ADVERTISEMENT

ന്യൂയോർക്ക്∙ ഭീകരവാദത്തിനും ഭീകരപ്രവർത്തനങ്ങൾക്കും എതിരായ പ്രതികരണങ്ങൾ രാഷ്ട്രീയ താൽപര്യത്തിന് അനുസരിച്ച് നിർണയിക്കാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഐക്യരാഷ്ട്ര സംഘടനയുടെ (യുഎൻ) പൊതുസഭയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഖലിസ്ഥാന്‍ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയുമായുള്ള ഇന്ത്യയുടെ നയതന്ത്ര തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ചില രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുന്നതു മാറിയേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് പലരുടെയും പ്രധാന ആശങ്കകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ചിലരുടെ ഇടുങ്ങിയ താൽപ്പര്യങ്ങളിലല്ലെന്നും അദ്ദേഹം പറഞ്ഞു. കുറച്ച് രാജ്യങ്ങൾ അജണ്ട നിശ്ചയിക്കുകയും മറ്റുള്ളവർ അതിൽ വീഴുമെന്ന് പ്രതീക്ഷിക്കുകയും ചെയ്ത ദിവസങ്ങൾ അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

ജി 20 ഉച്ചകോടിയിൽ ആഫ്രിക്കൻ യൂണിയനെ ഉൾപ്പെടുത്തിയതിനെ ഉദ്ധരിച്ച അദ്ദേഹം, യുഎൻ രക്ഷാസമിതി കാലത്തിനനുസരിച്ച് വിപുലീകരിക്കണമെന്നും ആവശ്യപ്പെട്ടു. രക്ഷാ സമിതിയിലെ സ്ഥിരാംഗത്വത്തിനായി ഇന്ത്യ ആവശ്യമുന്നയിക്കുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. ചേരിചേരാ കാലഘട്ടത്തിൽനിന്ന് വിശ്വ മിത്ര (ലോകത്തിന്റെ സുഹൃത്ത്) എന്ന നിലയിലേക്ക് ഇന്ത്യ പരിണമിച്ചിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം തകർന്നത്.

English Summary: Political convenience can't determine response to terror, extremism: Jaishankar amid Canada row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com