‘കേരളാ പൊലീസ് ചെയ്യുന്നതല്ല ഇ.ഡി ചെയ്യുക; ഓർമശക്തിക്ക് എം.വി.ഗോവിന്ദൻ ബ്രഹ്മി കഴിക്കട്ടെ’

Mail This Article
കോഴിക്കോട്∙ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പരിഹസിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ രംഗത്ത്. ഓർമശക്തി നിലനിർത്താൻ ഗോവിന്ദൻ ബ്രഹ്മി കഴിക്കണമെന്ന് വിദേശകാര്യ സഹമന്ത്രിയായ മുരളീധരൻ അഭിപ്രായപ്പെട്ടു. ഗോവിന്ദൻ ഒരിക്കൽ പറയുന്നത് പിന്നീട് ഓർമിക്കാറില്ല. ഓർമശക്തിയും ബുദ്ധിശക്തിയും വർധിക്കാൻ ബ്രഹ്മി നല്ല ഔഷധമാണെന്നും മുരളീധരൻ പരിഹസിച്ചു.
കേരള പൊലീസ് ചെയ്യുന്നതാണ് ഇ.ഡിയും ചെയ്യുകയെന്നാണ് ഗോവിന്ദൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത്. ക്യാമറയ്ക്കു മുന്നിലാണ് ഇ.ഡിയുടെ ചോദ്യം ചെയ്യൽ. ഇ.ഡിയുടെ ഓഫിസിൽ ഒരാൾ പ്രവേശിക്കുന്നതു തൊട്ട് പുറത്തിറങ്ങുന്നതു വരെയുള്ള ദൃശ്യങ്ങൾ സിസിടിവിയിലുണ്ട് എന്നിരിക്കെ ഇതെല്ലാം പറഞ്ഞ് കേരള ജനതയെ എത്രകാലം കബളിപ്പിക്കാൻ സാധിക്കുമെന്നും വി. മുരളീധരൻ ചോദിച്ചു.
ഇടതുപക്ഷത്തിനും സഹകരണ പ്രസ്ഥാനത്തിനുമെതിരെയുള്ള കടന്നുകയറ്റത്തിന് ഇ.ഡി കരുവന്നൂർ ബാങ്കിനെ കരുവാക്കുകയാണെന്ന് എം.വി.ഗോവിന്ദൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു.
എ.സി.മൊയ്തീനെതിരെ തെളിവുണ്ടാക്കാൻ ചിലരെ ചോദ്യം ചെയ്യുകയും മൊയ്തീന്റെ പേരു പറയാൻ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഇ.ഡി ബലപ്രയോഗം നടത്തുന്നതു ചരിത്രത്തിലില്ലാത്ത കാര്യമാണ്. കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണ്. ആഭ്യന്തരമന്ത്രി അമിത് ഷായാണു മുഖ്യ ആസൂത്രകനെന്നും ഗോവിന്ദൻ ആരോപിച്ചിരുന്നു.
English Summary: V Muraleedharan Mocking M.V. Govindan