ADVERTISEMENT

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്നുണ്ടായ ‘അതിവേഗ’ ഉപതിരഞ്ഞെടുപ്പ് പരിസമാപ്തിയിലെത്തുമ്പോഴും ന്യായീകരണങ്ങൾക്കും ആരോപണങ്ങൾക്കും കുറവില്ല. സഹതാപ തരംഗമാണ് പുതുപ്പള്ളി തിരഞ്ഞെടുപ്പു ഫലത്തിനു പിന്നിലെന്നാണ് ഭരണപക്ഷ നേതാക്കളുടെ വിലയിരുത്തൽ. അതേസമയം സർക്കാർ വിരുദ്ധ വികാരമാണ് അലയടിച്ചതെന്ന് യുഡിഎഫ് നേതാക്കൾ അഭിപ്രായപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബിൻ വർക്കി കോടിയാട്ട് മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖം.

∙ ഉമ്മൻ ചാണ്ടി അന്തരിച്ച് ദിവസങ്ങൾക്കുള്ളിൽ പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് കോൺ‌ഗ്രസ് – ബിജെപി ധാരണയുടെ ഭാഗമാണെന്നാണ് മന്ത്രി വി.എൻ.വാസവനും ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന ജെയ്ക് സി. തോമസും ആരോപിച്ചത്.

ഉമ്മൻ ചാണ്ടി അന്തരിച്ചതിന്റെ അടുത്ത ദിവസമാണ് ത്രിപുരയിലെ ബോക്സാനഗർ മണ്ഡലത്തിലെ സിപിഎം എംഎൽഎ ശംസുൽ ഹഖ് അന്തരിച്ചത്. അവിടെയും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് നടന്ന അതേ ദിവസം തന്നെയാണ് ഉപതിരഞ്ഞെടുപ്പു നടന്നത്. അപ്പോൾ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണപ്രകാരമാണോ ബോക്സാനഗർ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഇത്രവേഗം പ്രഖ്യാപിച്ചത്? റെക്കോർഡ് ഭൂരിപക്ഷമാണ് പുതുപ്പള്ളിയിലെ ജനം യുഡിഎഫിന് നൽകിയത്. കനത്ത തോൽവി ഏറ്റുവാങ്ങിയപ്പോൾ എന്തെങ്കിലും പറഞ്ഞു തടിതപ്പാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിപിഎമ്മിന്റെ ഈ ആരോപണങ്ങൾ. സിപിഎമ്മും ബിജെപിയുമായുള്ള ബന്ധത്തെക്കുറിച്ച് കേരളത്തിലെ ജനത്തിനു നന്നായി അറിയാം. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എസ്എൻസി ലാവ്‍ലിൻ കേസ് 34 തവണ മാറ്റിവച്ചതും മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടുണ്ടായ നിരവധി അഴിമതി ആരോപണങ്ങളിൽ കേന്ദ്ര സർക്കാരിന്റെ മെല്ലപ്പോക്കും ഏറ്റവും ഒടുവിലായി മുഖ്യമന്ത്രിയുടെ മകൾ വീണയുമായി ബന്ധപ്പെട്ട് ആദായനികുതി തർക്കപരിഹാര ബോർഡിന്റെ റിപ്പോർട്ട് വന്നിട്ട് അതിന്മേൽ കേന്ദ്ര സർക്കാരിന്റെ മൗനവുമെല്ലാം സിപിഎം –ബിജെപി ധാരണ മൂലമാണെന്ന് കേരളത്തിലെ ജനത്തിന് അറിയാം.

∙ സഹതാപ തരംഗമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലത്തിൽ പ്രതിഫലിക്കുന്നതെന്നാണ് എൽഡിഎഫിന്റെ പ്രതികരണം.

