ADVERTISEMENT

പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ഒരിക്കൽക്കൂടി ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസിന് തോൽവിയുടെ കയ്പുനീർ. വിജയത്തിന്റെ കോളത്തിൽ പേര് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന്റേതെങ്കിലും, ജെയ്ക്കിന്റെ തുടർച്ചയായ മൂന്നാം തോൽവിക്കു പിന്നിലും അദൃശ്യശക്തിയായി നിറയുന്നത് സാക്ഷാൽ ഉമ്മൻ ചാണ്ടി. അര നൂറ്റാണ്ടിലധികം കാലം മണ്ഡലത്തിനൊപ്പം നിന്ന പ്രിയ നേതാവിനോട് മരണശേഷവും പുതുപ്പള്ളിക്കാർ കൂറു കാട്ടിയതോടെ, മൂന്നാം തിരഞ്ഞെടുപ്പു പോരാട്ടത്തിലും ജെയ്ക്കിന് ജയമില്ല. ഉമ്മൻ ചാണ്ടിയോടുള്ള പുതുപ്പള്ളിക്കാരുടെ സ്നേഹവായ്പ് നേട്ടമാക്കിയ മകൻ ചാണ്ടി ഉമ്മന്, കന്നി തിരഞ്ഞെടുപ്പു പോരാട്ടത്തിൽ ചരിത്ര വിജയം. ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയ വികാരനിർഭരമായ അന്ത്യയാത്രയുടെ അലയൊലികൾ ഒരിക്കൽക്കൂടി പുതുപ്പള്ളിയിൽ ആഞ്ഞടിച്ചതോടെ, എൽഡിഎഫിന്റെ എല്ലാ തിരഞ്ഞെടുപ്പു തന്ത്രങ്ങളും ഉമ്മൻ ചാണ്ടി തരംഗത്തിൽ മുങ്ങി. ഈ തിരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പലകുറി ആവർത്തിച്ച പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്, ആ വാക്കുകൾ ഇനി വിഴുങ്ങാം. അധികം അകലെയല്ലാത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപേ സിപിഎമ്മിനെ വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കുന്നതു കൂടിയായി പുതുപ്പള്ളി ഫലം.

സകല സമ്മർദ്ദങ്ങളെയും അതിജീവിച്ച് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു പോരാട്ടത്തെ ഉമ്മൻ ചാണ്ടിയുടെ ഓർമകളിൽത്തന്നെ തളച്ചിടാനുള്ള യുഡിഎഫ് തന്ത്രം പൂർണ വിജയം കണ്ടപ്പോൾ, മണ്ഡലത്തിലെ വികസനം ചർച്ചയാക്കാനുള്ള എൽഡിഎഫ് തന്ത്രം പാടെ പാളി. പുതുപ്പള്ളി മണ്ഡലത്തിൽ കുടുംബാധിപത്യമെന്ന സിപിഎം പ്രചാരണം ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹത്താൽ പുതുപ്പള്ളിക്കാർ അവഗണിച്ചു. തുടർച്ചയായ രണ്ടു തിരഞ്ഞെടുപ്പു തോൽവികൾക്കു ശേഷം മൂന്നാം അങ്കത്തിനിറങ്ങിയ ജെയ്‌ക്കിനാകും പുതുപ്പള്ളിക്കാരുടെ സഹതാപ വോട്ടെന്ന എൽഡിഎഫ് പ്രതീക്ഷ അസ്ഥാനത്തായി. ഉമ്മൻ ചാണ്ടി 53 വർഷം പ്രതിനിധാനം ചെയ്ത മണ്ഡലത്തിൽ മകനെ സ്ഥാനാർഥിയാക്കിയത് കോൺഗ്രസ്സുകാർക്കു പോലും അനിഷ്ടത്തിനു കാരണമാകുമെന്ന പ്രതീക്ഷയും തെറ്റി. ആദ്യം വോട്ടെണ്ണിയ അയർക്കുന്നം പഞ്ചായത്തിൽനിന്നു മാത്രം ചാണ്ടി ഉമ്മൻ അയ്യായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിയതോടെ തന്നെ തിരഞ്ഞെടുപ്പു ചിത്രം വ്യക്തമായിരുന്നു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറച്ചതിന്റെ ആത്മവിശ്വാസത്തിൽ മത്സരത്തിനിറങ്ങിയ ജെയ്ക്, മണ്ഡലത്തിലെ റെക്കോർഡ് തോൽവിയുടെ ഭാരവുമാണ് തിരികെ കയറുന്നത്. പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ തോൽവിയുടെ കാരണം തിരഞ്ഞുള്ള അന്വേഷണം ഉമ്മൻ ചാണ്ടിയിൽത്തന്നെ എത്തുമെങ്കിലും, ആ തോൽവിയുടെ കടുപ്പം കൂട്ടിയ ഘടകങ്ങൾ ഒട്ടേറെ. ഉമ്മൻ ചാണ്ടിയുടെ വിയോഗവാർത്തയുടെ വേദന മാറും മുൻപേ ചികിത്സാവിവാദം ഉൾപ്പെടെ ഉയർത്തി സിപിഎം പ്രാദേശിക നേതൃത്വം കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ എതിർ പ്രചാരണങ്ങൾ മുതൽ, മകൾ ടി.വീണ ഉൾപ്പെട്ട സാമ്പത്തിക വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം വരെ ഇടതു തോൽവിയുടെ ആഘാതം കൂട്ടിയെന്നു വേണം കരുതാൻ. 

