ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നതിനിടെ, ശിരോമണി അകാലിദള്‍ പ്രസിഡന്റും എംപിയുമായ സുഖ്ബീർ സിങ് ബാദൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ–കാനഡ തർക്കം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ബാദൽ, വീസ നൽകുന്നത് നിർത്തിയത് ഗുരുതരമായി ബാധിക്കുമെന്നും പറഞ്ഞു. 

‘‘ഇന്ത്യയും കാനഡയും തമ്മിലുള്ള നിലവിലെ സാഹചര്യം കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ വംശജരെയാണ് ബാധിക്കുന്നത്. ജനങ്ങൾക്കിടയിൽ പരിഭ്രാന്തിയുണ്ടാകുന്ന അവസ്ഥയാണ് രൂപപ്പെടുന്നത്. കേന്ദ്രസർക്കാർ ഉടൻ പരിഹാരം കാണണം. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് അഭ്യർഥിച്ചിട്ടുണ്ട്’’– അദ്ദേഹം പറഞ്ഞു. കനേഡിയൻ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള വീസ സേവനങ്ങൾ നിർത്തിവച്ചതിൽ അഗാധമായ ആശങ്കയുണ്ടെന്നും ബാദൽ പറഞ്ഞു.

‘‘ഇന്ത്യൻ വംശജരോ ആ രാജ്യത്തെ വിദ്യാർഥികളായോ താമസിക്കുന്ന ലക്ഷക്കണക്കിനു പഞ്ചാബികളെ ഇതു ബാധിക്കും. ഇതു പഞ്ചാബികളിൽ അനിശ്ചിതത്വവും ഉത്കണ്ഠയും സൃഷ്ടിക്കും. വിദ്യാർഥികളായി കാനഡയിലേക്കു പോകുന്ന, ഇപ്പോൾ അവിടെ താമസിക്കുന്ന യുവാക്കളെയും ഇതു ബാധിക്കും. കാനഡയിലെ പഞ്ചാബികളിൽനിന്നും അവരുടെ കുടുംബങ്ങളിൽനിന്നും നാട്ടിലുള്ള അവരുടെ ബന്ധുക്കളിൽനിന്നും സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ ഇടപെടൽ തേടി കോളുകളും സന്ദേശങ്ങളും വരുന്നുണ്ട്’’– അദ്ദേഹം പറഞ്ഞു. 

ഇന്ത്യ–കാനഡ നയതന്ത്ര സംഘർഷത്തിനിടെ, കനേഡിയൻ പൗരന്മാർക്കു വീസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചിരുന്നു. പ്രവർത്തനപരമായ കാരണങ്ങളാൽ, 2023 സെപ്റ്റംബർ 21 മുതൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വീസ സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നുവെന്ന് വീസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനൽ അവരുടെ വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു.

English Summary: Shiromani Akali Dal’s Sukhbir Singh Badal, meets Amit Shah amid tension with Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com