ADVERTISEMENT

ജക്കാർത്ത∙ ഇന്തൊനീഷ്യയിൽ പന്നിയിറച്ചി കഴിക്കുന്നതിനു മുൻപ് ഇസ്‍ലാമിക പ്രാർഥന ചൊല്ലുകയും അത് ടിക്ടോക്കിൽ പ്രചരിപ്പിക്കുകയും ചെയ്ത യുവതിക്ക് രണ്ടു വർഷം തടവ്. സമൂഹമാധ്യമത്തിൽ ലിന മുഖർജി എന്നറിയപ്പെടുന്ന ലിന ലുത്ഫിയാവതിയ്ക്കെതിരെ ഇന്തൊനീഷ്യയിലെ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്. ബാലി സന്ദർശനത്തിനിടെയാണ് യുവതി ഇസ‍്‍ലാമിക പ്രാർഥന ചൊല്ലിയതിനു ശേഷം പന്നിയിറച്ചി കഴിക്കുകയും അതിന്റെ വിഡിയോ ടിക്ടോക്കിൽ പങ്കുവയ്ക്കുകയും ചെയ്തത്.

സുമാത്ര ദ്വീപിലെ പാലേംബംഗ് ജില്ലാ കോടതിയാണ് മുപ്പത്തിമൂന്നുകാരിയായ ലിനയ്ക്കു ശിക്ഷ വിധിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിനും പ്രത്യേക മതവിശ്വാസം പിന്തുടരുന്ന ആളുകൾക്കുമെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയിൽ പ്രസ്താവന നടത്തിയെന്നാണ് കോടതി നിരീക്ഷിച്ചത്. രണ്ടു വർഷത്തെ തടവിനു പുറമേ 13,46,929 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.

വിധി കേട്ട് പുറത്തിറങ്ങിയ ലിന മാധ്യമങ്ങൾക്കു മുന്നിൽ ഞെട്ടൽ രേഖപ്പെടുത്തി. താൻ ചെയ്തത് തെറ്റാണെന്ന് അറിയാമെന്നും എന്നാൽ ഇത്രയും കടുത്ത ശിക്ഷ പ്രതീക്ഷിച്ചില്ലെന്നും മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്നും അവർ അറിയിച്ചു.

ലോകത്ത് ഏറ്റവും കൂടുതൽ മുസ്‍ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തൊനീഷ്യ. ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ മതനിന്ദ നിയമം ആയുധമാക്കുന്നത് വർധിക്കുന്നെന്ന് ആരോപിച്ച് ഇന്തൊനീഷ്യയിലെ മറ്റു വിഭാഗക്കാർ കുറേനാളുകളായി പ്രതിഷേധം ഉയർത്തുന്നുണ്ട്.

English Summary: Indonesia jails woman who recited Muslim prayer before trying pork on TikTok

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com