കൊല്ലം∙ മന്ത്രിസഭ പുനഃസംഘടനാ വാർത്തകൾ പുറത്തുവരുന്നതിനിടെ ഗണേഷിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് എം.എം.ഹസ്സൻ. ഗണേഷ് കുമാറിനെപ്പോലുള്ള സാധനത്തെ പിടിച്ച് നിയമസഭയിൽ വച്ചാൽ മുഖം മിനുങ്ങുകയല്ല, മുഖം കെടുകയാണ് ചെയ്യുകയെന്ന് ഹസ്സൻ പറഞ്ഞു. പത്തനാപുരത്ത് കെ.ബി.ഗണേഷ് കുമാറിന്റെ ഓഫിസിലേക്ക് നടത്തിയ യുഡിഎഫ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പിണറായി വിജയന് നല്ലൊരു അവസരമാണ് വന്നിരിക്കുന്നത്. സർക്കാരിന്റെ മുഖം മിനുക്കാൻ അദ്ദേഹം മന്ത്രിസഭ പുനഃസംഘടിപ്പിക്കാൻ പോകുന്നു. പക്ഷേ ഇതുപോലൊരു സാധനത്തെ പിടിച്ച് മന്ത്രിസഭയിൽ വച്ചാൽ മുഖം വികൃതമാകുകയും ചീഞ്ഞ് അളിഞ്ഞ് ദുർഗന്ധം വമിക്കുകയും ചെയ്യുമെന്നത് അദ്ദേഹം ഇനി അറിയാൻ പോകുകയാണ്.
പത്രക്കാർ ഞങ്ങളോട് ചോദിച്ചു, ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ നിങ്ങൾക്ക് എന്താണ് അഭിപ്രായമെന്ന്? അത് ഞങ്ങളുടെ കാര്യമല്ലല്ലോ. ഗണേഷ് കുമാറിനെ മന്ത്രിയാക്കുകയോ, പിണറായി വിജയൻ രാജിവച്ച് അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുകയോ ചെയ്താൽ അതിലൊന്നും യുഡിഎഫിന് അഭിപ്രായമില്ല. പക്ഷേ ഇതുപോലൊരു ക്രിമിനൽ കുറ്റവാളിയെ കേരളത്തിലെ മന്ത്രിയാക്കാൻ പിണറായി വിജയനെപ്പോലൊരാൾ ശ്രമിക്കുമോ ആഗ്രഹിക്കുമോ എന്നൊക്കെ കണ്ടറിയേണ്ടതാണ്.
എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ പോകുന്നൊരാളെ മന്ത്രിയാക്കരുത് എന്ന് പറയാനുള്ള ഗതികേടൊന്നും ഞങ്ങൾക്കില്ല. ഇദ്ദേഹം രാജിവയ്ക്കണം. എംഎൽഎ സ്ഥാനത്ത് തിരഞ്ഞെടുത്താൽ രാജിവയ്ക്കാൻ പറയാൻ വോട്ടർമാർക്ക് അവകാശമില്ലെന്ന് ഞങ്ങൾക്കറിയാം. ജനപ്രാതിനിധ്യ നിയമമൊക്കെ ഞങ്ങൾക്ക് നന്നായി അറിയാം. പക്ഷേ ക്രിമിനൽ കുറ്റം ചെയ്താൽ എംഎൽഎ സ്ഥാനത്ത് അയോഗ്യതയുണ്ടാക്കാൻ ഈ രാജ്യത്ത് വ്യവസ്ഥയുണ്ട്.
വളരെ നിസാരമായ കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്തിലെ കോടതി അയോഗ്യത കൽപ്പിച്ചത് നാം കണ്ടു. ഇതു വളരെ ക്ലിയർ കേസാണ്. സിബിഐ അന്വേഷണം നടത്തി അതിലുള്ള കുറ്റം കണ്ടുപിടിച്ച് തെളിയിച്ച് അതിലുള്ള പങ്കാളിത്തം പറഞ്ഞിരിക്കുന്നു. നീതിന്യായ കോടതികൾ ഞങ്ങൾക്ക് ഉണ്ട്, പക്ഷേ ജനകീയ കോടതിയുടെ മുന്നിലാണ് ഞങ്ങൾ വന്നിരിക്കുന്നത്. പത്തനാപുരത്തെ പ്രബുദ്ധരായ വോട്ടർമാർക്ക് അവർക്കു പറ്റിയ തെറ്റ് തിരുത്താൻ ഇനി അവസരം വരും. പക്ഷേ ഇപ്പോൾ എംഎൽഎയായി തുടരാനുള്ള നിയമപരവും ധാർമികവുമായി അവകാശം നഷ്ടപ്പെട്ടിരിക്കുന്നു.’– എം.എം.ഹസ്സൻ പറഞ്ഞു.
English Summary: MM Hassan against K.B.Ganesh Kumar