നിയോ നാസിസത്തെ മറയ്ക്കാൻ പാശ്ചാത്യർ ജൂതനെ പ്രസിഡന്റാക്കി: പുട്ടിൻ
Mail This Article
മോസ്കോ∙ നാസിസത്തെ മറയ്ക്കുന്നതിനുവേണ്ടി പാശ്ചാത്യ ശക്തികൾ, യുക്രെയ്ൻ പ്രസിഡന്റായി നിയമിച്ചയാളാണ് ജൂതനായ വൊളോഡിമിർ സെലെൻസ്കിയെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ. ചൊവ്വാഴ്ച ടിവി അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. നിയോ നാസിസം പിന്തുടരുന്ന കീവിലെ നേതാക്കൻമാർ യുക്രെയ്നിലെ റഷ്യൻ വംശജരെ ഇല്ലാതാക്കുകയാണ്. ഇതിനെതിരെയാണ് യുക്രെയ്നിൽ പ്രത്യേക സൈനിക നടപടി ആരംഭിച്ചതെന്നും വിശദീകരിച്ചു.
‘‘പുതിയ യുക്രെയ്നിൽ പാശ്ചാത്യ ശക്തികൾ ജൂതനായ ആളെ പ്രസിഡന്റായി നിയമിച്ചു. മനുഷ്യത്വരഹിതമായ കാര്യങ്ങൾ മറയ്ക്കുന്നതിനായാണ് ഇങ്ങനെ ചെയ്തത്. പുതിയ സാഹചര്യങ്ങൾ വെറുപ്പുളവാക്കുന്നതാണ്. നാസിസത്തെ മറച്ചുപിടിക്കുന്നതിനാണ് ജൂതനായ ആളെത്തന്നെ പ്രസിഡന്റാക്കിയത്’’– പുട്ടിൻ പറഞ്ഞു.
എന്നാൽ പുട്ടിന്റെ പ്രസ്താവനക്കെതിരെ യുക്രെയ്ൻ പ്രസിഡന്റിന്റെ ഉപദേശകൻ മൈകലോ പൊഡൊലിയാക് രംഗത്തെത്തി. പുട്ടിൻ വെറുക്കപ്പെട്ടവനാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റൊരു രാജ്യത്തു നടത്തുന്ന വ്യാപക കുറ്റകൃതങ്ങൾ മറയ്ക്കാൻ ഭീമാകാരമായ നുണ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുട്ടിന്റെ ആരോപണങ്ങളെയെല്ലാം നേരത്തെ തന്നെ പാശ്ചാത്യ രാജ്യങ്ങൾ തള്ളിക്കളഞ്ഞതാണ്. യുക്രെയ്നിലെ ഭരണാധികാരികൾ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയതാണ്. സെലെൻസികിയുടെ മുത്തച്ഛനും മറ്റും നാസികളുടെ കൂട്ടക്കൊലയ്ക്ക് ഇരയായതാണെന്നും വ്യക്തമാക്കി.
English Summary: West installed Jew to rule Ukraine : Putin