ldf-ktm
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ ജെയ്ക് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.

സംഘടനാശക്തിയും മുന്നണി വിപുലീകരണവും സ്ഥാനാർഥി ജെയ്ക് സി.തോമസിന്റെ ഊർജസ്വലതയും മുന്നേറ്റത്തിന് ഇന്ധനമാകുമെന്ന് സിപിഎം പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. എൽഡിഎഫ് പ്രചാരണത്തിൽ വീഴ്ച വന്നതായി മുന്നണിയിലെ സഖ്യകക്ഷിയായ സിപിഐ തന്നെ കുറ്റപ്പെടുത്തിയതും ഈ തോൽവിയോടു കൂട്ടിവായിക്കാം. സ്പീക്കർ എ.എൻ.ഷംസീർ കൊളുത്തിവിട്ട മിത്ത് വിവാദം, ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ ഉന്നമിട്ടുള്ള സൈബർ ആക്രമണം, സതിയമ്മയോടുള്ള സർക്കാർ ‘ചതി’, നടൻ ജയസൂര്യ ഉയർത്തിയ കൃഷിക്കാരുടെ പ്രതിസന്ധി, എ.സി.മൊയ്തീന്റെ വീട്ടിലെ ഇഡി റെയ്ഡ്, ഓണക്കിറ്റ് ഒരു വിഭാഗം ആൾക്കാർക്കു മാത്രമാക്കി ചുരുക്കിയത് എന്നിങ്ങനെ, ഇടതു സ്ഥാനാർഥിയുടെ തോൽവിയുടെ ആക്കം കൂട്ടിയ ഒട്ടേറെ ഘടകങ്ങളുണ്ട്.

∙ നറുക്ക് ജെയ്‌ക്കിന്

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് മുൻതൂക്കം നേടിയപ്പോൾ, സമയമെടുത്തായിരുന്നു എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം. സാധ്യതാ പട്ടികയിൽ ഒന്നാമനായിരുന്നെങ്കിലും, പല പേരുകൾക്കു ശേഷമാണ് ഒടുവിൽ നറുക്ക് ജെയ്ക്കിന് വീണത് എന്നതാണ് വാസ്തവം. ഉമ്മൻ ചാണ്ടിയോട് അടുപ്പമുണ്ടായിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവിനെ എൽഡിഎഫ് സ്ഥാനാർഥിയാക്കാൻ ആദ്യഘട്ടത്തിൽ ശ്രമം ഉണ്ടായിരുന്നെങ്കിലും സിപിഎം നേതൃത്വം ഇതു നിഷേധിച്ചിരുന്നു.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ  എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്യാൻ എത്തിയപ്പോൾ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിൽ വോട്ടു ചെയ്യാൻ എത്തിയപ്പോൾ

അപ്രതീക്ഷിത സ്ഥാനാർഥി വന്നേക്കുമെന്നു മണ്ഡലത്തിന്റെ ചുമതലയുള്ള വി.എൻ.വാസവനും പറഞ്ഞിരുന്നു. എന്നാൽ, തൃക്കാക്കര മോഡലിലുള്ള അത്തരം പരീക്ഷണങ്ങൾ രാഷ്ട്രീയമായ തിരിച്ചടിക്കു കാരണമായേക്കുമെന്ന വിലയിരുത്തലിലാണ് ജെയ്ക്കിനു തന്നെ ഒടുവിൽ നറുക്കു വീണത്.

