മുഖംമൂടി ധരിച്ച അജ്ഞാതൻ യുവതിയെ ആക്രമിച്ച സംഭവം: പൊലീസ് ഉദാസീനത കാണിച്ചെന്ന പരാതിയിൽ കേസ്

Mail This Article
കോഴിക്കോട്∙ കുറ്റ്യാടി കക്കട്ടിലിലെ ഭർത്താവിന്റെ വീട്ടിൽ ഹൈദരാബാദ് സ്വദേശിനിക്കു നേരെ ആക്രമണം നടന്നിട്ടും പൊലീസ് കേസെടുക്കാതെ ഉദാസീനത കാണിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. റൂറൽ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ആക്റ്റിങ് ചെയർപഴ്സൻ കെ.ബൈജുനാഥ് നിർദ്ദേശിച്ചു.
വീടിന്റെ മുകൾനിലയിൽ ഉറങ്ങുന്നതിനിടയിലാണ് മുഖംമൂടി ധരിച്ച അജ്ഞാതൻ യുവതിയെ ആക്രമിച്ചത്. ഭർതൃമാതാവും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഞായറാഴ്ച പുലർച്ചെയുണ്ടായ സംഭവത്തിൽ പൊലീസ് തെളിവുശേഖരണത്തിന് എത്തിയത് ഞായറാഴ്ച വൈകിട്ടാണ്. മൊഴിയെടുക്കാൻ വിളിപ്പിച്ച പൊലീസ് വഴിയിൽ ഇറക്കിവിട്ടു. എഫ്ഐആറിന്റെ പകർപ്പ് നൽകിയില്ല. അതേസമയം, എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കുന്ദമംഗലത്തെ ഓട്ടോ - ടാക്സി ഡ്രൈവർമാർക്ക് സീറ്റ് ബെൽറ്റ് ഇടാത്തതിന്റെ പേരിൽ വൻതുക പിഴയടിച്ചിട്ടും അക്കാര്യം നോട്ടിസിലൂടെ യഥാസമയം അറിയിച്ചില്ലെന്ന പരാതിയിലും മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. കാരന്തൂർ മർകസിന് സമീപുള്ള എഐ ക്യാമറയിൽ നിന്നാണ് പിഴ വന്നത്. ജൂൺ - ജൂലൈ മാസത്തെ പിഴയെക്കുറിച്ച് ഡ്രൈവർമാർ അറിഞ്ഞത് ഓഗസ്റ്റിൽ ഓൺലൈനായി നോക്കിയപ്പോഴാണ്. ദിവസം 500 രൂപ കൂലി ലഭിക്കാത്തവർക്കാണ് 20,000 രൂപ പിഴ വന്നത്. ഒരേ ദിവസം ഒന്നിലധികം പിഴ വന്നവരുമുണ്ട്. ആർടിഒ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കെ.ബൈജുനാഥ് നിർദ്ദേശിച്ചു..
English Summary: Human Rights Commission Registered Case Against Police