ADVERTISEMENT

തിരുവനന്തപുരം∙ സോളർ കരാർ ലഭിക്കാനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഡൽഹിയിൽ കാറിൽ വച്ച് ഇടനിലക്കാർവഴി കൈക്കൂലി നൽകിയെന്ന ആരോപണം അടക്കമുള്ളവ ശാസ്ത്രീയമായി പരിശോധിച്ച് സിബിഐ തെറ്റാണെന്ന് സ്ഥാപിച്ചതോടെയാണ് പുനഃരന്വേഷണമെന്ന പരാതിക്കാരിയുടെ ആവശ്യം തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയത്. സോളർ കേസിൽ തെളിവുകൾ ലഭിക്കാതെ വന്നതോടെ കേസ് അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ച് സിബിഐ റിപ്പോർട്ട് നൽകിയപ്പോഴാണ് പരാതിക്കാരി പുനഃരന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഉന്നയിച്ച ആരോപണങ്ങളിൽ ഒന്നിൽപോലും തെളിവ് ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ല. ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകൾ സിബിഐ ഹാജരാക്കുകയും ചെയ്തു. പരാതിക്കാരിയുെട ഹർജി തള്ളിക്കൊണ്ടുള്ള കോടതിയുടെ ഉത്തരവ് ‘മനോരമ ഓൺലൈന്’ ലഭിച്ചു. 

സോളർ ഇടപാടിനായി മുഖ്യമന്ത്രിക്ക് 3 കോടിരൂപ കൈക്കൂലിയായി നൽകാമെന്ന് ധാരണയിലെത്തിയതായി പരാതിക്കാരി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു തവണ ഡൽഹിയിലും മറ്റൊരിക്കൽ തിരുവനന്തപുരത്തും പണം കൈമാറി. ആദ്യ തവണ പണം കൈമാറിയത് 2012 ഡിസംബറിൽ ഡൽഹിയിൽ ഉമ്മൻചാണ്ടിയുടെ സാന്നിധ്യത്തിലായിരുന്നെന്നു പരാതിക്കാരി ആരോപിച്ചിരുന്നു. രണ്ടാം തവണ പണം നൽകിയത് 2013 മാർച്ചിൽ തിരുവനന്തപുരത്തെ വസതിയിലായിരുന്നു. ചാണക്യപുരിയിലെ പാർക്കിങ് ഏരിയയിൽ കാറിൽവച്ചാണ് ആദ്യതവണ പണം നൽകിയതെന്നും ഡൽഹിയിലെ ഹോട്ടലിൽനിന്ന് ഏർപ്പെടുത്തിയ കാറിലാണ് ഈ സ്ഥലത്തേക്ക് പോയതെന്നും പരാതിയിലുണ്ടായിരുന്നു. മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയും കെ.സി.ജോസഫ് എംഎൽഎയും തോമസ് കുരുവിളയും ബീക്കൺ ലൈറ്റ് ഘടിപ്പിച്ച മാരുതി എസ്റ്റീം കാറിൽ വന്നു. പിന്നീട് മുഖ്യമന്ത്രിയെ വിമാനത്താവളത്തിൽ എത്തിച്ചശേഷം തോമസ് കുരുവിള അതേ വാഹനത്തിൽ വന്നപ്പോൾ 1.1 കോടിരൂപ  ലെതർ ബാഗില്‍ കൈമാറിയെന്നും പരാതിക്കാരി അവകാശപ്പെട്ടു. 

ഉമ്മൻചാണ്ടിക്ക് പണം നൽകിയ സംഭവവുമായി ബന്ധമുണ്ടെന്ന് പരാതിയിൽ പറഞ്ഞ ആളുകളെ സിബിഐ ചോദ്യം ചെയ്തെങ്കിലും അവരെല്ലാം ആരോപണം നിഷേധിച്ചു. പണം നൽകാനായി ഡൽഹിയിലെത്തിയപ്പോൾ സ്വകാര്യ ഹോട്ടലിൽ താമസിച്ചെന്നാണ് പരാതിക്കാരി പറഞ്ഞത്. ഡൽഹിയിലെ ഹോട്ടലിൽ 2012 ഡിസംബർ 26 മുതൽ 28വരെ പരാതിക്കാരി താമസിച്ചിട്ടില്ലെന്ന് സിബിഐ കണ്ടെത്തി. ധീരജ് എന്ന ഡ്രൈവർ ഓടിച്ച വാഹനത്തിലാണ് പണം കൈമാറാൻ പോയതെന്നും ധീരജിന്റെ കാറിൽനിന്നാണ് തോമസ് ചാണ്ടി സഞ്ചരിച്ച വാഹനത്തിലേക്ക് പണം കൈമാറിയതെന്നും പരാതിക്കാരി അവകാശപ്പെട്ടിരുന്നു. ധീരജിനെ സിബിഐ ചോദ്യം ചെയ്തപ്പോൾ ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നു. മുഖ്യമന്ത്രി ഉമ്മൻചാണ്ടി അക്കാലത്ത് ഉപയോഗിച്ചത് മാരുതി കാറല്ലെന്നും ടയോട്ട കമ്പനിയുടെ കാറാണെന്നും സർക്കാർ രേഖകളിൽനിന്ന് വ്യക്തമായി. മുഖ്യമന്ത്രി ഡൽഹിയിലെത്തുമ്പോഴെല്ലാം ടയോട്ടയുടെ കാറാണ് ഉപയോഗിച്ചിരുന്നത്. 