∙ ഉമ്മൻ ചാണ്ടിയെ ‘തോണ്ടി’ തുടക്കം

മരണത്തിനു പിന്നാലെ കേരളം ഉമ്മൻ ചാണ്ടിക്കു നൽകിയ അത്യപൂർവമായ യാത്രാമൊഴിയുടെ അലകൾ അടങ്ങും മുൻപാണ് 26–ാം ദിവസം പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഉമ്മൻ ചാണ്ടിയോട് ജനം പ്രകടിപ്പിച്ച ആദരവിനൊപ്പം നിലകൊണ്ട സിപിഎമ്മിന്, അതിനു തൊട്ടുപിന്നാലെ നടന്ന തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോട് എപ്രകാരം പ്രതികരിക്കണമെന്ന കാര്യത്തിൽ സ്വാഭാവികമായും ആശയക്കുഴപ്പമുണ്ടായി. ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്തരുതെന്ന കോൺഗ്രസ് നേതാക്കളുടെ നിർദ്ദേശം സിപിഎം ആദ്യം തന്നെ തള്ളിയിരുന്നു. ഉമ്മൻ ചാണ്ടിയെക്കുറിച്ച് കേരളം ഒന്നടങ്കം നല്ലതു പറയുന്ന ഘട്ടത്തിൽ അദ്ദേഹത്തിന്റെ മകനെതിരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങേണ്ടി വരുന്നതിന്റെ ആശയക്കുഴപ്പമായിരുന്നു സിപിഎമ്മിന്.

അതേസമയം, രാഷ്ട്രീയ മത്സരം ആകുമ്പോൾ ആ ഓർമകളെ കുത്തിനോവിക്കാനും മടിക്കില്ലെന്ന സൂചനകൾ കോട്ടയത്തെ ചില സിപിഎം നേതാക്കളുടെ പ്രവൃത്തികളിലുണ്ടായി. ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് കെ.അനിൽകുമാർ ഉയർത്തിയ ആരോപണങ്ങൾ ഈ ഘട്ടത്തിലായിരുന്നു. ഉമ്മൻ ചാണ്ടിയെ ഉന്നമിടുന്നത് തിരിച്ചടിക്കുമെന്നു വന്നതോടെ, അനിൽകുമാറിന്റെ പ്രസ്താവനകൾ തങ്ങളുടെ അറിവോടെയും അനുമതിയോടെയും അല്ലെന്ന് സിപിഎം നേതൃത്വം തള്ളി. 

chandy-oommen-5
ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ.

ഉമ്മൻ ചാണ്ടിയെയോ കുടുംബത്തെയോ ആക്ഷേപിക്കുന്ന പ്രചാരണത്തിനില്ലെന്നും പിതാവിന് അർഹമായ ബഹുമാനം കൊടുത്തുതന്നെ ചാണ്ടി ഉമ്മനെ നേരിടുമെന്നുമുള്ള നിലപാടും സിപിഎം ഉന്നത നേതാക്കൾ കൈക്കൊണ്ടു. എന്നിട്ടും സിപിഎമ്മിലെ ഒരു വിഭാഗം ഉമ്മൻ ചാണ്ടിയുടെ ചികിത്സാ വിവാദം സജീവമാക്കി നിലനിർത്താൻ ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിച്ചു. വോട്ടെടുപ്പു ദിനം വരെ അതു തുടർന്നുവെന്നതും ശ്രദ്ധേയം. ഇടുക്കിയിൽനിന്ന് പ്രചാരണത്തിനെത്തിയ മുൻ മന്ത്രി എം.എം.മണി ഇതുമായി ബന്ധപ്പെട്ട് നടത്തിയ ചില കടുത്ത പരാമർശങ്ങൾ വിവാദമാകുകയും ചെയ്തു. ഉമ്മൻ ചാണ്ടി മരിക്കാനായി കോൺഗ്രസ് നേതൃത്വം കാത്തിരുന്നുവെന്നു പോലും മണി പ്രസംഗിച്ചു. എല്ലാം പുതുപ്പള്ളിക്കാരെ വേദനിപ്പിച്ചെന്ന് ‘ഫല’ത്തിൽ വ്യക്തം.

