ADVERTISEMENT

ചെന്നൈ ∙ ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 പേടകം സൂര്യനെപ്പറ്റിയുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിച്ചു തുടങ്ങി. ആസ്പെക്സിന്റെ (ആദിത്യ സോളർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ്) ഭാഗമായ സ്റ്റെപ്സ് (സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജറ്റിക് പാര്‍ട്ടിക്കിള്‍ സ്‌പെക്ട്രോമീറ്റര്‍) ഡേറ്റാശേഖരണം തുടങ്ങിയതായി ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു.

ഭൂമിയിൽനിന്ന് 50,000 കിലോമീറ്റർ ദൂരെയായി സൗരവാതത്തിലെ ഇലക്ട്രോൺ, അയോൺ ഊർജ കണങ്ങളെക്കുറിച്ചു പഠിക്കുകയാണു സ്റ്റെപ്സ് ഉപകരണത്തിന്റെ ദൗത്യം. സ്റ്റെപ്സ് ശേഖരിക്കുന്ന ഡേറ്റകൾ, ഭൂമിക്കു ചുറ്റുമുള്ള പദാർഥങ്ങളെപ്പറ്റി മനസ്സിലാക്കാൻ ശാസ്ത്രലോകത്തെ സഹായിക്കുമെന്നാണു നിഗമനം. സെപ്റ്റംബർ പത്തിനാണു സ്റ്റെപ്സ് പ്രവർത്തനം ആരംഭിച്ചതെന്ന് ഐഎസ്ആർഒ പറഞ്ഞു.

50,000 കിലോമീറ്റർ പിന്നിട്ടാലും സ്റ്റെപ്സിനു പ്രവർത്തിക്കാൻ സാധിക്കും. ആദിത്യയിൽ 7 ശാസ്ത്രീയ പഠനോപകരണങ്ങളാണുള്ളത്. ഇതിൽ നാലെണ്ണം സൂര്യനെ നേരിട്ടു നിരീക്ഷിച്ചു പഠിക്കും. മൂന്നെണ്ണം ഉപഗ്രഹം നിൽക്കുന്ന പരിസരത്തെക്കുറിച്ചാണു പഠിക്കുക.

ഉപകരണങ്ങൾ, പഠന ലക്ഷ്യം, നിർമിച്ച സ്ഥാപനം ക്രമത്തിൽ

∙ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് (വിഇഎൽസി): വാതകങ്ങൾ നിറഞ്ഞ സൂര്യന്റെ പുറം ഭാഗത്തെ അന്തരീക്ഷമായ കൊറോണയിൽനിന്നു പുറന്തള്ളപ്പെടുന്ന വൈദ്യുതകാന്തിക തരംഗങ്ങളോടു കൂടിയ പിണ്ഡത്തെ (കൊറോണൽ മാസ് ഇജക്‌ഷൻ) കുറിച്ചു പഠിക്കാൻ. തയാറാക്കിയത്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ്, ബെംഗളൂരു.

∙ സോളർ അൾട്രാ വയലറ്റ് ഇമേജിങ് ടെലിസ്കോപ് (സ്യൂട്ട്): സൂര്യന്റെ ഫോട്ടോസ്ഫിയറിലെയും ക്രോമസ്ഫിയറിലെയും റേഡിയേഷൻ വ്യതിയാനങ്ങളെക്കുറിച്ചുള്ള ചിത്രീകരണം. തയാറാക്കിയത്: ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സ്, പുണെ.

∙ ആദിത്യ സോളർ വിൻഡ് പാർട്ടിക്കിൾ എക്സ്പെരിമെന്റ് (ആസ്പെക്സ്), പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ (പാപ്പ): സൗരവാതത്തിലെ ഇലക്ട്രോൺ, അയോൺ ഊർജ കണങ്ങളെക്കുറിച്ചും അവയുടെ ഊർജ വിതരണത്തെക്കുറിച്ചും.

നിർമിച്ചത്: ആസ്പെക്സ് – ഫിസിക്കൽ റിസർച് ലബോറട്ടറി, അഹമ്മദാബാദ്.
പാപ്പ – വിക്രം സാരാഭായ് സ്പേസ് സെന്ററിനു കീഴിലെ സ്പേസ് ഫിസിക്സ് ലബോറട്ടറി, തിരുവനന്തപുരം.

∙ സോളർ ലോ എനർജി എക്സ്റേ സ്പെക്ട്രോമീറ്റർ (സോളെക്സ്), ഹൈ എനർജി എൽ1 ഓർബിറ്റിങ് എക്സ്റേ സ്പെക്ട്രോമീറ്റർ (ഹെൽ 1ഒഎസ്) – സൂര്യനിൽ നിന്നുള്ള എക്സ്റേ വികിരണങ്ങളെക്കുറിച്ചു പഠിക്കാൻ‌. നിർമാണം: യു.ആർ.റാവു സാറ്റലൈറ്റ് സെന്റർ, ബെംഗളൂരു.

∙ മാഗ്‍നെറ്റോമീറ്റർ : എൽ1 പോയിന്റിലെ ഗ്രഹാന്തര കാന്തിക മണ്ഡലത്തെക്കുറിച്ചു പഠിക്കാൻ. തയാറാക്കിയത്: ലബോറട്ടറി ഫോർ ഇലക്ട്രോ ഒപ്ടിക്സ് സിസ്റ്റംസ്, ബെംഗളൂരു.

English Summary: India’s solar observatory Aditya-L1 starts collecting scientific data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com