ആരോഗ്യമന്ത്രിയെ ‘സാധനം’ എന്ന് വിളിച്ചു: കെ.എം. ഷാജി മാപ്പു പറയണമെന്ന് പി.കെ. ശ്രീമതി

Mail This Article
തിരുവനന്തപുരം∙ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന് സിപിഎം നേതാവ് പി.കെ. ശ്രീമതി. ഷാജിയുടെ പ്രസ്താവന അപലപനീയമാണ്. സാധാരണ മനുഷ്യരെ ആരും സാധനം എന്നൊന്നും പറയാറില്ല. അമ്മയെയും സഹോദരിയെയും ഇങ്ങനെയാണോ കാണുന്നതെന്നും പി.കെ. ശ്രീമതി ചോദിച്ചു.
‘‘മുൻനിയമസഭാ സാമാജികനും അറിയപ്പെടുന്ന പാർട്ടിയുടെ പൊതുപ്രവർത്തകനുമാണ് കെ.എം. ഷാജി. ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ അദ്ദേഹം പൊതുപരിപാടിയിൽ ഒരു പ്രസംഗം നടത്തി. പ്രത്യേക പദം ഉപയോഗിച്ച് വീണാ ജോർജിനെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചു. സാധാരണ മനുഷ്യരെ സാധനം എന്നൊന്നും പറയാറില്ല. ആരോഗ്യമന്ത്രിയെ ഇതെന്തൊരു സാധനം എന്നാണ് വിശേഷിപ്പിച്ചത്. അങ്ങേയറ്റം ദൗർഭാഗ്യകരമാണ്.’’– പി.കെ. ശ്രീമതി പറഞ്ഞു.
ആർക്കും ആരെയും വിമർശിക്കാം. അത് ഏതു രാഷ്ട്രീയ പ്രവർത്തകന്റെയും കടമയാണ്. പക്ഷേ ഒരു വ്യക്തിയെ സമൂഹമധ്യത്തിൽ വളരെ മോശം ഭാഷ ഉപയോഗിച്ച് തേജോവധം ചെയ്യുന്നത് പൊതുരംഗത്തു പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനോ പ്രവർത്തകനോ ഭൂഷണമല്ലെന്നും അവർ പ്രതികരിച്ചു. ‘ഇത്തരത്തിൽ വൃത്തികെട്ട ഭാഷ ഉപയോഗിച്ച് സ്ത്രീകളെ സമൂഹമധ്യത്തിൽ തേജോവധം ചെയ്യാൻ ശ്രമിക്കരുത്. ഈ വാക്കും രീതിയും ഷാജി പിൻവലിച്ച് നിരുപാധികം മാപ്പുപറയണം. എന്തെങ്കിലും ഇഷ്ടക്കേടുണ്ടെങ്കിൽ ഇങ്ങനെയാണോ അധിക്ഷേപിക്കുന്നതെന്നും പി.കെ. ശ്രീമതി ചോദിച്ചു.
English Summary: Muslim League Leader K.M. Shaji Slams Health Minister Veena George, Calls for Apology