‘മുക്കുകയോ മുരളുകയോ ചെയ്തിരുന്ന സിപിഐക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല’

Mail This Article
കൊച്ചി∙ സിപിഐക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഇടക്കാലത്ത് തിരുത്തൽ ശക്തിയെന്ന് പറയാൻ കഴിയില്ലെങ്കിലും ചില കാര്യങ്ങളിലെങ്കിലും മുക്കുകയോ മുരളുകയോ ചെയ്തിരുന്ന സിപിഐക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല. സിപിഐയുടെ നേതാക്കൻമാരുമായും അവരുടെ കുടുംബവുമായും ബന്ധപ്പെട്ട ചില കാര്യങ്ങൾ സിപിഎം പിടിച്ചുവച്ചിരിക്കുകയാണ്. ഇതുവച്ച് സിപിഐ നേതാക്കളെ സിപിഎം വരുതിയിൽ നിർത്തിയിരിക്കുന്നു എന്നാണ് ഞങ്ങൾക്ക് കേൾക്കാൻ കഴിയുന്ന പിന്നാമ്പുറ കഥകൾ. ഇതു ശരിയാണോ എന്നു പറയേണ്ടത് സിപിഐ നേതാക്കളാണ്. എന്തുകൊണ്ട് സിപിഐ പോലും അഭിപ്രായം പറയുന്നില്ല എന്നു കേരളത്തിലെ സാധാരണ കമ്യൂണിസ്റ്റുകാർ പോലും അദ്ഭുതപ്പെടുന്നു.
സർക്കാരിന്റെ ഭാഗത്തുനിന്ന് ഔദാര്യം ഒരു കോൺഗ്രസുകാരനും ചോദിക്കുന്നില്ല. കോൺഗ്രസ് പാർട്ടിയുടെ അനുമതിയില്ലാതെ എന്നെപ്പോലെ ഒരു നിയമസഭാ സാമാജികന് അഴിമതിയുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കില്ല. അഴിമതിക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പോരാട്ടം തുടരും’’– മാത്യു കുഴൽനാടൻ പറഞ്ഞു.
English Summary: Mathew Kuzhalnadan slams CPI