∙ ആദ്യം മിത്ത്, പിന്നെ ‘മുത്ത്’

സ്പീക്കർ എ.എൻ.ഷംസീർ കൊളുത്തിവിട്ട മിത്ത് വിവാദം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയം. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ വിവാദത്തിൽ കക്ഷി ചേരുക കൂടി ചെയ്തതോടെ എൻഎസ്എസ് ഉൾപ്പെടെയുള്ളവർ സമദൂരം വീട്ട് ‘സാമാന്യം നല്ല ദൂര’ത്തേക്കു മാറി. നാമജപ ഘോഷയാത്ര നടത്തി പ്രതിഷേധിക്കാനുള്ള നീക്കം കേസിൽ കലാശിച്ചതോടെ എൻഎസ്എസിന്റെ എതിർപ്പു ശക്തമായി; ദൂരം വീണ്ടും കൂടി.

എ.എൻ.ഷംസീർ. ചിത്രം∙മനോരമ
എ.എൻ.ഷംസീർ. ചിത്രം∙മനോരമ

പുതുപ്പള്ളിയിൽ സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ജെയ്ക്കിന്റെ ആദ്യ നീക്കങ്ങളിലൊന്ന് ഈ അകലം കുറയ്ക്കാനായിരുന്നു. മന്ത്രി വി.എൻ.വാസവനൊപ്പം ജെയ്ക് പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ കണ്ട് ചർച്ച നടത്തി. ഇതോടെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും എൻഎസ്എസ് സമദൂര നിലപാട് തുടരുമെന്ന് സുകുമാരന‍് നായർ വ്യക്തമാക്കി. എൻഎസ്എസ് ഉൾ‌പ്പെടെ ആരുമായും സിപിഎമ്മിനു പ്രശ്നമില്ലെന്നും ആരേയും ശത്രുപക്ഷത്തു നിർത്താറില്ലെന്നും പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും രംഗം തണുപ്പിച്ചു. പക്ഷേ, ഒന്നും ഫലം കണ്ടില്ല.

∙ സൈബറിടത്തിലെ ‘പ്രതി, ഇര’

ഒരിക്കൽക്കൂടി തിരഞ്ഞെടുപ്പു പോരാട്ടത്തിനു വീര്യം പകർന്ന് സൈബറിടത്തെ തോന്ന്യാസങ്ങൾ പുതുപ്പള്ളിയിലും ചർച്ചയായി. ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരായ സൈബർ ആക്രമണമാണ് ആദ്യം ചർച്ചയായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരായ സാമ്പത്തിക ക്രമക്കേട് എടുത്തുകാട്ടിയുള്ള യുഡിഎഫിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് അച്ചു ഉമ്മനെ മറയാക്കാനായിരുന്നു ശ്രമം. അത്ര കണ്ട് വിജയിച്ചില്ലെന്നു മാത്രം. മുഖമില്ലാത്തവർക്കെതിരെ കേസില്ലെന്ന് ആദ്യം നിലപാടെടുത്തെങ്കിലും, പിന്നീട് അച്ചു ഉമ്മൻ നൽകിയ പരാതിയിൽ പ്രതിയായത് ഇടതു സംഘടനാ നേതാവ്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാന നിമിഷം വരെ സജീവമായി തുടരുകയും ചെയ്തു.

അച്ചു ഉമ്മനും ഭർത്താവ് ലീജോ ഫിലിപ്പും (അച്ചു ഉമ്മൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം)
അച്ചു ഉമ്മനും ഭർത്താവ് ലീജോ ഫിലിപ്പും (അച്ചു ഉമ്മൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം)

അനാവശ്യമായി ഉയർന്ന ആരോപണങ്ങളിൽ താനോ മരിച്ചുപോയ പിതാവിന്റെ ആത്മാവോ മാപ്പു കൊടുത്താലും പുതുപ്പള്ളി മാപ്പു നൽകില്ലെന്ന പ്രസ്താവനയുമായി അച്ചു ഉമ്മൻ അതിനെ രാഷ്ട്രീയ ആയുധമാക്കുന്നതും കണ്ടു. ആദ്യ ഘട്ടത്തിൽ സൈബർ ആക്രമണത്തിൽ ‘പ്രതി സ്ഥാനത്താ’യിരുന്നു സിപിഎം എങ്കിൽ, അവസാന ഘട്ടത്തിൽ അവരുടെ ഭാഗത്തുനിന്ന് ‘ഇരവാദ’വും കണ്ടു. ഇടതു സ്ഥാനാർഥി ജെയ്ക്കിന്റെ ഭാര്യ ഗീതു തോമസാണ് സൈബർ ആക്രമണത്തിനെതിരെ രംഗത്തെത്തിയത്. ഗർഭിണിയായ തനിക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ ഗീതു പരാതിയുമായി രംഗത്തെത്തി. വീണുകിട്ടിയ അവസരം യുഡിഎഫിനെതിരെ സിപിഎം പ്രചാരണായുധമാക്കുകയും ചെയ്തു. ഒന്നും ഫലിച്ചില്ലെന്ന് ‘ഫല’ത്തിൽ വ്യക്തം.

