'വയനാട്ടിലല്ല, ഹൈദരാബാദിൽനിന്ന് മത്സരിച്ച് ജയിക്കൂ': രാഹുലിനെ വെല്ലുവിളിച്ച് ഉവൈസി

Mail This Article
ഹൈദരാബാദ് ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈദരാബാദിൽനിന്ന് മത്സരിക്കാൻ കോണ്‍ഗ്രസ് എംപി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്–ഇ–ഇത്തുഹാദുൽ മുസ്ലിമിൻ (എഐഎംഐഎം) നേതാവ് അസദുദ്ദിൻ ഉവൈസി. കോൺഗ്രസ് ഭരണ കാലത്താണ് അയോധ്യയിലെ ബാബറി മസ്ജിദ് ഉൾപ്പെടെ തകർക്കപ്പെട്ടതെന്നും പൊതുവേദിയിലെ പ്രസംഗത്തിനിടെ ഉവൈസി പറഞ്ഞു. ബിജെപി, ബിആർഎസ്, എഐഎംഐഎം എന്നീ പാർട്ടികളെ ഒരുമിച്ചാണ് തെലങ്കാനയിൽ കോൺഗ്രസ് നേരിടുന്നതെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഉവൈസിയുടെ വെല്ലുവിളി.
'തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നല്ല, ഹൈദരാബാദിൽനിന്ന് മത്സരിക്കാന്‍ നിങ്ങളുടെ നേതാവിനെ (രാഹുൽ ഗാന്ധി) വെല്ലുവിളിക്കുകയാണ്. വലിയ വാചക കസർത്തു നടത്താതെ നേരിട്ടു മത്സരത്തിനിറങ്ങൂ. കോണ്‍ഗ്രസ് പ്രവർത്തകർക്ക് ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടാകാം, പക്ഷേ നേരിടാൻ ഞാൻ തയാറാണ്. ബാബറി മസ്‌ജിദും സെക്രട്ടേറിയറ്റിലെ മസ്ജിദും തകർക്കപ്പെട്ടത് കോണ്‍ഗ്രസിന്റെ ഭരണകാലത്താണ്.' –ഉവൈസി പറഞ്ഞു.
നേരത്തെ തെലങ്കാനയിലെ തുക്കുഗുഡയിലെ വിജയഭേരി സഭയിലാണ് രാഹുൽ മറ്റു പാർട്ടികൾക്കെതിരെ രംഗത്തുവന്നത്. തെലങ്കാനയിൽ കോണ്‍ഗ്രസിന്റെ പോരാട്ടം ബിആർഎസിനോട് മാത്രമല്ല. ബിആർഎസ്, ബിജെപി, എഐഎംഐഎം എന്നീ പാർട്ടികളെ ഒരുമിച്ചാണ് കോണ്‍ഗ്രസ് നേരിടുന്നത്. അവർ വ്യത്യസ്ത പാർട്ടികളാണെന്ന് പറയുന്നുണ്ടെങ്കിലും പ്രവർത്തിക്കുന്നത് ഒരുപോലെയാണ്. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനോ ഉവൈസിക്കോ നേരേ സിബിഐ–ഇഡി കേസുകളില്ലെന്നും, പ്രധാനമന്ത്രി അവരെ സ്വന്തം ആളുകളായാണ് കാണുന്നതെന്നും രാഹുൽ പറഞ്ഞു.
ഈ വർഷം ഒടുവിലാണ് തെലങ്കാന നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഭരണകക്ഷിയായ ബിആർഎസ് സ്ഥാനാർഥി പട്ടിക ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം അധികാരത്തിലെത്തിയാൽ നടപ്പാക്കാനുള്ള 'ആറ് ഉറപ്പുകൾ' അടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്നത്.
English Summary: I Am Challenging Your Leader to contest elections from Hyderabad: Asaduddin Owaisi's Dare to Rahul Gandhi