡ് ഒരു യുദ്ധക്കളം പോലെ കിടക്കുന്നു. സ്റ്റാൻഡ് നന്നാക്കുന്ന കാര്യത്തിലും ഇതുവരെ നടപടിയില്ല.

English Summary: Activist NA Ashraf Takes a Stand Against Injustice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com