നായിഡുവിന് ജാമ്യം നിഷേധിച്ചത് ആഘോഷമാക്കി വൈഎസ്ആർ കോൺഗ്രസ്; ആന്ധ്രയിൽ തിങ്കളാഴ്ച ബന്ദ്
Mail This Article
അമരാവതി∙ 371 കോടി രൂപയുടെ അഴിമതിക്കേസിൽ അറസ്റ്റിലായ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനെതിരെ അന്ധ്രപ്രദേശിൽ പ്രതിഷേധം. ടിഡിപി തിങ്കളാഴ്ച ആന്ധ്രപ്രദേശിൽ ബന്ദിന് ആഹ്വാനം ചെയ്തു. ഇതിനു പുറമെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട വിജയവാഡ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനും ടിഡിപി തീരുമാനിച്ചു. അർധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് ടിഡിപിയുടെ നീക്കം. അഡ്വ.സിദ്ധാർഥ് ലൂത്ര നായിഡുവിന് വേണ്ടി ഹാജരാകും.
അതിനിടെ, ചന്ദ്രബാബു നായിഡുവിന് ജാമ്യം നിഷേധിച്ചത് വൈഎസ്ആർ കോൺഗ്രസ് ആന്ധ്രയിൽ ആഘോഷമാക്കി. ജാമ്യം നിഷേധിച്ചത് പടക്കം പൊട്ടിച്ചാണ് വൈഎസ്ആർ പ്രവർത്തകർ ആഘോഷിച്ചത്. ചന്ദ്രബാബു നായിഡുവിനെ രാജമണ്ട്രി ജയിലേക്ക് മാറ്റി. കനത്ത സുരക്ഷയിലാണു ചന്ദ്രബാബു നായിഡുവിനെ ഞായറാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി തന്നെ കേസിൽപ്പെടുത്തുകയായിരുന്നെന്നാണു നായിഡു കോടതിയിൽ പറഞ്ഞത്. നന്ദ്യാൽ ജില്ലയിൽ പൊതുപരിപാടി കഴിഞ്ഞു കാരവാനിൽ ഉറങ്ങുന്നതിനിടെയാണ് ശനിയാഴ്ച പുലർച്ചെ ആന്ധ്ര പൊലീസിലെ സിഐഡി വിഭാഗം നായിഡുവിനെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തു നൈപുണ്യ വികസന കോർപറേഷൻ നടപ്പാക്കുന്ന മികവിന്റെ കേന്ദ്രങ്ങൾക്കായി 2015–18 കാലയളവിൽ 3300 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ സാങ്കേതിക പരിശീലനം ലഭ്യമാക്കാൻ 371 കോടി രൂപ വകയിരുത്തി. എന്നാൽ, പണം കൈപ്പറ്റിയവർ പരിശീലനം നൽകിയില്ല. തുക വ്യാജ കമ്പനികൾക്കാണു കൈമാറിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തട്ടിപ്പിന്റെ മുഖ്യ ആസൂത്രകനും ഗുണഭോക്താവും നായിഡു ആണെന്നു സിഐഡി മേധാവി എൻ.സഞ്ജയ് പറഞ്ഞു.
ജിഎസ്ടി വകുപ്പിന്റെ ഇന്റലിജൻസ് വിഭാഗവും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ അന്വേഷണത്തിൽ 10 പേരാണു അറസ്റ്റിലായത്. ഇതിൽ മുൻ മന്ത്രി ഗന്ത ശ്രീനിവാസ റാവു എംഎൽഎയെ വിശാഖപട്ടണത്തുവച്ചാണ് അറസ്റ്റ് ചെയ്തത്. പ്രതികളായ മനോജ് വാസുദേവ്, പി.ശ്രീനിവാസ് എന്നിവർ വിദേശത്തേക്കു കടന്നു. നാരാ ലോകേഷിന്റെയും സുഹൃത്ത് കിലരു രാജേഷിന്റെയും പങ്ക് അന്വേഷിച്ചുവരുന്നതായും പൊലീസ് വ്യക്തമാക്കി.
English Summary: YSR Congress celebrates Chandrababu Naidu's Arrest