സഹതാപതരംഗം ജെയ്ക് സി. തോമസിന് അനുകൂലമാണെന്നാണ് പ്രചാരണത്തിന്റെ ആദ്യ ദിനങ്ങളിൽ മന്ത്രി വി.എൻ.വാസവൻ ഉൾപ്പെടെ പറഞ്ഞത്. പിന്നീട് സിപിഎം ചാണ്ടി ഉമ്മനും അച്ചു ഉമ്മനും ഉൾപ്പെടെ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കു കടന്നു. പുതുപ്പള്ളിയിലെ വികസനമാണ് ചർച്ചയെന്നായിരുന്നു സിപിഎമ്മിന്റെ പിന്നീടുള്ള നിലപാട്. കഴിഞ്ഞ ദിവസം രാത്രി വരെയും അത് അവർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു. വികസനം ഉൾപ്പെടെ കഴിഞ്ഞ 53 വർഷം ഉമ്മൻ ചാണ്ടി മണ്ഡലത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ജനം വിലയിരുത്തി. സർക്കാരിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം വിലയിരുത്തിയാണ് പുതുപ്പള്ളിയിലെ ജനം വോട്ടു ചെയ്തത്.

പ്രവർത്തകരുമായി ആഹ്ലാദം പങ്കുവയ്ക്കുന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ചിത്രം : മനോരമ ഓൺലൈൻ
പ്രവർത്തകരുമായി ആഹ്ലാദം പങ്കുവയ്ക്കുന്ന യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. (ഫോട്ടോ: ജോൺ എം. ചാണ്ടി ∙ മനോരമ ഓൺലൈൻ)

ഓണത്തിനിടെ ഉപതിരഞ്ഞെടുപ്പ് വന്നതിനാൽ യുഡിഎഫിന് ചില ഗുണങ്ങൾ കിട്ടി. ഓണക്കാലത്ത് സാധനങ്ങൾ വാങ്ങാൻ പോയ ഒരാളും സിപിഎമ്മിനു വോട്ട് ചെയ്തിട്ടില്ലെന്ന് വളരെ വ്യക്തമാണ്. കാരണം വിലക്കയറ്റം അവർ നേരിട്ടു മനസ്സിലാക്കി. കഴിഞ്ഞ ഓണത്തിന് 87 ലക്ഷത്തിലേറെ ആളുകൾക്കു കിറ്റ് കൊടുത്ത സർക്കാർ ഇത്തവണ വെറും 6.07 ലക്ഷം പേർക്കു മാത്രം സൗജന്യ ഓണക്കിറ്റ് കൊടുക്കാനാണ് തീരുമാനിച്ചത്. അതുതന്നെ പൂർണമായി കൊടുക്കാൻ സാധിച്ചില്ല. ഇത്രയേറെ അഴിമതി ആരോപണങ്ങൾ വന്നിട്ടും അതേപ്പറ്റിയൊന്നും ഒരക്ഷരം മിണ്ടാനാവാത്ത മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും കുറിച്ച് ജനങ്ങൾക്ക് നല്ല ബോധ്യമുണ്ട്. ‍‍‌

പുതുപ്പള്ളിയെ അപമാനിക്കാൻ ശ്രമിച്ചതിനെതിരെ ആ നാട് വിധിയെഴുതി എന്നത് വളരെ വ്യക്തമാണ്. 1960 ലെ സാഹചര്യമാണ് പുതുപ്പള്ളിയിൽ ഇപ്പോഴുമുള്ളതെന്നാണ് പ്രചാരണത്തിലുടനീളം സിപിഎം പറഞ്ഞത്. ജീവിച്ചിരുന്ന ഉമ്മൻ ചാണ്ടിയെ വിടാതെ വേട്ടയാടിയ സിപിഎം, കബറിൽ കിടക്കുമ്പോഴും അദ്ദേഹത്തെ വേട്ടയാടാൻ ആരംഭിച്ചതോടെ പുതുപ്പള്ളിയിലെ ജനത ഒന്നടങ്കം ഇറങ്ങിവന്ന് സിപിഎമ്മിന്റെ തലയ്ക്കിട്ടടിച്ചതാണ് ഈ തിരഞ്ഞെടുപ്പു ഫലം. തോൽവിയുടെ ആഘാതം മറച്ചുവയ്ക്കാനുള്ള ജൽപനങ്ങൾ മാത്രമായി ഇപ്പോഴത്തെ അവരുടെ ന്യായീകരണങ്ങളെ കണ്ടാൽമതി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. Photo: John M Chandy / Manorama Online
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം. Photo: John M Chandy / Manorama Online

∙ പുതുപ്പള്ളി നൽകിയ സ്വപ്നതുല്യമായ ഭൂരിപക്ഷത്തെ കുറിച്ച്?

