ADVERTISEMENT

പത്തനംതിട്ട∙ പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്തതായി ആക്ഷേപം. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ കള്ളവോട്ടു ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. ‌പത്തനംതിട്ട നഗരസഭയിലെ 22 വാർഡുകളിലുള്ള ബാങ്ക് അംഗങ്ങൾക്കു മാത്രമാണു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശം.

എന്നാൽ നഗരസഭാ പരിധിക്കു പുറത്തുള്ള സിപിഎം അനുകൂലികളായ പലരും തിരഞ്ഞെടുപ്പിൽ പലതവണ കള്ളവോട്ടു ചെയ്തതായി കോൺഗ്രസ് ആരോപിച്ചു. സഹകരണ സംഘങ്ങൾ കള്ളവോട്ടിലൂടെ സിപിഎം പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. കള്ളവോട്ട് ചെയ്യാനെത്തിയവർക്കു കാവലൊരുക്കുകയാണു പൊലീസ് ഉദ്യോഗസ്ഥർ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവല്ല സ്വദേശിയും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുമായ കെ.എസ്.അമൽ തിരഞ്ഞെടുപ്പിൽ 5 തവണ വോട്ട് ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിനുപുറമേ, സിപിഎം പെരിങ്ങനാട് ലോക്കൽ സെക്രട്ടറി അഖിൽ പെരിങ്ങനാട്, എസ്എഫ്ഐ കൊടുമൺ ഏരിയ പ്രസിഡന്റ് കിരൺ, ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് കമ്മിറ്റിയംഗം ജോയേഷ് പോത്തൻ അടക്കമുള്ളവരും ബാങ്ക് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന്റെ വിഡിയോ കോൺഗ്രസ് സൈബർ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ 6 മാസത്തിനിടെ തിരഞ്ഞെടുപ്പുകൾ നടന്ന തിരുവല്ല ഈസ്റ്റ് സർവീസ് സഹകരണ ബാങ്ക്, അടൂർ ഏറത്ത് സർവീസ് സഹകരണ ബാങ്ക്, അടൂർ അർബൻ സർവീസ് സഹകരണ ബാങ്ക് എന്നിവ സമാനമായ രീതിയിൽ ആസൂത്രിതമായി നടത്തിയ കള്ളവോട്ടിലൂടെയാണ് എൽഡിഎഫ് പിടിച്ചെടുത്തതാണെന്നാണു കോൺഗ്രസ് ആരോപണം. ഈ സാധ്യത മുൻകൂട്ടി കണ്ട് രാവിലെ 10നു മുൻപുതന്നെ വനിതാ വോട്ടുകൾ ഉൾപ്പെടെയുള്ള പാനൽ വോട്ടുകൾ പരമാവധി ഉറപ്പാക്കിയതിനാലും കള്ളവോട്ടുകൾ ചോദ്യംചെയ്തു തടയാനായതിനാലുമാണു പത്തനംതിട്ടയിൽ ജയിക്കാനായതെന്നു യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ അഴൂർ പറഞ്ഞു.

25 വർഷമായി യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ 5 വർഷത്തിനിടെ 932 അംഗങ്ങളാണു പുതുതായി ചേർന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ശരാശരി 900 വോട്ടുകളാണ് എൽഡിഎഫ് പാനലിലെ സ്ഥാനാർഥികൾക്കു ലഭിച്ചത്. ഇത്തവണ അത് 1500–1600 ലേക്ക് ഉയർന്നു. അതേസമയം തിരഞ്ഞെടുപ്പിൽ പാനലിനായി ആരും കള്ളവോട്ട് ചെയ്തതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് എൽഡിഎഫ് നേതാക്കൾ പ്രതികരിച്ചു.

English Summary: Pathanamthitta Co-operative Bank Election: LDF Allegedly Done Bogus Vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com