∙ സതിയമ്മയോടുള്ള ‘ചതി’

ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞതിനു മൃഗാശുപത്രി ജീവനക്കാരി പി.ഒ.സതിയമ്മയെ പിരിച്ചുവിട്ടതും വലിയ ചർച്ചയായി. സതിയമ്മയ്ക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ എത്തിയതോടെ വിവാദം മൂർച്ഛിച്ചു. ഉമ്മൻ ചാണ്ടിയെപ്പറ്റി നല്ലതു പറഞ്ഞതിന് പാവപ്പെട്ട തൊഴിലാളി സ്ത്രീയുടെ ജോലി കളഞ്ഞവരെന്ന ചീത്തപ്പേര് പുതുപ്പള്ളിയിൽ ഉണ്ടാക്കാനിടയുള്ള ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാൻമാരായിരുന്ന സിപിഎം ഉടനടി ‘രക്ഷാപ്രവർത്തനം’ ആരംഭിച്ചു.  മറ്റൊരാളുടെ ജോലി തട്ടിയെടുത്തയാളെന്ന ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം സതിയമ്മയ്‌ക്കെതിരെ രംഗത്തെത്തി. ലേബൽ സതിയമ്മയുടെ മേൽ ചാർത്താനായിരുന്നു അവരുടെ ശ്രമം. ഇതുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം മാധ്യമങ്ങൾക്കു മുന്നിലെത്തുകയും ചെയ്തു. 

പി.ഒ.സതിയമ്മ
പി.ഒ.സതിയമ്മ

സതിയമ്മയെ ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അഖില കേരള വിശ്വകർമ മഹാസഭ രംഗത്തെത്തി. കോൺഗ്രസ് നേതാവു കൂടിയായ പള്ളിക്കത്തോട് അഞ്ചാനി സിനിമാസ് ഉടമ ജിജി അഞ്ചാനി സതിയമ്മയ്ക്കു ജോലി വാഗ്ദാനം ചെയ്തു. ഇവർക്കു ജോലി കിട്ടുംവരെ എല്ലാ മാസവും 8000 രൂപ നൽകാൻ സൗദിയിലുള്ള മലയാളി വ്യവസായി സൗകര്യമൊരുക്കി. പുതുപ്പള്ളിയിലെ പ്രചാരണത്തിന്റെ ഏതാനും ദിവസങ്ങൾ സതിയമ്മ കവർന്നുവെന്നു തന്നെ പറയാം. സതിയമ്മ വിവാദം സിപിഎമ്മിനെ തിരിച്ചടിച്ചെന്ന് ‘ഫല’ത്തിൽ വ്യക്തം.

∙ മാസപ്പടിയും മിണ്ടാത്ത മുഖ്യമന്ത്രിയും

മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി.വീണയ്ക്കും എതിരെ ഉയർന്ന ആരോപണങ്ങളും ഇതേ കാലയളവിൽ വലിയ ചർച്ചയായി. മുഖ്യമന്ത്രിയുടെ മകൾ സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി വാങ്ങിയെന്ന ഗുരുതര ആരോപണം ഉയർന്നിട്ടും മുഖ്യമന്ത്രിയോ വീണയോ പ്രതികരിക്കാതിരുന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും പലകുറി വിശദീകരണം നൽകിയെങ്കിലും പ്രതിപക്ഷം തൃപ്തിപ്പെട്ടില്ല. സിപിഎമ്മിനെതിരായ എല്ലാ ആരോപണങ്ങൾക്കും പ്രതിരോധം തീർക്കുന്ന, വീണയുടെ ഭർത്താവു കൂടിയായ മന്ത്രി മുഹമ്മദ് റിയാസും ഇത്തവണ ചോദ്യങ്ങൾ ഒഴിവാക്കാൻ തത്രപ്പെടുന്നത് വ്യക്തമായിരുന്നു.

