ADVERTISEMENT

തിരുവനന്തപുരം∙ മാധ്യമങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പുനസംഘടനാ വിഷയം എൽഡിഎഫിനകത്ത് ചർച്ച ചെയ്തിട്ടില്ല. നേരത്തെ അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടെങ്കിൽ അത് നടപ്പിലാക്കാൻ കെൽപ്പുള്ള മുന്നണിയാണ് എൽഡിഎഫ്. അത് തക്ക സമയത്ത് നടപ്പിലാക്കുകയും ചെയ്യും. മാധ്യമങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ പുനഃസംഘടന ഉണ്ടാകില്ല. നടപ്പാക്കും എന്നു പറഞ്ഞ കാര്യം നടപ്പിലാക്കും’–മുഖ്യമന്ത്രി പറഞ്ഞു.

സോളർ കേസിലെ ഗൂഢാലോചനയിൽ ചില കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും ഇനിയും കാര്യങ്ങൾ പുറത്തു വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില സ്ഥാനങ്ങൾക്കായി യുഡിഎഫിൽ ഗൂഢാലോചന നടന്നു. സോളർ കേസിലെ സിബിഐ റിപ്പോർട്ട് സംബന്ധിച്ച് യുഡിഎഫിന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് താൻ നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. നിയമസഭയിൽ പറ‍ഞ്ഞ കാര്യം എല്ലാവരും കേട്ടതാണ്. ഗൂഢാലോചന അന്വേഷിക്കണമെന്ന കാര്യത്തിൽ യുഡിഎഫ് എന്തു കൊണ്ട് പുറകോട്ട് പോകുന്നു എന്നത് ആലോചിക്കണം. എന്തിനാണ് ഇപ്പോൾ സിബിഐ റിപ്പോർട്ട് പുറത്തു കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

‘എന്തായിരുന്നു റിപ്പോർട്ട് പുറത്തുവന്നതിന്റെ ഫലം? ആരെയാണ് വിവാദം കൂടുതൽ ബാധിക്കുക. മുഖ്യമന്ത്രിയായ എന്നെയാണോ ഉമ്മൻചാണ്ടിയെ ആണോ. ആർക്കും വ്യക്തമായി അറിയാം ഉമ്മൻചാണ്ടിയെ ആണ് വിവാദം ബാധിക്കുകയെന്ന്. അക്കാര്യം ഞാൻ നിയമസഭയിൽ ശ്രദ്ധയിൽപ്പെടുത്തി. അതാണ് യുഡിഎഫിന് ഇടയിൽ തന്നെ പ്രശ്നമായത്. പ്രധാന യുഡിഎഫ് നേതാക്കൾ സോളർ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടുണ്ട്. സോളർ വിവാദകാലത്തേ ചില കാര്യങ്ങൾ മറഞ്ഞിരുന്നു എന്നാണ് യുഡിഎഫ് നേതാക്കളുടെ പ്രതികരണം വ്യക്തമാക്കുന്നത്. അതെന്തിനാണ് സർക്കാരിന്റെ പിടലിക്കിടുന്നത്. അന്നത്തെ പ്രതിപക്ഷം എന്ന നിലയിൽ എൽഡിഎഫ് പ്രതിഷേധം നടത്തി. സിബിഐ അന്വേഷണം വേണമെങ്കിൽ പ്രതിപക്ഷം പറയട്ടെ’–മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിനിടെ അയിത്തപരമായ പ്രശ്നമുണ്ടായെന്ന ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഉണ്ടായ അയിത്ത നിലപാടാണ് അദ്ദേഹം വെളിപ്പെടുത്തിയത്. മന്ത്രിയുമായി സംസാരിച്ചിട്ടില്ല. പക്ഷേ, അദ്ദേഹം പറഞ്ഞത്  കൃത്യമാണ്. സമൂഹത്തിൽ നടക്കുമെന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടന്നത്. പരിശോധിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിപ്പ ഭീഷണി പൂർണമായി ഒഴിഞ്ഞു എന്നു പറായാനാകില്ലെന്നു മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. 7 മാസത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഫെബ്രുവരി 9നാണ് മുഖ്യമന്ത്രി അവസാനമായി മാധ്യമങ്ങളെ കണ്ടത്. കൂടുതൽപേരിലേക്ക് നിപ്പ രോഗം പടർന്നിട്ടില്ലെന്നും വ്യാപനം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യസംവിധാനം ജാഗ്രതയോടെ പ്രവർത്തിക്കുന്നു. തുടക്കത്തില്‍ കണ്ടെത്തിയതിനാൽ അപകടകരമായ സാഹചര്യം ഒഴിവായി. 994 പേർ നിരീക്ഷണത്തിലാണ്. 304പേരുടെ സാംപിൾ ശേഖരിച്ചു. ഇതിൽ 267 പേരുടെ പരിശോധനാഫലം ലഭിച്ചു. 6 പേർ പോസിറ്റീവായി. കോഴിക്കോട് മെഡിക്കൽ കോളജിൽ 9 പേർ നിരീക്ഷണത്തിലുണ്ട്.

