ADVERTISEMENT

വാഷിങ്ടന്‍∙ ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരെ ആരോപണമുന്നയിക്കുക വഴി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വലിയ പിഴവാണു വരുത്തിയിരിക്കുന്നതെന്ന് പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനും അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോയുമായ മൈക്കിള്‍ റൂബിന്‍. തെളിയിക്കാന്‍ കഴിയാത്ത ആരോപണമാണ് ട്രൂഡോ ഉന്നയിച്ചിരിക്കുന്നതെന്നു റൂബിന്‍ പറഞ്ഞു. കൈകളില്‍ രക്തക്കറയുള്ള ഒരു ഭീകരനെ കാനഡ സര്‍ക്കാര്‍ എന്തുകൊണ്ടാണു സംരക്ഷിച്ചിരുന്നതെന്ന് ട്രൂഡോ വിശദീകരിക്കേണ്ടി വരുമെന്നും റൂബിന്‍ പറഞ്ഞു. 

ട്രൂഡോയുടെ പ്രസ്താവന ഇന്ത്യയേക്കാള്‍ കാനഡയ്ക്കാണ് വലിയ അപകടമുണ്ടാക്കുന്നത്. ആര്‍ക്കൊപ്പം നില്‍ക്കണമെന്ന ചോദ്യം അമേരിക്കയ്ക്കു മുന്നില്‍ വന്നാല്‍ 'ഏറെ സുപ്രധാനമായ ബന്ധം' എന്ന നിലയില്‍ അവര്‍ ഇന്ത്യയെ തിരഞ്ഞെടുക്കുമെന്നും റൂബിന്‍ പറയുന്നു. അമേരിക്കയെ സംബന്ധിച്ചിടത്തോളം കാനഡയേക്കാള്‍ ഏറെ തന്ത്രപ്രധാനമാണ് ഇന്ത്യയുമായുള്ള ബന്ധം. ഇന്ത്യയുമായി പോരടിക്കാന്‍ കാനഡ ശ്രമിക്കുന്നത് 'ആനയ്ക്കെതിരേ ഉറുമ്പ് പോരിനിറങ്ങുന്നതു' പോലെയാണെന്നും റൂബിന്‍ പറഞ്ഞു. ട്രൂഡോ അധികനാള്‍ പ്രധാനമന്ത്രി പദത്തില്‍ ഉണ്ടാകില്ല. അയാള്‍ പോയതിനു ശേഷവും അമേരിക്കയ്ക്കു കാനഡയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ കഴിയും. 

രണ്ടു സൗഹൃദരാജ്യങ്ങള്‍ക്കിടയില്‍ ഒരു തിരഞ്ഞെടുപ്പിന് അമേരിക്ക തയാറാകില്ലായിരിക്കാം. എന്നാല്‍ ആ സാഹചര്യമുണ്ടായാല്‍ യുഎസ് ഇന്ത്യയെയാവും പിന്തുണയ്ക്കുക. നിജ്ജാര്‍ ഒരു ഭീകരനായിരുന്നു എന്നതും യുഎസ്-ഇന്ത്യ ബന്ധം ഏറെ സുപ്രധാനമാണ് എന്നതുമാണ് ഇതിനു കാരണം. ലോകത്തെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ചൈനയുടെ നിലപാടുകള്‍, ഇന്ത്യന്‍ മഹാസമുദ്രത്തിലെയും പസിഫിക്കിലെയും പ്രശ്‌നങ്ങള്‍ എന്നിവ കണക്കിലെടുക്കുമ്പോള്‍ യുഎസിന് കാനഡയേക്കാള്‍ പ്രധാനം ഇന്ത്യയുടെ പിന്തുണയാണ്.- റൂബിന്‍ പറഞ്ഞു.

ഖലിസ്ഥാൻ ഭീകരനും കനേഡിയൻ പൗരനുമായി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന ഗുരുതരമായ ആരോപണം കാനഡ പാർലമെന്റിൽ ഉന്നയിച്ചതിനു പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഇതിനു പിന്നാലെ ഇന്ത്യയും കാനഡയും നയതന്ത്ര പ്രതിനിധികളെ പുറത്താക്കി. തുടർന്ന് കഴിഞ്ഞ ദിവസം ആരോപണം വീണ്ടും ഉന്നയിച്ച ട്രൂഡോ ഇതിനുള്ള തെളിവുകളും പക്കലുണ്ടെന്ന് അറിയിച്ചു. നിജ്ജാറിന്റെ കൊലയുമായി ബന്ധപ്പെട്ട് കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെട്ട ആശയവിനിമയത്തിന്റെ വിവരങ്ങൾ കാനഡയുടെ പക്കലുണ്ടെന്ന് അവിടത്തെ മാധ്യമമായ ‘സിബിസി ന്യൂസ്’ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തു. കാനഡ കൂടി ഭാഗമായ രഹസ്യാന്വേഷണ സഖ്യത്തിലെ (5 Eyes) മറ്റൊരു രാജ്യവും ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 

English Summary: If US Has To Pick India Or Canada, It Will Choose...: Ex Pentagon Official

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com