ടി.വീണ, മാത്യു കുഴൽനാടൻ
ടി.വീണ, മാത്യു കുഴൽനാടൻ

മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ നടത്തിയ കടന്നാക്രമണം പലപ്പോഴും സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ മാധ്യമങ്ങൾക്കു മുന്നിലെത്താതെ മാറി നടക്കുമ്പോഴും, തനിക്കെതിരായ വിമർശനങ്ങൾക്ക് എണ്ണിയെണ്ണി മറുപടി പറയുന്ന കുഴൽനാടൻ ശൈലി ശ്രദ്ധിക്കപ്പെട്ടു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനന്റെ ആരോപണങ്ങൾക്കു മറുപടിയായി മാത്യു കുഴൽനാടൻ എംഎൽഎ പങ്കാളിയായ കെഎംഎൻപി ലോ എന്ന നിയമ സ്ഥാപനം 2.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടിസ് അയച്ചതും വാർത്താ പ്രാധാന്യം നേടി.

∙ പാളിയ ‘തൃക്കാക്കരപ്പാഠം’

സെഞ്ചറി തികയ്ക്കാൻ ക്യാപ്റ്റനിറങ്ങുന്നു എന്നായിരുന്നു തൃക്കാക്കരയിൽ ഉയർന്നു കേട്ട എൽഡിഎഫ് മുദ്രാവാക്യം. പക്ഷേ തൃക്കാക്കരയിൽ 100 തികയ്ക്കാനായില്ല. അതുകൊണ്ടുതന്നെ പുതുപ്പള്ളിയിൽ സെഞ്ചറിക്കാര്യം മിണ്ടിയില്ല. തൃക്കാക്കരയിൽ ഒരാഴ്ചയോളം ക്യാംപ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രവർത്തനങ്ങൾ ഫലം കാണാത്ത സാഹചര്യത്തിൽ, പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ പ്രചാരണം മൂന്നു ദിവസമാക്കി. മന്ത്രിമാരെയും എംഎൽഎമാരെയും അടക്കം ഇറക്കി മണ്ഡലം ഇളക്കി മറിച്ച പ്രചാരണം തൃക്കാക്കരയിൽതന്നെ ഉപേക്ഷിച്ചു. പുതുപ്പള്ളിയിൽ നാട്ടുകാരുടെ പ്രചാരണം മതിയെന്നായിരുന്നു നിലപാട്. പ്രചാരണച്ചുമതല നാട്ടുകാരനായ മന്ത്രി വി.എൻ. വാസവനു നൽകി. എന്നിട്ടും ഫലമുണ്ടായില്ലെന്ന് വ്യക്തം.

∙ സച്ചിദാനന്ദന്റെ ‘പ്രാർഥന’

സിപിഎം ഒരിക്കൽക്കൂടി അധികാരത്തിലെത്താതിരിക്കാൻ പ്രാർഥിക്കണമെന്ന ഇടതു സഹയാത്രികനായ സാഹിത്യകാരൻ കെ.സച്ചിദാനന്ദന്റെ പ്രസ്താവനയും പ്രചാരണ കാലത്തായിരുന്നു. രണ്ടുതവണ ഭരണം കിട്ടുന്നതു പ്രസ്ഥാനത്തിന് അഹങ്കാരം നൽകുമെന്നും മൂന്നുതവണ കിട്ടുന്നതു പ്രസ്ഥാനത്തെ നശിപ്പിക്കുമെന്നും കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൂടിയായ സച്ചിദാനന്ദൻ പറഞ്ഞു. അടുത്ത തവണ അധികാരത്തിൽ വരാതിരിക്കാൻ പ്രാർഥിക്കണമെന്നാണു താൻ സുഹൃത്തുക്കളായ സഖാക്കളോടു പറയാറുള്ളതെന്നും വന്നാൽ അതു പ്രസ്ഥാനത്തിന്റെ അവസാനമായിരിക്കുമെന്നും അദ്ദേഹം മാധ്യമ അഭിമുഖത്തിൽ പറഞ്ഞു. തന്റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തെന്നു പറഞ്ഞ് പിറ്റേന്ന് അദ്ദേഹം കൈകഴുകാൻ ശ്രമിച്ചെങ്കിലും, പ്രസ്താവന വലിയ തോതിൽ ചർച്ചയായി.

