ADVERTISEMENT

മുംൈബ ∙ സുപ്രീം കോടതിയിൽ നിന്നു രൂക്ഷവിമർശനം ഏറ്റുവാങ്ങേണ്ടി വന്നിട്ടും മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയടക്കമുള്ള വിമത എംഎൽഎമാരുടെ അയോഗ്യതയിൽ തീരുമാനമെടുക്കാതെ സ്പീക്കർ. വിമതരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം നൽകിയ ഹർജിയിൽ അന്തിമതീരുമാനമെടുക്കാനുള്ള അധികാരം മേയ് 11നാണ് സുപ്രീം കോടതി മഹാരാഷ്ട്ര സ്പീക്കർക്കു കൈമാറിയത്. 

നാലു മാസമായിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഇതുവരെ എന്തെടുക്കുകയായിരുന്നെന്ന് കോടതി സ്പീക്കറോട് കഴിഞ്ഞ ദിവസം ചോദിച്ചത്.  ഒരാഴ്ചയ്ക്കുള്ളിൽ വിഷയം വീണ്ടും കോടതി പരിഗണിക്കാനിരിക്കെ തന്റെ ഭാഗത്ത് നിന്നു കാലതാമസമുണ്ടാകില്ലെന്നും എന്നാൽ, ധൃതിപിടിച്ച് നടപടികൾ പൂർത്തിയാക്കാൻ സാധിക്കില്ലെന്നുമാണ് സ്പീക്കറുടെ നിലപാട്. 

അയോഗ്യതാ വിഷയത്തിൽ വാദം കേൾക്കൽ കഴിഞ്ഞയാഴ്ച തുടങ്ങിയിരുന്നു. ഷിൻഡെ പക്ഷത്തും ഉദ്ധവ് വിഭാഗത്തിലുമായുള്ള 54 എംഎൽഎമാർക്കും തങ്ങളുടെ ഭാഗം പറയാനുള്ള അവസരം ബിജെപി നേതാവായ സ്പീക്കർ രാഹുൽ നർവേക്കർ നല‍കിയാൽ അന്തിമതീരുമാനം ഇനിയുമേറെ നീളും. അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്ന സ്പീക്കറുടെ നോട്ടിസിന് ഏക്നാഥ് ഷിൻഡെ പക്ഷത്തെ 40 എംഎൽഎമാരും 6000 പേജുകൾ വീതമുള്ള മറുപടിയാണ് സമർപ്പിച്ചത്. മിനി ട്രക്കിലാണ് ഇത് സ്പീക്കറുടെ ഓഫിസിലെത്തിച്ചത്. ഓരോരുത്തർക്കും പ്രത്യേക വാദം കേൾക്കൽ നടത്തണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. നടപടികൾ വൈകിപ്പിക്കാൻ വേണ്ടിയാണിതെന്നാണ് ആരോപണം. ഇത്രയേറെ രേഖകൾ പരിശോധിക്കാൻ സ്പീക്കർക്ക് സമയം ആവശ്യപ്പെടാം. അതിനാൽ, ബിജെപിയുടെ സഖ്യകക്ഷിയായ ഷിൻഡെ പക്ഷത്തിനെതിരെയുള്ള നടപടികൾ ഒഴിവാക്കാനാണ് സ്പീക്കറുടെ ശ്രമമെന്നാണ് ഉദ്ധവ് പക്ഷത്തിന്റെ ആരോപണം. 

അയോഗ്യതാ വിഷയത്തിലെ വാദംകേൾക്കലും തീരുമാനവും ലോക്സഭാ തിരഞ്ഞെടുപ്പ് വരെ വലിച്ചുനീട്ടാൻ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ഉദ്ധവ് പക്ഷം സ്പീക്കറുടെ മെല്ലപ്പോക്കിനെതിരെ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി സൗത്ത് മുംബൈ മണ്ഡലത്തിൽ രാഹുൽ നർവേക്കറെ സ്ഥാനാർഥിയാക്കാനുള്ള സാധ്യതയും തള്ളാനാകില്ല. അതുണ്ടായാൽ പുതിയ സ്പീക്കറുടെ തിരഞ്ഞെടുപ്പ്, വിഷയം പഠിക്കാൻ അദ്ദേഹത്തിന് ആവശ്യമായ സമയം, വാദം കേൾക്കൽ എന്നിങ്ങനെ നടപടികൾ വീണ്ടും നീട്ടാനാകും. ഒക്ടോബറിലാണ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്. 

ശിവസേനയിലെ അധികാരത്തർക്കത്തിനൊപ്പം അയോഗ്യത സംബന്ധിച്ച് എൻസിപിയിലെ ഇരുപക്ഷങ്ങൾ തമ്മിലുള്ള കേസും സ്പീക്കർക്ക് കൈകാര്യം ചെയ്യണമെന്നതിനാൽ വലിയ വെല്ലുവിളിയാണ് അദ്ദേഹം നേരിടുന്നത്.

English Summary: Shiv Sena Disqualification Controversy was ruled out by the supreme court, speakers decision will be extended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT