ADVERTISEMENT

കൊൽക്കത്ത∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുവും ബംഗാളിലെ ബിജെപി മുൻ ഉപാധ്യക്ഷനുമായ ചന്ദ്രകുമാർ ബോസ് പാർട്ടി വിട്ടു. നേതാജിയുടെ ആശയങ്ങൾ പ്രചരിപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റാൻ ബിജെപിക്കു സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചന്ദ്രകുമാർ പാർട്ടി വിടുന്നത്. ഇതുമായി ബന്ധപ്പെട്ട് തന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള പരിശ്രമത്തിൽ യാതൊരു സഹായവും കേന്ദ്ര സർക്കാരിൽ നിന്നോ ബംഗാളിലെ ബിജെപി ഘടകത്തിൽനിന്നോ ലഭിച്ചില്ലെന്ന് ചന്ദ്രകുമാർ കുറ്റപ്പെടുത്തി. തന്റെ നിർദ്ദേശങ്ങളെല്ലാം തിരസ്കരിക്കപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു.

‘‘ഞാൻ ബിജെപിയിൽ ചേർന്നപ്പോൾ സുഭാഷ് ചന്ദ്രബോസിന്റെയും സഹോദരൻ ശരത് ചന്ദ്രബോസിന്റെയും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് എല്ലാ പിന്തുണയും നൽകാമെന്ന് പാർട്ടി വാഗ്ദാനം ചെയ്തിരുന്നു. ബിജെപിയുടെ ഭാഗമായി നിന്ന് രാജ്യം മുഴുവൻ അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാമെന്നാണ് അന്നും പിന്നീടും ഞാൻ വിചാരിച്ചത്. മതവും ജാതിയും വർഗവും നോക്കാതെ എല്ലാവരെയും ഭാരതീയർ എന്ന നിലയിൽ ഒരുമിപ്പിക്കുക എന്ന നേതാജിയുടെ ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ബിജെപിയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് ആസാദ് ഹിന്ദ് മോർച്ച രൂപീകരിക്കാനും തീരുമാനിച്ചിരുന്നു.’

‘‘രാജ്യത്തെ ഒരുമിപ്പിക്കുക എന്നത് അത്യന്താപേക്ഷിതമായ കാര്യമാണ്. എന്റെ ഈ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള പരിശ്രമത്തിൽ യാതൊരു സഹായവും കേന്ദ്ര സർക്കാരിൽ നിന്നോ ബംഗാളിലെ ബിജെപി ഘടകത്തിൽനിന്നോ ലഭിച്ചിട്ടില്ല. എന്റെ നിർദേശങ്ങളെല്ലാം തിരസ്കരിക്കപ്പെട്ടു’ – ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയ്ക്കു നൽകിയ രാജിക്കത്തിൽ ചന്ദ്രകുമാർ വ്യക്തമാക്കി.

2016ലാണ് ചന്ദ്രബോസ് ബിജെപിയിൽ ചേർന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ചന്ദ്രകുമാർ ബിജെപി ടിക്കറ്റിൽ മത്സരിച്ചിരുന്നു. പൗരത്വ നിയമം ഉൾപ്പെടെയുള്ള വിവിധ കാര്യങ്ങളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ചന്ദ്രബോസ് നിലപാടെടുത്തിരുന്നു. 2016ൽ ബംഗാൾ ബിജെപി വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബോസിനെ, 2020ലെ പുനഃസംഘടനയിൽ ആ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

English Summary: Netaji Subhas Chandra Bose's Grandnephew Resigns From BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com