ജൂസിൽ നിന്ന് വാതുവയ്പ്പിലേക്ക്: സൗരഭ് കല്യാണത്തിന് പൊടിച്ചത് 200 കോടി; ടൈഗറും സണ്ണി ലിയോണിയും ഇഡി വലയത്തില്
Mail This Article
ന്യൂഡൽഹി∙ മഹാദേവ് ഓൺലൈൻ വാതുവയ്പ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് താരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ ബോളിവുഡിലെ മുൻനിര താരങ്ങളെയും ഗായകരെയും വിളിച്ചുവരുത്തിയേക്കും. ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി തുടങ്ങി മുൻനിര ബോളിവുഡ് താരങ്ങളാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്. കേസിൽ ഇതുവരെ നാലു പേർ അറസ്റ്റിലായിരുന്നു. മുഖ്യപ്രതികളായ സൗരവ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരെ പിടികൂടാനായി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും ഇഡി ആരംഭിച്ചിട്ടുണ്ട്
∙ നിരീക്ഷണത്തിൽ ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി....
ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രോമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ബോളിവുഡ് അഭിനേതാക്കളെയും ഗായകരെയുമാകും ചോദ്യംചെയ്യലിനായി വിളിപ്പിക്കുക. ടൈഗർ ഷ്രോഫ്, സണ്ണി ലിയോണി, നേഹ കക്കർ, ആതിഫ് അസ്‌ലം, രഹത് ഫത്തേ അലി ഖാൻ, അലി അസ്ഗർ, വിശാൽ ദദ്‌ലാനി, എല്ലി അവ്‌റാം, ഭാരതി സിങ്, ഭാഗ്യശ്രീ, കൃതി ഖർബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്‌വീന്ദർ സിങ് എന്നിവരാണ് ഇഡിയുടെ നിരീക്ഷണത്തിലുള്ളത്.
സൗരഭ് ചന്ദ്രകാറിന്റെ വിവാഹ വിഡിയോയിൽ ബോളിവുഡിലെ വമ്പൻമാരുടെ സാന്നിധ്യം കാണാം. വിവാഹ ചടങ്ങുകൾക്കായി 200 കോടി രൂപ ചെലവഴിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നാഗ്പുരിൽ നിന്ന് യുഎഇയിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കാൻ സ്വകാര്യ വിമാനങ്ങൾ വാടകയ്‌ക്കെടുത്തിരുന്നു. ഇഡി ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം വിവാഹ ചടങ്ങുകൾക്കായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 112 കോടി രൂപ ഹവാല വഴി കൈമാറി. എന്നാൽ, ഹോട്ടൽ ബുക്കിങ്ങിനുള്ള 42 കോടി രൂപ പണമായാണ് നൽകിയത്.
∙ വിജയ പാർട്ടിയും അന്വേഷണത്തിൽ
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചന്ദ്രകാറും ആപ്പിന്റെ രണ്ടാമത്തെ പ്രോമോട്ടറുമായ രവി ഉപ്പലും ചേർന്ന് സംഘടിപ്പിച്ച ആപ്പിന്റെ വിജയ പാർട്ടിയെക്കുറിച്ചുള്ള അന്വേഷണവും നടന്നുകൊണ്ടിരിക്കുകയാണ്. ഈ പാർട്ടിയിലും നിരവധി ബോളിവുഡ് അഭിനേതാക്കളും ഗായകരും പങ്കെടുത്തിരുന്നു. ഇവരും ഇഡിയുടെ നിരീക്ഷണത്തിലാണ്. രണ്ട് പരിപാടികളിലും ഇവന്റ് മാനേജ്‌മെന്റ് കമ്പനികളിൽ നിന്ന് ഹവാല വഴിയാണ് ബോളിവുഡ് താരങ്ങൾ പണം കൈപ്പറ്റിയതെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
∙ കണ്ടുകെട്ടിയത് 417 കോടിയുടെ സ്വത്ത്
മഹാദേവ് ഓൺലൈൻ വാതുവയ്പ്പ് ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 39 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 417 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. എഎസ്‌ഐ ചന്ദ്രഭൂഷൺ വർമ, ഹവാല ഇടപാടുകാരായ റായ്പുർ സ്വദേശികളായ സതീഷ് ചന്ദ്രകർ, അനിൽ ദമ്മാനി, സുനിൽ ദമ്മാനി എന്നിവരെയാണ് പിടികൂടിയത്. കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമയ്ക്കും പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
∙ ജൂസ് വില്‍പനയിൽ നിന്ന് വാതുവയ്പ്പിലേക്ക്
കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ സൗരവ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. കമ്പനി ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നത്.
ഛത്തീസ്ഗഡിലെ ഭിലായിൽ ജൂസ് വിൽപനക്കാരനായിരുന്നു സൗരവ് ചന്ദ്രകാർ. ഉപ്പൽ എൻജിനീയറിങ് ബിരുദധാരിയും. പ്രാദേശിക വാതുവയ്പ്പുകാരായി തുടങ്ങിയ ഇവർ 2018ൽ ദുബായിലേക്ക് മാറി ആപ്പ് ആരംഭിച്ചു. ഈ ആപ്പിൽ നിന്ന് ഇരുവരും ചേർന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നു. ഇന്ത്യയിൽ വാതുവയ്പ്പ് നിരോധിച്ചതിനാൽ, രാജ്യത്ത് വിവിധ പേരുകളിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്.
പുതിയ ഉപയോക്താക്കളെ എൻറോൾ ചെയ്യുന്നതിനും യൂസർ ഐഡികൾ സൃഷ്ടിക്കുന്നതിനും ബെനാമി ബാങ്ക് അക്കൗണ്ടുകളുടെ ഒരു ലേയേർഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനും ആപ്പ് ഉപയോഗിച്ചിരുന്നു. വാതുവയ്‌പ്പിലൂടെ ലഭിക്കുന്ന തുക ഓഫ്‌ഷോർ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് വലിയ തോതിലുള്ള ഹവാല പ്രവർത്തനങ്ങൾ നടത്തിയെന്നും ഇഡി പറയുന്നു. പുതിയ ഉപയോക്താക്കളെയും ഫ്രാഞ്ചൈസികളെയും ആകർഷിക്കാൻ വാതുവയ്പ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയിൽ വലിയ തുക പണമായി ചെലവഴിച്ചിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.
English Summary: About Mahadev online betting App and promoters Sourabh Chandrakar, Ravi Uppal