തിരുവനന്തപുരം∙ ദേവസ്വം മന്ത്രി കെ.രാധാകൃഷ്‌ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്‌നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേരളത്തില്‍ ഒരുകാലത്ത് ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തം ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ് ജാതി വിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ പൊതുവില്‍ ഇല്ലാതായത്.
ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെയുള്‍പ്പെടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്. പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ് മന്ത്രി രാധാകൃഷ്‌ണന് ജാതി വിവേചനം അനുഭവപ്പെട്ടത്. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
English Summary: CPM statement on Caste Discrimination faced by Minister K Radhakrishnan