ഇന്ത്യ–കാനഡ പ്രശ്നങ്ങൾ അടച്ചിട്ട മുറിയിൽ ചർച്ച ചെയ്യണം, പരസ്പരം ശത്രുരാജ്യമായി കാണരുത്: ശശി തരൂർ

Mail This Article
തിരുവനന്തപുരം∙ ഇന്ത്യ–കാനഡ തർക്കത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. ഇരുരാജ്യങ്ങളും പറയാനുള്ള കാര്യങ്ങള്‍ പറയണമെന്നും രാജ്യാന്തര ബന്ധങ്ങൾ നിലനിർത്തണമെന്നും തരൂർ ആവശ്യപ്പെട്ടു. രണ്ടു രാജ്യങ്ങളും വിവേകത്തോടെ പെരുമാറണം. പ്രശ്നങ്ങൾ അടച്ചിട്ട മുറിയിലിരുന്ന് ചർച്ച ചെയ്തു പരിഹരിക്കണമെന്നും ശശി തരൂർ ആവശ്യപ്പെട്ടു.
‘കാനഡക്കാർ തെറ്റായാണ് ഈ വിഷയം കൈകാര്യം ചെയ്തത്. നയതന്ത്രകാര്യങ്ങളിൽ അടച്ചിട്ട മുറിയിലിരുന്ന് ചർച്ച ചെയ്ത് തീരുമാനം എടുത്താൽ മാത്രമേ രാജ്യാന്തര ബന്ധങ്ങൾ നിലനിൽക്കൂ. രാജ്യാന്തര മേഖലയിൽ ഇത് പുതിയ കാര്യമല്ല. മുൻപും പലതരത്തിലുള്ള സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.’ – തരൂർ ചൂണ്ടിക്കാട്ടി.
‘രണ്ടു രാജ്യങ്ങൾ തമ്മിൽ ശത്രുതയില്ലെങ്കിൽ പോലും ചില ബുദ്ധിമുട്ടുകൾ രൂപപ്പെടാറുണ്ട്. ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യുകയാണ് പതിവ്. കാനഡ പ്രധാനമന്ത്രി ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചത് അതിശയകരമായ കാര്യമാണ്. നയതന്ത്ര തലത്തിൽ ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.’ – തരൂർ പറഞ്ഞു.
‘കാനഡയുമായി നമുക്ക് നല്ല വ്യാപാരബന്ധമുണ്ട് എന്നത് മാത്രമല്ല, 17 ലക്ഷം ഇന്ത്യക്കാർ അവിടെ താമസിക്കുന്നുണ്ട്. കാനഡയിലെ രാജ്യാന്തര വിദ്യാർഥികളുടെ 40 ശതമാനവും ഇന്ത്യക്കാരാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുന്ന തരത്തിൽ പെരുമാറരുതായിരുന്നു. ഇരു രാജ്യങ്ങളും പാകതയോടെ ഈ വിഷയം കൈകാര്യം ചെയ്യണം. പരസ്പരം ശത്രുരാജ്യമായി കാണരുത്. കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം എപ്പോഴും നല്ലതായിരിക്കണം.’– ശശി തരൂർ കൂട്ടിച്ചേർത്തു.
English Summary: Shashi Tharoor's Reaction On India-Canada Tensions