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ സ്വപ്നതുല്യമായ ഭൂരിപക്ഷമുണ്ടാകുമെന്ന് യുഡിഎഫ് നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടെന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. സർക്കാരിനെതിരെ, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിശക്തമായ ജനവികാരം ഉണ്ടെന്നത് പ്രചാരണവേളയിൽ പ്രകടമായിരുന്നു. മുഖ്യമന്ത്രി പ്രചാരണം നടത്തിയ ഇടങ്ങളില്ലെല്ലാം യുഡിഎഫിനു ലഭിച്ച വലിയ ലീഡ് അതിന്റെ തെളിവാണ്. തിരഞ്ഞെടുപ്പിൽ ഒരു ബൂത്തിൽ ഒഴികെ എല്ലായിടത്തും യുഡിഎഫിനു ലീഡ് നേടാനായി. കഴിഞ്ഞ തവണ യുഡിഎഫിനു നഷ്ടപ്പെട്ട പഞ്ചായത്തുകളിൽ പോലും വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. തിരഞ്ഞെടുപ്പു ഫലം കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് സിപിഎം നേതാക്കൾ.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ സന്തോഷം പങ്കുവയ്ക്കുന്ന ഉമ്മൻ‌  ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. ചിത്രം : മനോരമ ഓൺലൈൻ
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ സന്തോഷം പങ്കുവയ്ക്കുന്ന ഉമ്മൻ‌ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. (ഫോട്ടോ: ജോൺ എം. ചാണ്ടി ∙ മനോരമ ഓൺലൈൻ)

∙ ബിജെപി വോട്ടുകൾ യുഡിഎഫിനു ലഭിച്ചെന്നാണ് എൽഡിഎഫ് ആരോപണം.

2021 ൽ ജെയ്ക് സി. തോമസിന് 54,328 വോട്ടാണ് ലഭിച്ചത്. ഇത്തവണ ലഭിച്ചത് 42,425 വോട്ട്. ഇത്തവണ സിപിഎമ്മിന് കുറഞ്ഞത് 11,903 വോട്ടാണ്. ബിജെപിക്ക് 2021 ൽ ലഭിച്ചത് 11,694 വോട്ട്. ഇത്തവണ ലഭിച്ചത് 6558 വോട്ട്. ഇത്തവണ ബിജെപിക്ക് കുറഞ്ഞത് 5,136 വോട്ട്. സിപിഎമ്മിനും ബിജെപിക്കും വോട്ടു കുറഞ്ഞുവെന്നാണ് ഈ കണക്കുകൾ തെളിയിക്കുന്നത്. ബിജെപിയുടെ 5,136 വോട്ടുകൾ യുഡിഎഫിനു ലഭിച്ചെന്ന് സിപിഎം പറയുമ്പോൾ, സിപിഎമ്മിന്റെ 11,903 വോട്ട് എവിടെ പോയെന്നു കൂടി പറയാൻ തയാറാകണം. സിപിഎം പ്രവർത്തകർ മനഃപ്പൂർവം കോൺഗ്രസിനു വോട്ടു ചെയ്തുവെന്നുവേണോ കരുതാൻ? സിപിഎമ്മിലെ പടലപിണക്കങ്ങളും ഗ്രൂപ്പ് തർക്കങ്ങളും രഹസ്യമല്ല. സിപിഎമ്മിലെ വിഭാഗീയതയെ തുടർന്ന് സിപിഎമ്മിന്റെ വോട്ടർമാർ യുഡിഎഫിന് വോട്ടു ചെയ്തുകാണുമെന്നാണോ സിപിഎം നേതാക്കൾ ആരോപിക്കുന്നത്?

യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രവർത്തകർക്കൊപ്പം. ചിത്രം : മനോരമ ഓൺലൈൻ
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പ്രവർത്തകർക്കൊപ്പം. (ഫോട്ടോ: ജോൺ എം. ചാണ്ടി ∙ മനോരമ ഓൺലൈൻ)

ഒരു കാര്യത്തിൽ ഞങ്ങൾക്ക് ഉറപ്പുണ്ട്. നല്ല സിപിഎമ്മുകാരെല്ലാം ഇത്തവണ യുഡിഎഫിന് വോട്ടുചെയ്തിട്ടുണ്ട്. കാരണം അവർക്ക് പിണറായി വിജയനോട് വലിയ രീതിയിലുള്ള അമർഷം, ഈ ഭരണത്തോടുള്ള വെറുപ്പ്... ഇതെല്ലാം യുഡിഎഫിന് അനുകൂലമായി. പേരിൽ മാത്രം കമ്യൂണിസം ഒതുക്കുകയും നയങ്ങളിൽ ബൂർഷ്വ പാർട്ടിയാകുകയും ചെയ്ത സിപിഎമ്മിന്റെയും പിണറായി വിജയന്റെയും നയങ്ങളിൽ യഥാർഥ സിപിഎമ്മുകാർക്കൊക്കെ വലിയ പ്രതിഷേധമുണ്ട്, അമർഷമുണ്ട്. അത് യുഡിഎഫിന് അനുകൂല വോട്ടായി മാറിയെന്ന് നിസ്സംശയം പറയാം. കണക്കുകളുടെ അടിസ്ഥാനത്തിലും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിലും പരിശോധിച്ചാൽ സിപിഎമ്മിന്റെ ആരോപണങ്ങൾ ജനം പുച്ഛിച്ചുതള്ളും.

∙ പുതുപ്പള്ളിയിൽ സിപിഎമ്മിന്റെ അടിത്തറയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് 54,328 വോട്ടു ലഭിച്ച മണ്ഡലമാണ് പുതുപ്പളളി. കൂടാതെ ആറു പഞ്ചായത്തുകൾ സിപിഎമ്മാണ് ഭരിക്കുന്നത്. കോട്ടയം ജില്ലയിൽ സിപിഎമ്മിന് സംഘടനാ സംവിധാനമുള്ള നിയോജക മണ്ഡലം. സിപിഎം ഭരണത്തിലുള്ളപ്പോൾ ഉപതിരഞ്ഞെടുപ്പുകളിൽ അവർക്കു മേധാവിത്വം ലഭിക്കാറുണ്ടെന്നാണ് ചരിത്രം. പുതുപ്പള്ളിയിൽ 20,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സിപിഎം നേതാക്കന്മാർ അവകാശപ്പെട്ടിരുന്നത്. സിപിഎം പ്രതീക്ഷിച്ച 20,000 വോട്ടിന്റെ ഭൂരിപക്ഷം അവർക്കു കിട്ടിയില്ലെന്നു മാത്രമല്ല 37,719 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം യുഡിഎഫിനു ലഭിക്കുകയും ചെയ്തു.

യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം :  മനോരമ
യുഡിഎഫ് പ്രവർത്തകരുടെ ആഘോഷം. ചിത്രം : മനോരമ

2021 ൽ എൽഡിഎഫ് തരംഗത്തിന്റെ ഭാഗമായി ലഭിച്ച അധിക വോട്ടുകൾ കൂടി ചേർന്നാണ് അത്തവണ 54,328 വോട്ടു ലഭിച്ചതെന്നാണ് ഇപ്പോൾ സിപിഎം നേതാക്കൾ അവകാശപ്പെടുന്നത്. അങ്ങനെയെങ്കിൽ 2021 ൽ അവർക്കു വോട്ടു ചെയ്ത 11,903 വോട്ടർമാർ ഇപ്പോൾ സർക്കാർ വിരുദ്ധ തരംഗത്തിൽ അവരെ കൈവിട്ടു എന്നല്ലേ സിപിഎം നേതാക്കൾ തന്നെ സമ്മതിക്കുന്നത്? ഇതിലൂടെ പിണറായി വിജയൻ സർക്കാരിനെതിരെയുള്ള വിധിയെഴുത്താണ് ഇപ്പോഴുണ്ടായതെന്ന് അവര്‍ പരോക്ഷമായി സമ്മതിക്കുകയല്ലേ? 2021 ൽ പിണറായി വിജയൻ സർക്കാരിന് അനുകൂലമായി ലഭിച്ച വോട്ട് ഇപ്പോൾ അവർക്കു നഷ്ടമായെങ്കിൽ അത് സർക്കാരിനെതിരെയുള്ള വോട്ടല്ലേ? അതായത് സിപിഎമ്മിന്റെ അടിത്തറ ഇളകി എന്നതു വ്യക്തം. യഥാർഥ സിപിഎമ്മുകാർ ഈ പാർട്ടിക്കെതിരെ, ഇപ്പോഴത്തെ സർക്കാരിനെതിരെ വോട്ടു ചെയ്തുവെന്നാണ് വോട്ടുകണക്കുകൾ സൂചിപ്പിക്കുന്നത്.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ചാണ്ടി ഉമ്മൻ മണർകാട് പള്ളിയിലേക്ക് പുറപ്പെടുന്നു. (ഫോട്ടോ: ജോൺ എം. ചാണ്ടി ∙ മനോരമ ഓൺലൈൻ)
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ചാണ്ടി ഉമ്മൻ മണർകാട് പള്ളിയിലേക്ക് പുറപ്പെടുന്നു. (ഫോട്ടോ: ജോൺ എം. ചാണ്ടി ∙ മനോരമ ഓൺലൈൻ)

