ADVERTISEMENT

കോഴിക്കോട്∙ നിപ്പ പരിശോധനയിൽ പുതിയ പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അവലോകന യോഗത്തിന് ശേഷം അറിയിച്ചു. 49 പേരുടെ ഫലം പരിശോധനാഫലം നെഗറ്റീവാണ്. ആദ്യത്തെ രോഗിയുടെ ഹൈറിസ്‌ക് സമ്പർക്കത്തിൽപ്പെട്ട 281 പേരുടെ ഐസലേഷൻ പൂർത്തിയായി. 36 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. നിലവിൽ 11 പേരാണ് ഐസലേഷനിലുള്ളത്. ചികിത്സയിലുള്ള മൂന്നു രോഗികളുടെയും നില തൃപ്തികരമാണ്. ചികിത്സയിലുള്ള കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. വീടുകളിൽ നടക്കുന്ന സർവേ ഫറോക്ക് ഒഴികെ എല്ലായിടത്തും പൂർത്തിയായി. 52,667 വീടുകളിലാണ് സർവേ പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

∙ ഇപ്പോഴത്തെ വൈറസ് മുൻവർഷങ്ങളിലെ അതേ വൈറസ് 

ഐസിഎംആർ, എൻഐവി പുണെ എന്നിവർ മനുഷ്യരിലും വവ്വാലുകളിലും നടത്തിയ പഠനം (ഹ്യുമൻ സീക്വൻസിംഗ്) തെളിയിക്കുന്നത് 2018, 2019, 2021 വർഷങ്ങളിലെ അതേ നിപ്പ വൈറസ് തന്നെയാണ് 2023ലും എന്നാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. മ്യൂട്ടേഷൻ ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം. കൂടുതൽ പഠനം നടത്തേണ്ടതുണ്ട്. നിപ്പ രോഗവ്യാപനം ഉണ്ടായതിന് അടുത്ത ഒരു പ്രത്യേക സ്ഥലത്തുനിന്ന് എടുത്ത 36 വവ്വാൽ സാംപിളുകൾ പരിശോധിച്ചത് നെഗറ്റീവായിരുന്നു. തൊട്ടടുത്ത സ്ഥലത്തുനിന്നും സാംപിൾ എടുത്തിട്ടുണ്ട്.

ഐസിഎംആർ ലാബ്, മൃഗസംരക്ഷണ വകുപ്പിൽനിന്നുള്ളവർ ജില്ലയിൽ പരിശോധന നടത്തിവരുന്നു. ഇതുസംബന്ധിച്ച പരീക്ഷണങ്ങൾ തുടരും. കാട്ടുപന്നികൾ ചത്തതിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു. ഇതുവരെ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് കേന്ദ്ര സംഘം അറിയിച്ചത്. ആദ്യരോഗിക്ക് എവിടെ നിന്നാണ് രോഗം വന്നത് എന്നതിന്റെ പരിശോധന നടക്കുന്നു. വൈറസ് സംബന്ധിച്ച പരീക്ഷണങ്ങൾ ഐസിഎംആറിന് അല്ലാതെ നടത്താൻ അനുവാദം ഇല്ല. രോഗനിർണയത്തിനായി ചെയ്യാൻ മാത്രമാണ് സംസ്ഥാനങ്ങൾക്ക് അനുവാദം ഉള്ളത്. കേരളത്തിലെ മറ്റു ജില്ലകളിലും ഇന്ത്യയിൽ എല്ലായിടത്തും നിപ്പ സാധ്യത ഉണ്ട്. കേരളത്തിലെ ആരോഗ്യ സംവിധാനം ശക്തമായതുകൊണ്ട് രോഗം നാം കണ്ടുപിടിക്കുന്നു എന്ന് മാത്രമാണെന്നും മന്ത്രി പറഞ്ഞു.

∙ സമ്പർക്കത്തിലുള്ളവർക്ക് 21 ദിവസം ഐസലേഷൻ നിർബന്ധം 

നിപ്പ രോഗബാധിതരുമായി സമ്പർക്കത്തിലായിരുന്ന എല്ലാവരും നിർബന്ധമായും 21 ദിവസം ഐസലേഷനിൽ കഴിയണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. പരിശോധയിൽ നെഗറ്റീവ് ആയാലും ഐസലേഷൻ നിർബന്ധമാണ്. ഹൈറിസ്‌ക്, ലോറിസ്‌ക് സമ്പർക്കമുള്ള എല്ലാവർക്കും ഇത് ബാധകമാണ്. 21 ദിവസത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും വൈറസ് സജീവമാകാം എന്നതിനാലാണിതെന്നും മന്ത്രി പറഞ്ഞു.

നിപ്പ സമ്പർക്കപ്പട്ടികയിൽ ഇതുവരെ 1270 പേരെ ഉൾപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. അതേസമയം, ചെറുവണ്ണൂർ സ്വദേശിക്ക് നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച കോഴിക്കോട് കോർപറേഷൻ, ഫറോക്ക് നഗരസഭ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും. വരും ദിവസങ്ങളിൽ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ച് ഇളവുകൾ തീരുമാനിക്കും. 13നു കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച 58 വാർഡുകളിൽ നിയന്ത്രണങ്ങളിൽ നേരിയ ഇളവു വരുത്തും. രോഗബാധിതരെ നിരീക്ഷിക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരുക്കിയ 75 മുറികളിൽ 60 എണ്ണം ഒഴിവുണ്ട്.

∙ അമിത ആത്മവിശ്വാസം വേണ്ട, ജാഗ്രത തുടരണം: മന്ത്രി മുഹമ്മദ് റിയാസ്

നിപ്പ രോഗഭീതി ഒഴിയുകയാണെങ്കിലും അമിത ആത്മവിശ്വാസത്തിലേക്ക് പോവരുതെന്നും അത് അപകടം ചെയ്യുമെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഇതുവരെ സ്വീകരിച്ച ജാഗ്രത തുടരണം. ജില്ലയിൽ എല്ലാവരും കൃത്യമായി മാസ്‌ക് ഉപയോഗിക്കണം. ഇതുവരെ എല്ലാവരും ഒരുമിച്ച് ഒറ്റക്കെട്ടായി സ്വീകരിച്ച സമീപനം തുടർന്നാൽ ഏതാനും ദിവസം കൊണ്ട് നല്ല നിലയിലേക്ക് എത്തിക്കാൻ കഴിയും. കണ്ടെയ്ൻമെന്റ് സോണുകളിൽ വൊളന്റിയർ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സർക്കാർ നിലപാടിനൊപ്പം കോഴിക്കോടിലെ ജനത ഒപ്പം നിന്നുവെന്നും മന്ത്രി പറഞ്ഞു.

English Summary: Nipah Virus: 49 More Samples are Negative

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com