ADVERTISEMENT

തിരുവനന്തപുരം∙ രാഷ്ട്രീയത്തിൽ മുന്നണി വ്യത്യാസമില്ലാതെ ദൃഢമായ സൗഹൃദങ്ങളുള്ള നേതാവായിരുന്നു പി.പി.മുകുന്ദൻ. ആ‍ജ്ഞാശക്തിയും പ്രവർത്തകരെ കൂടെകൂട്ടാനുള്ള കഴിവും അദ്ദേഹത്തെ ബിജെപി നേതാക്കൾക്കിടയിൽ വ്യത്യസ്തനാക്കി. തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള ബിജെപി പ്രവർത്തകരിൽ പലരെയും പേരെടുത്തു വിളിക്കാനുള്ള അടുപ്പമുണ്ടായിരുന്നു ‘മുകുന്ദേട്ടന്‍’ എന്ന് അണികള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന പി.പി.മുകുന്ദന്.

1991ലെ തിരഞ്ഞെടുപ്പിൽ കോലീബി (കോൺഗ്രസ്–ലീഗ്–ബിജെപി) ധാരണയുണ്ടായിരുന്നെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. കേരളത്തിലെ ബിജെപിയുടെ ആദ്യ സംഘടനാ സെക്രട്ടറിയാണ് മുകുന്ദൻ. ഗുജറാത്തിലേക്ക് നരേന്ദ്രമോദിയെയും കേരളത്തിലേക്ക് മുകുന്ദനെയും പാർട്ടി ഈ പദവിയിലേക്ക് നിയോഗിക്കുന്നത് ഒരേ സമയത്താണ്. 2005ഓടെ പാർട്ടിയിൽ മുകുന്ദൻ ദുര്‍ബലനായി. പി.കെ.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നുള്ള ഉപതിരഞ്ഞെടുപ്പിലെ വോട്ടുകച്ചവടം അടക്കമുള്ള ആരോപണങ്ങൾ അതിലേക്ക് വഴിതെളിച്ചു. കെ.സുരേന്ദ്രൻ ബിജെപി അധ്യക്ഷനായതോടെ ബിജെപിയിലേക്ക് തിരിച്ചു വന്നെങ്കിലും അർഹമായ സ്ഥാനങ്ങൾ ലഭിച്ചില്ല.

കോലീബി (കോൺഗ്രസ്–ലീഗ്–ബിജെപി) ധാരണയെന്ന ആശയം മുകുന്ദന്റേതായിരുന്നു. അതൊരു തിരഞ്ഞെടുപ്പ് സഖ്യമായിരുന്നില്ല, പരസ്യമായ ധാരണയായിരുന്നു എന്നായിരുന്നു മുകുന്ദന്റെ പക്ഷം. ‘ബിജെപിയുടെ പ്രവർത്തകർ മാർക്സിസ്റ്റ് അക്രമത്തിൽ മരിക്കുന്ന സമയമായിരുന്നു. അസംബ്ലിയിൽ ബിജെപിക്കായി പറയാൻ ആരുമില്ല. അങ്ങനെയാണ് കോലീബി എന്നു മാധ്യമങ്ങളെഴുതിയ ധാരണ ഉണ്ടാകുന്നത്.  ചില മണ്ഡലങ്ങളിൽ ബിജെപിയെ സഹായിക്കുന്നതിനു പകരം മറ്റിടങ്ങളിൽ കോണ്‍ഗ്രസിനെയും ലീഗിനെയും സഹായിക്കാം എന്നായിരുന്നു ധാരണ. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു ധാരണ. ബിജെപിക്കു വിജയിക്കാനായില്ലെങ്കിലും വോട്ട് വിഹിതം കൂടി. പിന്നീട് അത്തരമൊരു ധാരണയിലേക്കു പാർട്ടി പോയിട്ടില്ല. സിപിഎമ്മുമായി ഒരു ഘട്ടത്തിലും ബിജെപി ധാരണയിലെത്തിയിട്ടില്ല’–കോലീബി സംഖ്യമെന്ന ആരോപണമുണ്ടായപ്പോഴെല്ലാം മുകുന്ദൻ പറഞ്ഞു.

സിപിഎം–ബിജെപി ഡീൽ ഉണ്ടെന്ന് ആർഎസ്എസ് മുഖപത്രത്തിന്റെ മുന്‍പത്രാധിപർ ആർ.ബാലശങ്കർ പറഞ്ഞപ്പോൾ അദ്ദേഹത്തിനു സാഹചര്യത്തെളിവുകൾ ലഭിച്ചതിനാലാകാം അങ്ങനെ പറഞ്ഞതെന്നായിരുന്നു മുകുന്ദന്റെ പ്രതികരണം. കോലീബി സഖ്യമെന്ന ആരോപണം ഉയർന്ന 1991ലെ തിരഞ്ഞെടുപ്പിൽ കേരളത്തിലെ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ഒ.രാജഗോപാലിനായിരുന്നു കേരളത്തിന്റെ ചുമതല. കോലീബി സംഖ്യമുണ്ടായിരുന്നെന്ന് ഒ.രാജഗോപാലും വ്യക്തമാക്കിയിരുന്നു. ബേപ്പൂരിലും വടകരയിലും മഞ്ചേശ്വരത്തും തിരുവനന്തപുരം ഈസ്റ്റിലുമെല്ലാം ധാരണയുണ്ടായി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെതുടർന്ന് കോൺഗ്രസ് തരംഗമുണ്ടായതോടെ ബിജെപി സ്ഥാനാർഥികൾ വിജയിച്ചില്ല. 

