ഇന്ത്യ–കാനഡ തർക്കം: പാർലമെന്റിൽ എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

Mail This Article
ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. ഈ വർഷം ജൂണിൽ ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാർ കൊലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വളഷാകുന്നതിനിടെയാണ് കൂടിക്കാഴ്ച. കാനഡ വിഷയം എസ്.ജയശങ്കർ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉച്ചയോടെ പാർലമെന്റിലെത്തിയിരുന്നു. എന്നാൽ, അജിത് ഡോവൽ എന്തിനാണ് പാർലമെന്റിലെത്തിയതെന്ന് വ്യക്തമല്ല.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ്സിങ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്കു ബന്ധമുണ്ടെന്നാരോപിച്ച് റിസർച് ആൻഡ് അനാലിസിസ് വിങ് (റോ) ഉന്നത ഉദ്യോഗസ്ഥൻ പവൻകുമാർ റായിയെ തിങ്കളാഴ്ച വൈകി കാനഡ പുറത്താക്കിയിരുന്നു. കാനഡ പൗരനായ നിജ്ജാറിന്റെ മരണത്തിനു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്കു പങ്കുണ്ടെന്ന 'വിശ്വസനീയമായ ആരോപണം' കനേഡിയൻ സുരക്ഷാ ഏജൻസികൾ അന്വേഷിച്ചുവരുന്നതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ വിശദീകരിച്ചതിനു പിന്നാലെയായിരുന്നു പുറത്താക്കൽ.
ഇതിനു പിന്നാലെ, കാനഡയുടെ വാദങ്ങൾ പൂർണമായും തള്ളിയ ഇന്ത്യ കാനഡ ഹൈക്കമ്മിഷണർ കാമറോൺ മക്കയോവെയെ വിദേശകാര്യമന്ത്രാലയ ഓഫിസിൽ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. തൊട്ടുപിന്നാലെ കാനഡയുടെ ഇന്റലിജൻസ് സർവീസ് തലവൻ ഒലിവർ സിൽവസ്റ്ററിനെ ഇന്ത്യ പുറത്താക്കി. 5 ദിവസത്തിനകം രാജ്യം വിടാനാണു നിർദേശം. ജി20 ഉച്ചകോടി സമാപിച്ച് ഒരാഴ്ച തികയുമ്പോഴാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത്. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവൻ ഹർദീപ് സിങ് നിജ്ജാർ ജൂണിലാണ് യുഎസ്– കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്.
English Summary: PM Modi meets Foreign Minister Jaishankar in Parliament amid row with Canada