ADVERTISEMENT

കോഴിക്കോട്∙ എൽഡിഎഫിലെ അവഗണനയ്ക്കെതിരെ ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) സംസ്ഥാന കൗൺസിൽ യോഗത്തിൽ കടുത്ത വിമർശനം. കോഴിക്കോട് ലോക് സഭാ സീറ്റ് ചോദിച്ചു വാങ്ങണമെന്നും അഭിപ്രായമുയർന്നു. പാർട്ടിക്ക് അർഹതപ്പെട്ട മന്ത്രി സ്ഥാനം നൽകാൻ എൽഡിഎഫ് തയാറായിട്ടില്ലെന്നതാണ് പ്രധാന വിമർശനങ്ങളിലൊന്ന്. 

ഇക്കാര്യം എൽ ഡി എഫിനോട് ആവശ്യപ്പെടും. കാലിക്കറ്റ് സർവകലാശാലയിൽ പാർട്ടിക്ക് അർഹപ്പെട്ട സ്ഥാനങ്ങൾ നൽകിയിട്ടിലെന്നും വിമർശനം ഉയർന്നതായി ചില സംസ്ഥാന നേതാക്കൾ പറഞ്ഞു. എൽജെഡിക്ക് രാജ്യസഭാ എംപി സ്ഥാനം നൽകിയാൽ പോര. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സീറ്റ് പാർട്ടിക്ക് വേണമെന്നും നേതാക്കൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.

∙ ആർജെഡിയിൽ ലയിക്കാൻ തീരുമാനം

കോഴിക്കോട്‌∙ ലോക്‌ താന്ത്രിക്‌ ജനതാദൾ (എൽജെഡി) രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) ലയിക്കാൻ കോഴിക്കോട്‌ ചേർന്ന എൽജെഡി സംസ്ഥാന കൗൺസിൽ തീരുമാനിച്ചു. കേന്ദ്ര സർക്കാർ തുടർന്നു വരുന്ന ജനാധിപത്യവിരുദ്ധവും മതേതരത്വവിരുദ്ധവുമായ നിലപാടുകൾ രാജ്യത്തിന്റെ ഐക്യവും ഭരണഘടനാമൂല്യങ്ങളും തകർത്തിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. 

രാജ്യത്തെ വർഗീയമായി തരംതിരിച്ച്‌ ജനങ്ങളെ ഭിന്നിപ്പിച്ച്‌ മുന്നോട്ട്‌ പോകുന്ന മോദി സർക്കാരിന്റെ നിലപാടിന്‌ ശക്തമായ ചെറുത്തുനിൽപ്പ്‌ നടത്തുന്ന പാർട്ടിയാണ് ആർജെഡി. ദേശീയ രാഷ്ട്രീയത്തിൽ വർഗീയതയോട്‌ ഒരിക്കൽപോലും സന്ധി ചെയ്യാത്ത രാഷ്ട്രീയ പ്രസ്ഥാനമാണ്‌. വിശാല പ്രതിപക്ഷ ഐക്യനിരയായ ‘ഇന്ത്യ’യുടെ രൂപീകരണത്തിന്‌ നേതൃത്വപരമായ പങ്കുവഹിച്ച രാഷ്ട്രീയ ജനതാദളിന്‌ ദേശീയ രാഷ്‌ട്രീയത്തിലുള്ള പ്രാധാന്യം കണക്കിലെടുത്താണ്‌ ആർജെഡിയിൽ ലയിക്കാനുള്ള തീരുമാനമെടുത്തത്‌. 

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ജനവിധിയെ അംഗീകരിക്കുന്നു. എൽഡിഎഫിനുണ്ടായ പരാജയം വിലയിരുത്തി ആവശ്യമായ തിരുത്തലുകൾ വരുത്തും. പാർട്ടിക്ക്‌ അർഹതപ്പെട്ട മന്ത്രിസ്ഥാനം ലഭ്യമാക്കാൻ എൽഡിഎഫിനോട്‌ ആവശ്യപ്പെടാൻ കൗൺസിൽ തീരുമാനിച്ചു.

എൽജെഡി സംസ്ഥാന പ്രസിഡന്റ്‌ എം.വി.ശ്രേയാംസ്‌കുമാർ അധ്യക്ഷനായിരുന്നു. എം.കെ. പ്രേംനാഥ്‌, ചാരുപാറ രവി, വി. കുഞ്ഞാലി, സണ്ണി തോമസ്‌, എം.കെ. ഭാസ്കരൻ, ഇ.പി. ദാമോദരൻ, കെ.ജെ. സോഹൻ, കെ.പി. ചന്ദ്രൻ, വി.കെ. കുഞ്ഞിരാമൻ, സലീം മടവൂർ, എൻ.കെ. വൽസൻ, മനയത്ത്‌ ചന്ദ്രൻ, കെ.കെ. ഹംസ, യൂജിൻ മൊറേലി, സബാഹ്‌ പുൽപ്പറ്റ, എൻ.എം നായർ, ജയിസൺ പാനിക്കുളങ്ങര, കായിക്കര നജീബ്‌, എം.വി. ബാലകൃഷ്ണൻ,  പി. കിഷൻചന്ദ്‌, പി.കെ. പ്രവീൺ, തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന കൗൺസിൽ യോഗത്തിലെ തീരുമാനം 25നകം ജില്ലാക്കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്യും. അടുത്തമാസം ലയനസമ്മേളനം നടത്താനാണ് ശ്രമം.

English Summary: Criticism against LDF in LJD's State Council Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com