ADVERTISEMENT

ന്യൂഡൽഹി∙ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾക്ക് 10% അധിക നികുതി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇങ്ങനൊരു നീക്കം സർക്കാരിന്റെ പരിഗണനയിൽ ഇപ്പോഴില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. എക്സ് പ്ലാറ്റ്ഫോമിലെഴുതിയ കുറിപ്പിലൂടെയായിരുന്നു ഗഡ്കരിയുടെ വിശദീകരണം.

‘‘2070ൽ കാർബണ്‌ നെറ്റ് സീറോ ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ഡീസൽ പോലുള്ള അപകടകരമായ ഇന്ധനത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന വായു മലിനീകരണത്തോത് കുറയ്ക്കേണ്ടതുണ്ട്. വാഹനവിൽപ്പനയിൽ ഉണ്ടാകുന്ന വളർച്ചയ്ക്കൊപ്പം ശുദ്ധ, ഹരിത ഇന്ധനമെന്ന ഇതരമാർഗം സ്വീകരിക്കുകയും വേണം. ഇത്തരം ഇന്ധനം ചെലവുകുറഞ്ഞ, തദ്ദേശീയമായ, മലിനീകരണമില്ലാത്തവയായി മാറണം’’ – ഗഡ്കരി കുറിച്ചു.

അധിക നികുതി സംബന്ധിച്ച നിർദേശം ധനവകുപ്പിന് ഇന്നു കൈമാറുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി അറിയിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആയിരുന്നു റിപ്പോർട്ട് ചെയ്തത്. അധികനികുതി ഏർപ്പെടുത്തുന്നതോടെ പുതിയ ഡീസൽ വാഹനങ്ങളുടെ വില ഉയരുമെന്നും റിപ്പോർട്ടുകളുണ്ടായി.

ഡൽഹിയിൽ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറ‍ഞ്ഞതെന്നായിരുന്നു റിപ്പോർട്ടുകൾ. ഡീസൽ വാഹനങ്ങളുടെ ഉത്പാദനം വാഹന വ്യവസായികൾ കുറയ്ക്കണമെന്നും അല്ലാത്തപക്ഷം അധികനികുതി ഏർപ്പെടുത്തേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യൻ നിരത്തുകളിൽ കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു വിവരം.

മന്ത്രിയുടെ പ്രഖ്യാപനത്തിനു പിന്നാലെ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര, ആശോക് ലെയ്‌ലാൻഡ് തുടങ്ങിയ കമ്പനികളുടെ ഓഹരി 2.5 മുതൽ 4 ശതമാനം വരെ ഇടിഞ്ഞു.

English Summary: India to consider additional 10% tax on diesel engine vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com