അട്ടപ്പാടിയിൽ സഹപാഠികൾക്കു മുന്പിൽ ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രം അഴിപ്പിച്ചു; ജീവനക്കാർക്കെതിരെ കേസ്

Mail This Article
അട്ടപ്പാടി (പാലക്കാട്)∙അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ ആദിവാസി വിദ്യാർഥിനികളുടെ വസ്ത്രം സഹപാഠികളുടെ മുന്നിൽ അഴിപ്പിച്ചു എന്ന് പരാതി. സംഭവത്തിൽ ഹോസ്റ്റൽ വാർഡൻ, ആയ, കൗൺസിലർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോസ്റ്റൽ ജീവനക്കാരായ ആതിര, കൗസല്യ, കസ്തൂരി, സുജ എന്നിവർക്കെതിരെയാണ് കേസ്.
പ്രീമെട്രിക് ഹോസ്റ്റലിലെ നാലു വിദ്യാർഥികൾക്കാണ് ജീവനക്കാരിൽ നിന്ന് ദുരനുഭവം ഉണ്ടായത്. ഈ മാസം 22നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. ഹോസ്റ്റലിലെ ചില കുട്ടികൾക്ക് ത്വക് രോഗമുള്ളതിനാൽ പരസ്പരം വസ്ത്രം മാറി ധരിക്കരുതെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതായി കണ്ട കുട്ടികളോട് വസ്ത്രം അഴിച്ചുമാറ്റി സ്വന്തം വസ്ത്രം ധരിക്കാൻ നിർദ്ദേശിച്ചിരുന്നു.
മറ്റ് കുട്ടികളുടെ മുന്നിൽ വസ്ത്രം അഴിപ്പിച്ചത് മാനഹാനിക്കും മനോവേദനക്കും ഇടയാക്കിയതായി കുട്ടികൾ പറഞ്ഞു. കുട്ടികൾ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് രക്ഷിതാക്കളെത്തിയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ ഷോളയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary: Scheduled Tribe Students Were Stripped Of Their Clothes In Front Of Their Classmates At Palakkad