മണിപ്പുരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഇന്ന് മുതൽ പുനസ്ഥാപിക്കും

Mail This Article
ഇംഫാൽ∙ മണിപ്പുരിൽ കലാപത്തെ തുടർന്നു റദ്ദാക്കിയ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഇന്നു മുതൽ പുനസ്ഥാപിക്കും. മണിപ്പുർ മുഖ്യമന്ത്രി ബിരേൻ സിങ് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജവാർത്തകളും വിദ്വേഷ പരാമർശങ്ങളും തടയാന്‍ ലക്ഷ്യമിട്ടു മേയ് മൂന്നിനാണ് ഇന്റർനെറ്റ് സേവനങ്ങൾ മണിപ്പുരിൽ റദ്ദാക്കിയത്.
സ്ഥിതിഗതികൾ മെച്ചപ്പെട്ടതിനാൽ ഇന്നു മുതൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കുമെന്നാണു വിശദീകരണം. മണിപ്പുരിലേക്കുള്ള അനധികൃത കുടിയേറ്റ പ്രവാഹം സർക്കാർ പരിഗണിക്കുമെന്നും ഇന്ത്യ–മ്യാൻമർ അതിർത്തിയിൽ മതിൽ കെട്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. മണിപ്പുരിലെ നിലവിലെ അവസ്ഥയ്ക്കു കാരണം മുൻപത്തെ സർക്കാരിന്റെ നയങ്ങളാണെന്നും ബിരേൻ സിങ് കുറ്റപ്പെടുത്തി.
അതേസമയം മണിപ്പുരിൽ ആയുധങ്ങളുമായി അറസ്റ്റിലായ 5 മെയ്തെയ് യുവാക്കൾക്ക് ഇന്നലെ കോടതി ജാമ്യം നൽകി. പൊലീസ് സ്റ്റേഷൻ പരിധി വിട്ടുപോകരുതെന്ന നിബന്ധനയോടെയാണു ജാമ്യം നൽകിയത്. ഇവരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു മെയ്തെയ് വനിതകൾ കോടതിക്കു മുൻപിലും സമരം നടത്തിയിരുന്നു. പട്ടാള യൂണിഫോമിൽ ആയുധങ്ങളുമായിട്ടാണു മെയ്തെയ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്.
English Summary: Mobile internet will restore in Manipur