ADVERTISEMENT

കൊച്ചി ∙ ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെന്ന വാർത്തകൾ തള്ളി വ്ലോഗർ ഷാക്കിർ സുബ്ഹാൻ (മല്ലു ട്രാവലർ). ഇതുവരെ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയിട്ടില്ലെന്നും അതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഷാക്കിർ വ്യക്തമാക്കി. ഒരാൾ കള്ളക്കേസ് കൊടുത്തതിന്റെ പേരിൽ ഉടൻ നാട്ടിലേക്കു വരേണ്ട കാര്യമില്ലെന്ന് ഷാക്കിർ ചൂണ്ടിക്കാട്ടി. പൊലീസോ കോടതിയോ ആവശ്യപ്പെട്ടാൽ മാത്രമേ വരേണ്ടതുള്ളൂ. വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ പദ്ധതിയിട്ടിരുന്ന എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയ ശേഷമേ മടങ്ങൂ എന്നും ഷാക്കിർ കുറിച്ചു.

നിരപരാധിത്വം തെളിയിക്കുന്നതു വരെ, തനിക്കെതിരെ വരുന്ന എന്തും അനുഭവിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് കുറിപ്പിന്റെ ആമുഖമായി ഷാക്കിർ കുറിച്ചു. ഷാക്കിറിന്റെ കുറിപ്പിൽനിന്ന്:

1. ഒത്തുതീർപ്പിനു ക്ഷണിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല.
2. ലുക്ക്ഔട്ട് നോട്ടിസ് ഇതുവരെ ഇറക്കിയിട്ടില്ല. അതെല്ലാം വ്യാജമാണ്.

ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് ഞാൻ പറഞ്ഞു. ഒരു വ്യക്തി എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നുവച്ച് ഉടൻ നാട്ടിൽ വരേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്തൊക്കെ കാര്യങ്ങൾ ചെയ്യുന്നതിനാണോ ഞാൻ വീട്ടിൽനിന്ന് ഇറങ്ങിയത്, അതെല്ലാം പൂർത്തിയാക്കിയിട്ടേ വരൂ. അതിനിടയിൽ കേസുമായി ബന്ധപ്പെട്ട് പൊലീസോ കോടതിയോ വരാൻ പറഞ്ഞാൽ മാത്രമേ വരേണ്ട കാര്യമുള്ളൂ.

(ആത്മവിശ്വാസത്തിന്റെ കാരണം കൂടി പറയട്ടെ: ഇത് കള്ളക്കേസാണെന്ന് 1000000% തെളിയിക്കുന്ന എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്. അത് കോടതിയെ ബോധ്യപ്പെടുത്തണം എന്ന കടമ്പ മാത്രമേയുള്ളൂ)

അതുവരെ അവർ ആഘോഷിക്കട്ടെ. അതുകഴിഞ്ഞ് നമുക്ക് ആഘോഷിക്കാം.

നേരത്തെ, കുറ്റാരോപിതൻ വിദേശത്തു തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് ഇറക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. സൗദി യുവതിയുടെ പരാതിയിലുള്ള അന്വേഷണത്തിന്റെ ഭാഗമായി ഷാക്കിര്‍ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് നിർദേശമെന്നായിരുന്നു വാർത്ത.

ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽവച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്. അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക് ക്ഷണിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അഭിമുഖത്തിനായി ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതും പീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു.

അതേസമയം, പരാതി വ്യാജമാണെന്ന നിലപാടിലാണ് ഷാക്കിർ സുബ്‌ഹാൻ. തനിക്കെതിരായ പരാതിയെ മതിയായ തെളിവുകൾ കൊണ്ട് നേരിടുമെന്നും ഷാക്കിർ പ്രതികരിച്ചിരുന്നു. ഇതൊരു ഹണിട്രാപ്പ് ആയിരുന്നോ എന്ന് സംശയിക്കുന്നതായും ഷാക്കിർ ആരോപിച്ചു. ഷാക്കിർ നാട്ടിലില്ലാത്തതിനാൽ അന്വേഷണം വൈകുമെന്ന് നേരത്തെ പൊലീസും വ്യക്തമാക്കിയിരുന്നു.

 

English Summary: Sexual Harassment Case: Mallu Traveller Shakir Subhan says the lookout notice news is fake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com