ലക്നൗ∙ സ്ത്രീകളെ ശല്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘യമരാജൻ’ (യമന്‍) അത്തരക്കാരെ കാത്തിരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്കർനഗറിൽ ബൈക്കിലെത്തിയ അക്രമികൾ ഷാൾ വലിച്ചതിനെ തുടർന്ന് സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന 11–ാം ക്ലാസ് വിദ്യാർഥിനി മരിച്ച സംഭവത്തിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം.
‘‘നിയമം എല്ലാ പൗരന്മാർക്കും സംരക്ഷണം നൽകുമെന്ന് മുന്‍പു പറഞ്ഞിട്ടുണ്ട്. റോഡിലൂടെ നടക്കുന്ന മകളെ ആരെങ്കിലും ശല്യപ്പെടുത്തിയാൽ, അടുത്ത ക്രോസ്റോഡിൽ ‘യമരാജ്’ അവരെ കാത്തിരിക്കും. അവരെ യമരാജന്റെ അടുത്തേക്കു കൊണ്ടുപോകുന്നത് തടയാൻ ആർക്കും കഴിയില്ല’’– അദ്ദേഹം പറഞ്ഞു. ഗോരഖ്പുരിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളിയാഴ്ചയാണ് സൈക്കിളിൽ യാത്ര ചെയ്ത പെൺകുട്ടി മരിച്ചത്. അക്രമികൾ ഷാൾ വലിച്ചതിനു പിന്നാലെ, ബാലൻസ് നഷ്ടപ്പെട്ടു നിലത്ത് വീണ വിദ്യാർഥിനിയെ പിന്നാലെ വന്ന ബൈക്ക് ഇടിച്ചശേഷം ദേഹത്തുകൂടി കയറിയിറങ്ങുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
English Summary: 'Yamraj' waiting for you: Yogi Adityanath's warning to those harassing women