ആവശ്യക്കാർ വർധിച്ചു; ജവാൻ റം ഇനി മുതൽ ‘ഫുൾ കുപ്പി’യിൽ

Mail This Article
തിരുവനന്തപുരം∙ ജവാൻ റം ഉൽപാദിപ്പിക്കുന്ന തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡ് ‘ഫുൾ കുപ്പിയിൽ’ (750 എംഎൽ) മദ്യം പുറത്തിറക്കുന്നു. നിലവിൽ ഒരു ലീറ്ററിന്റ (1000 എംഎൽ) കുപ്പിയാണ് വിപണിയിലുള്ളത്. 640 രൂപയാണ് ഒരു ലീറ്റർ ജവാന്റെ വില. 750 എംഎൽ കുപ്പിയുടെ ലേബർ റജിസ്ട്രേഷനുള്ള നടപടികൾ ആരംഭിച്ചു. വില നിശ്ചയിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
സർക്കാർ സ്ഥാപനം ഉൽപാദിപ്പിക്കുന്ന ജവാന് ആവശ്യക്കാർ വർധിച്ചതിനെ തുടർന്നാണ് 750 എംഎൽ കുപ്പിയിൽ മദ്യം പുറത്തിറക്കാൻ തീരുമാനിച്ചത്. ഇപ്പോൾ 6 ഉൽപാന ലൈനുകളിലായി 12000 കേയ്സ് മദ്യമാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നത്. സർക്കാർ മേഖലയിൽ മദ്യഉൽപ്പാദനം വിപുലപ്പെടുത്താനാണ് തീരുമാനം. മലബാർ ഡിസ്റ്റലറിയിൽ 6 മാസത്തിനുള്ളിൽ ഉൽപാദനം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓണക്കാലത്ത് ബവ്റിജസ് കോർപറേഷന്റെ ഔട്ട്ലറ്റുകളിൽ മദ്യം വിൽക്കുമ്പോൾ ജവാൻ റമ്മിന് പ്രത്യേക ശ്രദ്ധ നൽകണമെന്ന് നിർദേശിച്ചിരുന്നു. ഉപഭോക്താവ് ബ്രാൻഡിന്റെ പേര് പറഞ്ഞില്ലെങ്കിൽ ജവാൻ നൽകണമെന്നായിരുന്നു നിർദേശം. ഓണക്കാലത്ത് ഏറ്റവുമധികം വിൽപന നടത്തിയ ബ്രാൻഡായി ജവാൻ മാറി. പത്തു ദിവസം 6.5 ലക്ഷം ലീറ്റർ മദ്യം വിറ്റു.
English Summary: Javan Rum, Releases The Liquor In Full Bottles