∙ കുന്നംകുളത്തെ ഇഡി റെയ്ഡ്

കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുൻ മന്ത്രി കൂടിയായ സിപിഎം നേതാവ് എ.സി.മൊയ്തീന്റെ വീട്ടിൽ റെയ്ഡ് നടത്തിയതും പ്രചാരണ കാലത്തായിരുന്നു. 22 മണിക്കൂറിലധികം നീണ്ടുനിന്ന റെയ്ഡിനു ശേഷം ഓഗസ്റ്റ് 31ന് ഇഡി ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് നൽകി. മൊയ്തീൻ അസൗകര്യം പറഞ്ഞ് ഒഴിഞ്ഞതോടെ സെപ്റ്റംബർ നാലിന്, പുതുപ്പള്ളിയിലെ വോട്ടെടുപ്പിന്റെ തലേന്ന് വരാൻ നോട്ടിസ് നൽകി. ഇതിനിടെ മൊയ്തീന്റെ ബെനാമിയെന്നു സംശയിക്കുന്ന സതീഷ് കുമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതോടെ സിപിഎം പ്രതിരോധത്തിലായി.

∙ കർഷകർക്കായി ജയസൂര്യ

മന്ത്രിമാർ ഇരുന്ന വേദിയിൽ ചലച്ചിത്ര താരം ജയസൂര്യ നെൽക്കർഷകർക്കായി നടത്തിയ പ്രസംഗത്തിന്റെ അലയൊലികളും പുതുപ്പള്ളിയിൽ പ്രതിധ്വനിച്ചെന്നു വേണം കരുതാൻ. നെൽക്കർഷകരിൽനിന്ന് നെല്ലു സംഭരിക്കുന്ന സപ്ലൈകോ അവർക്ക് പണം നൽകുന്നില്ലെന്ന കാര്യം ജയസൂര്യയുടെ പ്രസംഗത്തോടെ പൊതുസമൂഹത്തിനു മുന്നിലെത്തി. തിരുവോണ നാളിൽപ്പോലും കർഷകർ പട്ടിണ സമരം നടത്തുന്ന ദാരുണചിത്രവും തുറന്നു കാട്ടപ്പെട്ടു.

നടൻ ജയസൂര്യ പ്രസംഗിക്കുന്നു. മന്ത്രിമാരായ പി.പ്രസാദ്, പി.രാജീവ് എന്നിവരും വേദിയിൽ (വിഡിയോ ദൃശ്യം)
നടൻ ജയസൂര്യ പ്രസംഗിക്കുന്നു. മന്ത്രിമാരായ പി.പ്രസാദ്, പി.രാജീവ് എന്നിവരും വേദിയിൽ (വിഡിയോ ദൃശ്യം)

ഇതിന്റെ ചുവടുപിടിച്ച് ഇടതു സർക്കാർ അധികാരത്തിലെത്തും മുൻപ് റബർ കർഷകർക്കു വാഗ്ദാനം ചെയ്ത 250 രൂപ താങ്ങുവില ചർച്ചയാക്കാനും ശ്രമം നടന്നു. റബറിന്റെ വിലയിടിവിൽ ഉള്ളുപൊള്ളി നിൽക്കുന്ന പുതുപ്പള്ളിയിലെ കർഷകരെക്കൂടി ഉന്നമിട്ടായിരുന്നു റബർ വില ചർച്ച. വികസനത്തെക്കുറിച്ചു പറയുന്ന മുഖ്യമന്ത്രി അവരുടെ പ്രകടന പത്രികയിൽ പറഞ്ഞ പോലെ റബറിനു താങ്ങുവില 250 രൂപയാക്കിയോയെന്ന ചോദ്യം പുതുപ്പള്ളിയിൽ ഉയർത്തിയത് സാക്ഷാൽ എ.കെ.ആന്റണി.

∙ കിറ്റില്ല, ഹെലികോപ്റ്ററുണ്ട്!

എല്ലാവർക്കും കിറ്റു നൽകി തുടർ ഭരണം സാധ്യമാക്കിയ പിണറായി വിജയൻ സർക്കാർ, ഇത്തവണ ഓണത്തിന് എല്ലാവർക്കും കിറ്റില്ലെന്ന് പ്രഖ്യാപിച്ചതും പുതുപ്പള്ളിയിലെ പ്രചാരണ കാലത്താണ്. കിറ്റ് റേഷൻ കാർഡ് ഉടമകളിലെ ഒരു വിഭാഗത്തിനു മാത്രമായി ചുരുക്കിയത് സർക്കാരിന്റെ സാമ്പത്തികാവസ്ഥ ചൂണ്ടിക്കാട്ടിയാണ്. ഇതിനിടെ, എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ളവർക്ക് ഓണക്കിറ്റ് നൽകാനുള്ള സർക്കാർ നീക്കവും വാർത്തകളിൽ ഇടംപിടിച്ചു. അപകടം മണത്ത യുഡിഎഫ് ജനപ്രതിനിധികൾ കിറ്റ് നിരസിച്ചു. സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പറയുമ്പോഴും മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി 80 ലക്ഷം രൂപ പ്രതിമാസ വാടകയിൽ ഹെലികോപ്റ്റർ വാങ്ങാനുള്ള നീക്കവും ചർച്ചയായി; സ്വാഭാവികമായും വിവാദവും.

