കോഴിക്കോട്∙ നിപ്പ വൈറസിനു രൂപമാറ്റം (മ്യൂട്ടേഷൻ) സംഭവിച്ചിട്ടില്ലെന്നാണ് നിഗമനമെന്ന് മന്ത്രി വീണാ ജോർജ്. ആദ്യ രോഗിക്ക് എവിടെ നിന്നാണ് രോഗം വന്നതെന്നതിന്റെ പരിശോധന നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ വൈറസ് സാന്നിധ്യമുണ്ടെന്ന് ഐസിഎംആർ കണ്ടെത്തിയിരുന്നു. എന്നാൽ 2018ൽ കണ്ടെത്തിയ വൈറസിനു രൂപമാറ്റം വന്നിട്ടില്ലെന്നാണ് നിലവിലെ നിഗമനം.
പുണെയിൽ നിന്നുള്ള വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് നിപ്പയ്ക്കു കാരണമായ വൈറസിനു ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നു കണ്ടെത്തിയത്. 2018, 19, 21 വർഷങ്ങളിൽ കോഴിക്കോട് ജില്ലയിൽ നിപ്പ റിപ്പോർട്ട് ചെയ്തപ്പോൾ മനുഷ്യരിൽ നിന്നും വവ്വാലുകളിൽ നിന്നും ശേഖരിച്ച സാംപിളുകളിലെ വൈറസും ഇപ്പോൾ കണ്ടെത്തിയ വൈറസും തമ്മിൽ 99.7% സാമ്യമുണ്ടെന്നാണ് പരിശോധനയിൽ തെളിഞ്ഞത്. എല്ലാറ്റിലും ഒരേ സ്വീക്കൻസാണ്.
നിപ്പ രോഗവ്യാപനം നടന്ന സ്ഥലത്തുനിന്ന് എടുത്ത സാംപിളുകളിൽ 36 സാംപിളുകളുടെ ഫലം നെഗറ്റീവാണെന്ന് മന്ത്രി പറഞ്ഞു. ഐസിഎംആർ സംഘവും മൃഗസംരക്ഷണ വകുപ്പ് സംഘവും ജില്ലയിൽ പരിശോധന നടത്തിവരികയാണ്. ചത്തനിലയിൽ കണ്ടെത്തിയ കാട്ടുപന്നികളുടെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഇതുവരെ അസ്വാഭാവികമായി ഒന്നും ഇല്ലെന്നാണ് കേന്ദ്രസംഘം അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
നിയന്ത്രണങ്ങൾ തുടരും
ചെറുവണ്ണൂർ സ്വദേശിക്ക് നിപ്പ സ്ഥിരീകരിച്ചതിനെതുടർന്ന് കണ്ടെയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ച കോർപ്പറേഷൻ, ഫറോക്ക് നഗരസഭ പരിധികളിലെ വാർഡുകളിൽ നിയന്ത്രണങ്ങൾ തുടരും. മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായിരുന്ന അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്. മേയർ ബീനാ ഫിലിപ്പ്, ഫറോക്ക് നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ്, കലക്ടർ എ.ഗീത, എഡിഎം സി.മുഹമ്മദ് റഫീഖ്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.എസ്. ഷിനോ എന്നിവർ പങ്കെടുത്തു.
English Summary: Nipah virus has not mutated; says Veena George