ഓണം ബംപറിനെച്ചൊല്ലി തർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു

Mail This Article
കൊല്ലം∙ ചവറ തേവലക്കരയിൽ ഓണം ബംപർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. തേവലക്കര സ്വദേശി ദേവദാസ് (37) ആണ് മരിച്ചത്. ദേവദാസിന്റെ സുഹൃത്ത് അജിത്തിനെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു.
ദേവദാസ് ഓണം ബംപറെടുത്ത് അജിത്തിനെ ഏൽപ്പിച്ചിരുന്നു. നറുക്കെടുപ്പിനു മുൻപ് ടിക്കറ്റ് തിരിച്ചു ചോദിച്ചതോടെ തർക്കമായി. വാക്കുതർക്കത്തിനിടെ അജിത്ത് ദേവദാസിന്റെ കയ്യിൽ വെട്ടുകയായിരുന്നു. രക്തംവാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേവദാസിനെ ആശുപത്രിയിലെത്തിക്കാൻ നാട്ടുകാർ നടത്തിയ ശ്രമം അജിത് തടഞ്ഞു. പൊലീസ് എത്തി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു അവിടെ നിന്നും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ മരിച്ചു.
English Summary: Quarrel over Onam Bumper Ticket; Man hacked to death in Kollam