‘മഞ്ചേശ്വരത്ത് ഒരു പഞ്ചായത്തിലെ ബിജെപി വോട്ടർമാർ വിശേഷ ദിവസമായതിനാൽ വോട്ടു ചെയ്യാൻ പോയില്ല. 1071 വോട്ടുകൾക്കാണ് കെ.ജി.മാരാർ പരാജയപ്പെട്ടത്. അല്ലെങ്കിൽ ബിജെപി സ്ഥാനാർഥി ജയിക്കുമായിരുന്നു. ബിജെപിയുടെ വോട്ട് ആ തിരഞ്ഞെടുപ്പിൽ കാര്യമായി വർധിച്ചു. പിന്നീട് അങ്ങനെ ഒരു ധാരണ ഉണ്ടായില്ല. ബിജെപിക്കു സ്വാഭാവിക വളർച്ചയുണ്ടായി. ബിജെപിയുടെ ആദ്യ സംഘടനാ സെക്രട്ടറിയായത് ഞാനാണ്. ആർഎസ്എസിൽനിന്നാണ് ഞാനെത്തിയത്. ഞാൻ വന്നപ്പോഴാണ് ഈ സംഭവം നടന്നതെന്നതിനാൽ എന്റെ തലയിൽ കെട്ടിവച്ചു’–മുകുന്ദൻ മനോരമ ഓൺലൈനിനോട് മുൻപ് പ്രതികരിച്ചതിങ്ങനെ.

മറ്റു കക്ഷിനേതാക്കളുമായി മുകുന്ദൻ അടുത്ത സൗഹൃദം പുലർത്തി. കരുണാകരനും നായനാരും വയലാർ രവിയും എ.കെ.ആന്റണിയും പന്ന്യൻരവീന്ദ്രനും അടക്കമുള്ള മുതിർന്ന നേതാക്കള്‍ സുഹൃത്തുക്കളായിരുന്നു. സിനിമാ രംഗത്തും വിപുലമായ സൗഹൃദങ്ങളുണ്ടായിരുന്നു. വർഗീയ സംഘർഷങ്ങളുണ്ടായപ്പോൾ പല നേതാക്കളും സംഘർഷം ലഘൂകരിക്കുന്നതിനു പി.പി.മുകുന്ദന്റെ സഹായം തേടി. മുകുന്ദൻ തിരുവനന്തപുരത്ത് പ്രചാരകനായിരുന്ന കാലത്താണ് ചാല കലാപമുണ്ടാകുന്നത്. അന്ന് ആഭ്യന്തരമന്ത്രി വയലാർരവിയായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ വയലാർരവി സഹായം അഭ്യർഥിച്ചെന്നും മുകുന്ദന്റെ ഇടപെടലുകൾ ഫലപ്രദമായെന്നും മുതിർന്ന ബിജെപി നേതാക്കൾ ഓർക്കുന്നു. 

മാറാട് കലാപ സമയത്തും മുകുന്ദന്റെ ഇടപെടലുണ്ടായി. പി.കെ.വാസുദേവൻനായർ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പന്ന്യൻ രവീന്ദ്രനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. കരുണാകരന്റെ ഡിഐസിയുടെ പിന്തുണ എൽഡിഎഫിനായിരുന്നു. ബിജെപി സ്ഥാനാർഥി സി.കെ.പത്മനാഭന്റെ വോട്ടുവിഹിതം തീരെ കുറഞ്ഞതോടെ വോട്ടുകച്ചവടം എന്ന ആരോപണം ഉയർന്നു. മുകുന്ദനെതിരെ ഒ.രാജഗോപാൽ പരസ്യമായി രംഗത്തെത്തി. പിന്നീട് ഒ.രാജഗോപാൽ പ്രസ്താവന തിരുത്തിയെങ്കിലും പാർട്ടിയിൽ ഭിന്നത രൂക്ഷമായി. ബിജെപി പദവി വിട്ട് പ്രചാരക് സ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആർഎസ്എസ് ആവശ്യപ്പെട്ടതോടെ രാഷ്ട്രീയത്തിൽനിന്ന് മുകുന്ദൻ അകന്നു. പിന്നീടൊരിക്കലും രാഷ്ട്രീയത്തിൽ സജീവമായില്ല.

 

English Summary: Political life of PP Mukundan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com