നിപ്പ രണ്ടാം തരംഗത്തിനുള്ള സാധ്യത കുറവാണെങ്കിലും പൂർണമായി തള്ളിക്കളയാനാകില്ല. 2018നും, 19നും സമാനമായ കാര്യങ്ങളാണ് ഇത്തവണയും കണ്ടെത്തിയത്. 36 വവ്വാലുകളുടെ സാംപിൾ ശേഖരിച്ചെങ്കിലും വൈറസ് സാന്നിധ്യം കണ്ടെത്താനായിട്ടില്ല. എന്തുകൊണ്ട് വീണ്ടും കോഴിക്കോട് നിപ്പ ബാധയുണ്ടായി എന്ന് ഐസിഎംആറും വ്യക്തമാക്കുന്നില്ല. സംസ്ഥാനം ഇക്കാര്യത്തിൽ പഠനം നടത്തും. ഐസിഎംആറിന്റെ പഠന റിപ്പോർട്ട് കേരളത്തിന് ലഭ്യമാകും. വിദഗ്ധസമിതിയുടെ ശുപാർശ അനുസരിച്ച് കണ്ടെയ്ൻമെന്റ് സോണിലെ കടകൾ തുറക്കുന്നത് വൈകിട്ട് 5 മണിവരെ എന്നത് രാത്രി 8 ആക്കി. സമയം പരിഷ്ക്കരിക്കുന്നത് 22ന് വീണ്ടും ചർച്ച ചെയ്തശേഷം തീരുമാനിക്കും.– മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളെ കാണാതിരുന്നതിൽ അസ്വാഭാവികതയില്ലെന്നും ചോദ്യങ്ങളെ ഭയപ്പെടുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളെ വേണ്ട എന്നു വച്ചാൽ താൻ ഇന്ന് വാർത്താ സമ്മേളനത്തിനു വരുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ശബ്ദത്തിന് ചില പ്രശ്നങ്ങൾ വന്നതും വാർത്താ സമ്മേളനത്തിനു പ്രശ്നമായി.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് എല്ലാവരും വിലയിരുത്തി കഴിഞ്ഞതാണെന്നും അതിൽനിന്ന് വ്യത്യസ്തമായി ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി. പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് പ്രത്യേക സാഹചര്യം ഉണ്ടായിട്ടുണ്ട്. ആ തിരഞ്ഞെടുപ്പിന് അതിന്റെ പ്രത്യേകതയുണ്ട്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽതന്നെ അതു ദൃശ്യമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാർ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യുഡിഎഫ് ആവശ്യപ്പെട്ടാൽ അന്വേഷണം നടത്തും. ഇനിയും പുറത്തുവരാനുണ്ട്. ഡയറിയിലെ പിവി താനല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

English Summary: CM Pinarayi Vijayan's press meet today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com