∙ ഹൈക്കോടതിയുടെ ‘അടി’

ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന സിപിഎം ഓഫിസ് നിർമാണങ്ങൾക്കെതിരെ ഹൈക്കോടതി ഉത്തരവു വന്നിട്ടും സിപിഎം നിർമാണം തുടർന്ന് വിവാദത്തിൽ ചാടിയതും ഇക്കാലളവിൽ കണ്ടു. മാത്യു കുഴൽനാടൻ എംഎൽഎ സ്ഥലം കയ്യേറി അനധികൃത നിർമാണം നടത്തിയെന്ന ആരോപണം ഉന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് സിപിഎം ഓഫിസ് നിർമാണങ്ങൾക്കെതിരെ ഹൈക്കോടതി ഉത്തരവ് വന്നത്. പുതുപ്പള്ളി വോട്ടെടുപ്പിനു മുൻപ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ മറ്റൊരു സംഭവമായി ഇത്.

∙ വാൽക്കഷ്ണം

കേരളത്തെ ഒന്നടങ്കം നൊമ്പരപ്പെടുത്തിയ ഉമ്മൻ ചാണ്ടിയുടെ മരണശേഷം 21–ാം ദിവസം പ്രഖ്യാപിക്കപ്പെട്ട ഉപതിരഞ്ഞെടുപ്പ്. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ സജീവമായി നിൽക്കെ വിയോഗത്തിന്റെ 48–ാം ദിവസം നടന്ന വോട്ടെടുപ്പ്. പുതുപ്പള്ളിക്കാർക്കിടയിൽ അദ്ദേഹത്തിന്റെ അദൃശ്യ സാന്നിധ്യം ഊട്ടിയുറപ്പിച്ച് 51–ാം ദിവസം മകൻ ചാണ്ടി ഉമ്മനെ കൂറ്റൻ വിജയത്തോടെ രാഷ്ട്രീയ പിൻഗാമിയായി അവരോധിച്ച ഫലപ്രഖ്യാപനം. ഇടതുപക്ഷം പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ നിർത്തരുത് എന്നുപോലും കോൺഗ്രസ് നേതാക്കളെക്കൊണ്ട് പറയിച്ച ആത്മവിശ്വാസത്തിന്റെ മൂർധന്യത്തിലാണ് ഈ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടത്. അവിടെനിന്ന് ‘കടുത്ത പോരാട്ടം’ എന്നുപോലും വിലയിരുത്തുന്ന തലത്തിലേക്ക് പോരാട്ടത്തെ എത്തിച്ചത് ഇടതുപക്ഷത്തിന്റെ മിടുക്കാണെന്നു പറയാതെ വയ്യ. പുതുപ്പള്ളിയിൽ പുറത്തെടുത്ത തന്ത്രങ്ങളെല്ലാം ഉമ്മൻ ചാണ്ടിയുടെ അദൃശ്യ കരുത്തിനു മുന്നിൽ വീണു തകർന്നെങ്കിലും ആ പോരാട്ടവീര്യത്തിനു കയ്യടിച്ചേ തീരൂ. ‌

അപ്പോഴും, ഈ തിരഞ്ഞെടുപ്പു ഫലം സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് ആവർത്തിച്ചു പ്രഖ്യാപിക്കാനുള്ള ചങ്കൂറ്റം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് എവിടെനിന്നു കിട്ടിയെന്ന ചോദ്യം ബാക്കിയാകുന്നു. സമൂഹമാധ്യമത്തിലെ ചർച്ചകളും ജനമനസ്സും തമ്മിലുള്ള അകലം എത്രയാണെന്ന് ഈ ഫലം സിപിഎമ്മിനെ ഓർമിപ്പിക്കുന്നുണ്ട്. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയേക്കാൾ കരുത്തനാണ് മരിച്ച ഉമ്മൻ ചാണ്ടിയെന്ന പറഞ്ഞുപഴകിയ വാചകം കൂടുതൽ പ്രസക്തമാകുകയും ചെയ്യുന്നു.

English Summary: Analysis Of LDF's Huge Defeat In Puthuppally Bypoll

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com