∙ പുതുപ്പള്ളിയിലേത് യുഡിഎഫിന്റെ രാഷ്ട്രീയ വിജയമല്ലെന്നാണ് ജെയ്ക് സി.തോമസ് പറഞ്ഞത്.

സ്ഥാനാർഥിയെന്ന നിലയിൽ ചാണ്ടി ഉമ്മന്റെ മേന്മ, 53 വർഷം പുതുപ്പള്ളിയിലെ ജനങ്ങൾക്കായി ഉമ്മൻ ചാണ്ടി നടത്തിയ പ്രവർത്തനത്തിന്റെ ഓർമ, സർക്കാരിനെതിരായ ജനവികാരം എന്നീ മൂന്നു ഘടകങ്ങൾ ഒത്തുചേർന്നപ്പോഴാണ് ഇത്രയും വലിയ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് എത്തിയത്. സിപിഎമ്മിന് പരമ്പരാഗതമായും അല്ലാതെയും ലഭിച്ചുകൊണ്ടിരുന്ന വോട്ടുകളിൽ വലിയ ചോർച്ച സംഭവിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ അടിത്തറ ഇളകിയിട്ടുണ്ട്, ആണിക്കല്ല് തന്നെ ഇളകിയിട്ടുണ്ടെന്ന് അവർ പറയാതെ പറയുകയാണ്.

∙ സാരി വീസയും ഫൈറ്റർ വീസയും തമ്മിലുള്ള പോരാട്ടമാണ് പുതുപ്പള്ളിയിൽ നടക്കുന്നതെന്നായിരുന്നു ചില സിപിഎം പ്രവർത്തകരുടെ പരിഹാസം.

ഫൈറ്റർ വീസ എന്നാൽ കോളജ് അടിച്ചുതകർക്കലും കൊലപാതക ശ്രമക്കേസിൽ പ്രതികളാകുന്നതും നാട്ടിൽ വിദ്യാർഥി സംഘർഷമുണ്ടാക്കലുമാണെന്നാണ് സിപിഎം പറയുന്നത്. ഇതിനെയൊക്കെ ജനങ്ങൾ പുച്ഛിച്ചു തളളി എന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. സാരി വീസ എടുത്ത് ന്യായീകരണ തൊഴിലാളികളായി മാറുന്നത് ആരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ന്യായീകരണവുമായി വന്ന സിപിഎം നേതാക്കന്മാരുടെ അവസ്ഥ കണ്ടപ്പോൾ കേരളത്തിലെ ജനത്തിനു ബോധ്യമായി. ഇവരൊക്കെ മുഖ്യമന്ത്രിയെ ന്യായീകരിക്കുന്നതു മനസ്സിലാക്കാം. പക്ഷേ മുഖ്യമന്ത്രിയുടെ മകളെയും കൊച്ചുമകനെയും വരെ ന്യായീകരിക്കേണ്ട ഗതികേടിലേക്കു സിപിഎം നേതാക്കൾ മാറിയപ്പോൾ അതൊക്കെ ഏതു സാരി വീസയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാണ്.

English Summary: Special interview with Youth Congress state general secretary Abin Varkey Kodiyattu on Puthupally byelection result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com