ADVERTISEMENT

തിരുവനന്തപുരം∙ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ നടന്ന കയ്യാങ്കളിക്കിടെ ഇടതു വനിതാ എംഎൽഎമാരെ ആക്രമിച്ച സംഭവത്തിൽ പൊലീസ് പ്രത്യേക എഫ്ഐആർ റജിസ്റ്റർ ചെയ്യും. സർക്കാർ അഭിഭാഷകൻ ഇക്കാര്യം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചു. നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി തുടരന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ പുതിയ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പുതിയ തെളിവുകൾ ലഭിക്കാത്ത സാഹചര്യത്തിൽ പഴയ കുറ്റപത്രം പ്രകാരം അനുസരിച്ചായിരിക്കും വിചാരണ.

നിയമസഭാ കയ്യാങ്കളി കേസിൽ നേരത്തെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാർ തങ്ങളെ ആക്രമിച്ചതായി എൽഡിഎഫ് വനിതാ എംഎൽഎമാർ പരാതി നൽകിയതിന് തുടർന്നാണ് കേസിൽ തുടരന്വേഷണം നടത്തണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. അന്വേഷണത്തിന് കോടതി മൂന്നുമാസത്തെ സമയം അനുവദിച്ചു. അക്രമം നടന്ന സമയത്ത് അന്നത്തെ ഭരണപക്ഷമായ കോൺഗ്രസ് എംഎൽഎമാർ, എൽഡിഎഫ് വനിതാ എംഎൽഎമാരെ ആക്രമിച്ചതായി സാക്ഷി മൊഴികളിൽ നിന്നും വ്യക്തമായതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. വനിതാ സാമാജികർ ആക്രമിക്കപ്പെട്ടതിനെ തുടർന്ന് എൽഡിഎഫ് സാമാജികർ പ്രകോപിതരായി. ഇതേ തുടർന്നാണ് അക്രമം ഉണ്ടായത്. ബോധപൂർവമായ ആക്രമണത്തിന് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ഇരയായിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. എൽഡിഎഫ് എംഎൽഎമാരുടെ ഉന്തിലും തള്ളിലും പെട്ടാണ് വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർക്ക് പരുക്ക് പറ്റിയതെന്ന് അന്നത്തെ സ്പീക്കറായിരുന്ന എൻ. ശക്തൻ പൊലീസിന് മൊഴി നൽകി. വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വത്തോടെ കൃത്യനിർവഹണം നടത്തിയത് കൊണ്ടാണ് സഭയിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ നടക്കാതിരുന്നതെന്നും എൻ.ശക്തന്റെ മൊഴിയിൽ പറയുന്നു. 

സ്പീക്കർ വരുന്നതിന് മുൻപ് തന്നെ എൽഡിഎഫ് എംഎൽഎമാർ സ്പീക്കറുടെ ഡയസിൽ കയറി അക്രമം കാട്ടിയതായി പി.സി. ജോർജ് പൊലീസിന് മൊഴി നൽകി. സ്പീക്കറുടെ കസേര, ഇ.പി. ജയരാജന്റെയും കെ.ടി. ജലീലിന്റെയും നേതൃത്വത്തിൽ എടുത്തു താഴെയിട്ടു. കെ അജിത്ത്, സി.കെ.സദാശിവൻ, കെ. കുഞ്ഞഹമ്മദ് മാസ്റ്റർ, വി. ശിവൻകുട്ടി എന്നിവർ ഡയസിൽ ഉണ്ടായിരുന്ന പൊതുമുതൽ നശിപ്പിച്ചു. അവിടെയുണ്ടായിരുന്ന ഫയലും പേപ്പറുമെല്ലാം വലിച്ചെറിഞ്ഞു. ബജറ്റ് അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പായി മുഖ്യമന്ത്രിയുടെ സീറ്റിനു മുൻവശത്ത് പ്രതിപക്ഷ വനിതാ എംഎൽഎമാർ നിരന്നു നിൽക്കുകയും മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയെ കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം മൂന്നാം നിരയിൽ നിൽക്കുകയായിരുന്ന ശിവദാസൻ നായർ ഓടിയെത്തി അതിനെ പ്രതിരോധിച്ചു. അപ്പോൾ എൽഡിഎഫ് എംഎൽഎ ജമീല പ്രകാശം ശിവദാസൻ നായരുടെ കയ്യിൽ കടിക്കുന്നത് താൻ കണ്ടു. ശിവൻകുട്ടി എംഎൽഎ ഭരണപക്ഷ ബ്ലോക്കിലെ മേശകളുടെ മുകളിൽ കൂടി ചാടി വന്ന് എംഎൽഎമാർ കൂടി നിൽക്കുന്നതിനിടയിലേക്ക് ബോധം മറിഞ്ഞ് വീഴുന്നതും കണ്ടു. ശിവൻകുട്ടിയെ ചികിത്സിക്കുന്നതിന് ഡോക്ടറെ വിളിച്ചത് താനാണ്. ബിപി കൂടിയതിനാൽ മെഡിക്കൽ കോളേജിലേക്ക് ശിവൻകുട്ടിയെ കൊണ്ടുപോയി. വനിതാ എംഎൽഎമാരോട് ആരും മോശമായി പെരുമാറിയിട്ടില്ല. പ്രതിപക്ഷ എംഎൽഎമാരും ഭരണപക്ഷ എംഎൽഎമാരും തമ്മിലുള്ള ഉന്തിലും തള്ളിലും ഗീതാഗോപി എംഎൽഎ തറയിൽ വീണത് കണ്ടതായും പി.സി.ജോർജ് പൊലീസിന് മൊഴി നൽകി. 

പ്രതിപക്ഷ എംഎൽഎമാർ ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ സ്പീക്കറുടെ കസേര മറിച്ചിട്ടതായി ആർ. സെൽവരാജ് പൊലീസിന് മൊഴി നൽകി. വനിതാ എംഎൽഎമാരെ ആരും ആക്രമിച്ചില്ലെന്നും അവർ കെ.എം.മാണിയുടെയും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും അടുത്തേക്ക് തള്ളിക്കയറാൻ ശ്രമിക്കുന്നതാണ് കണ്ടതെന്നും അനൂപ് ജേക്കബ് എംഎൽഎ പൊലീസിന് മൊഴി നൽകി.

വിചാരണ ഒഴിവാക്കാൻ പ്രതികൾ സുപ്രീം കോടതി വരെ പോയെങ്കിലും വിജയിച്ചില്ല. ഇതോടെയാണ് കോൺഗ്രസ് എംഎൽഎമാരെ കൂടി പ്രതി ചേർക്കാനുള്ള നടപടികൾ ആരംഭിച്ചത്. എം.എ.വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർക്കാനാണ് നീക്കം ഇതിനായി പൊലീസ് നിയമോപദേശം തേടിയിരുന്നു.

2015 മാര്‍ച്ച് 13നാണ് ബാര്‍ കോഴക്കേസിലെ പ്രതിയായ ധനകാര്യമന്ത്രി കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്  പ്രഖ്യാപിച്ച് ഇടത് എംഎൽഎമാർ നിയമസഭയിൽ പ്രതിഷേധിച്ചത്. 2,20,093 രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പൊലീസ് കേസ്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് പുറമെ, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി.ജലീല്‍ എംഎല്‍എ, മുന്‍ എം എല്‍എ മാരായ കെ. അജിത്, കുഞ്ഞ്അഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

English Summary: Special FIR to be registered in attacking Left Women MLAs in Niyamasabha ruckus case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com