court-order
സോളർ കേസിൽ പരാതിക്കാരിയുടെ ഹർജി തള്ളിക്കൊണ്ടുള്ള കോടതി ഉത്തരവിന്റെ പകർപ്പ്.

പണം നൽകിയെന്ന് പരാതിക്കാരി അവകാശപ്പെടുന്ന 2012 ഡിസംബർ 12ന് മുഖ്യമന്ത്രി ഉപയോഗിച്ച കാർ വിമാനത്താവളത്തിലേക്ക് മാത്രമാണ് പോയതെന്നും മറ്റൊരിടത്തും പോയിട്ടില്ലെന്നും സിബിഐ രേഖയിലൂടെ സമർഥിച്ചു. തന്റെ സമ്പാദ്യത്തിൽനിന്നാണ് 10 ലക്ഷംരൂപ കൈക്കൂലിയായി നൽകിയതെന്ന വാദത്തിനും തെളിവ് ഹാജരാക്കാൻ പരാതിക്കാരിക്ക് കഴിഞ്ഞില്ല. രണ്ടാം ഘട്ട കൈക്കൂലി പണമായി 80 ലക്ഷം രൂപ നൽകിയെന്നാണ് പരാതിക്കാരി അവകാശപ്പെട്ടത്. ഇതിൽ 62 ലക്ഷംരൂപ പരാതിക്കാരിയുടെ വീട്ടിൽവച്ചാണ് നൽകിയത്. വീട്ടുജോലിക്കാരി അടക്കം 2 പേരുടെ സാന്നിധ്യത്തിലാണ് 2013 മാർച്ച് 23ന് പണം നൽകിയതെന്നും ബിജു രാധാകൃഷ്ണന്റെ അടുത്തുനിന്ന് ശ്രീജിത്തെന്ന യുവാവാണ് പണം വീട്ടിലേക്ക് കൊണ്ടുവന്നതെന്നും പരാതിക്കാരി അവകാശപ്പെട്ടു. സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ ശ്രീജിത്ത് ഇക്കാര്യം നിഷേധിച്ചു. കേരള പൊലീസിന് തെറ്റായ മൊഴി നൽകിയത് പണം വാങ്ങിയാണെന്നും അയാൾ സമ്മതിച്ചു. 

ബാലരാമപുരത്തെ വസ്തു വിൽപ്പന നടത്തിയാണ് തോമസ് കുരുവിളയ്ക്ക് പണം നൽകിയതെന്നായിരുന്നു പരാതിക്കാരി അവകാശപ്പെട്ടത്. ബാലരാമപുരം സബ് റജിസ്ട്രാർ ഓഫിസിൽ അങ്ങനെയൊരു വസ്തുക്കച്ചവടം നടന്നതായി രേഖയില്ലായിരുന്നു. 10 ലക്ഷംരൂപ സ്വകാര്യ നിക്ഷേപത്തിൽനിന്ന് പിൻവലിച്ചാണ് കൈക്കൂലി നൽകിയതെന്ന് പറഞ്ഞെങ്കിലും അതിനും തെളിവില്ലായിരുന്നു. 2012ൽ നടന്ന സംഭവത്തിൽ 2021ലാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. ഇലക്ട്രോണിക് തെളിവുകൾ 2021ൽ ലഭ്യമായിരുന്നില്ല. ഇത്രയും വർഷത്തിനുശേഷം സിസിടിവി ദൃശ്യങ്ങളും പരിശോധിക്കാൻ കഴിയുമായിരുന്നില്ല.

English Summary: Solar case; Court dismisses petition against Oommen Chandy: Court Order

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com