ADVERTISEMENT

ന്യൂഡൽഹി∙ ഖലിസ്ഥാൻ തീവ്രവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. നിജ്ജാറിനെ പിടികൂടാനായി ഇന്റർപോൾ വഴി ഇന്ത്യ റെഡ് കോർണർ നോട്ടിസ് (ആർസിഎൻ) പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ഇയാൾക്കു കാനഡ പൗരത്വം നൽകിയതെന്നാണു വെളിപ്പെടുത്തൽ. ഏറെക്കാലമായി തീരുമാനമെടുക്കാതിരുന്ന പൗരത്വ അപേക്ഷയിലാണ് കാനഡ പെട്ടെന്ന് നടപടിയെടുത്തതെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

റെഡ് കോർണർ നോട്ടിസ് ഇറക്കിയാൽ പ്രതിയെ അറസ്റ്റ് ചെയ്യുകയോ നാടുകടത്തുകയോ ആണ് ഒരു രാജ്യം ചെയ്യേണ്ടത്. എന്നാൽ, കാനഡ മറിച്ചാണു ചെയ്തതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിജ്ജാറിനെതിരെ 2014ൽ ആയിരുന്നു ആദ്യത്തെ റെഡ് കോർണർ നോട്ടിസ്. പിന്നീട് 2016ലും പുറപ്പെടുവിച്ചു. 2015ൽ ആണ് ഇയാൾക്കു പൗരത്വം നൽകിയതെന്നു കാനേഡിയൻ മന്ത്രി ചൊവ്വാഴ്ച പറഞ്ഞിരുന്നു. ഇതു വിവാദമായതോടെ 2007ൽ നിജ്ജാറിനു പൗരത്വം കിട്ടിയതായി തിരുത്തി. ഇതു സംശയകരമാണെന്ന നിലപാടിലാണ് ഇന്ത്യൻ ഏജൻസികൾ.

2014 നവംബർ 14നാണ് നിജ്ജാറിനെതിരെ ആദ്യ റെഡ് കോർണർ നോട്ടിസ് ഇറക്കിയത്. ഇതിനു മാസങ്ങൾക്കുശേഷം ഇയാൾക്കു കാനഡ പൗരത്വം നൽകിയത് എങ്ങനെയാണെന്ന് ഇന്ത്യ ചോദിക്കുന്നു. ‘‘2015 മാർച്ച് 3ന് നിജ്ജാർ കനേഡിയൻ പൗരനായിരുന്നു. അദ്ദേഹം കാനഡക്കാരനല്ലെന്ന ആക്ഷേപം അടിസ്ഥാനമില്ലാത്തതാണ്.’’ എന്നാണ് എമിഗ്രേഷൻ മന്ത്രി മാർക് മില്ലർ ചൊവ്വാഴ്ച സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) കുറിച്ചത്. 2007 മേയ് 25നു നിജ്ജാർ കനേഡിയൻ പൗരനായെന്നും മുൻപു പറഞ്ഞതു തന്റെ പിഴവാണെന്നും മില്ലർ പിന്നീടു തിരുത്തി.

‘രവി ശർമ’ എന്ന വ്യാജ പാസ്പോർട്ടുമായി 1997 ഫെബ്രുവരി പത്തിനാണു നിജ്ജാർ ടൊറന്റോയിൽ എത്തിയത്. അഭയാർഥിയായി പരിഗണിക്കണമെന്ന് 1998 ജൂണിൽ അപേക്ഷിച്ചപ്പോൾ കാനഡ നിരസിച്ചു. തന്നെ സ്പോൺസർ ചെയ്ത സ്ത്രീയെ ആ വർഷം നവംബറിൽ ഇയാൾ വിവാഹം ചെയ്തു. ഖലിസ്ഥാൻ ടൈഗർ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവനായ നിജ്ജാർ ജൂണിലാണു യുഎസ്– കാനഡ അതിർത്തിയിലെ സറെ നഗരത്തിൽ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. ഇന്ത്യ 10 ലക്ഷം രൂപ വിലയിടുകയും പിടികിട്ടാപ്പുള്ളികളായ 40 ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തയാളാണ്.

English Summary: Canada allowed Hardeep Singh Nijjar citizenship when India demanded his arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com