തിരഞ്ഞെടുപ്പിന് ഒരുങ്ങി കോൺഗ്രസ്; കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഒക്ടോബർ 4ന്

Mail This Article
തിരുവനന്തപുരം ∙ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലേക്കു കടന്ന് കെപിസിസി നേതൃത്വം. ഒക്ടോബര്‍ നാലിനു കെപിസിസി ആസ്ഥാനത്ത് എംപിമാരെക്കൂടി പങ്കെടുപ്പിച്ചു രാഷ്ട്രീയകാര്യ സമിതി യോഗവും അഞ്ചിനു കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും പാര്‍ലമെന്റിന്റെ ചുമതല നല്കിയ നേതാക്കളുടെയും അടിയന്തര സംയുക്തയോഗവും കെപിസിസി പ്രസിഡന്റ് കെ.സുധാകരന് വിളിച്ചു.
എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ യോഗങ്ങളില്‍ പങ്കെടുക്കും. ഒക്ടോബര്‍ നാലിനു രാവിലെ 10നു കെപിസിസി ആസ്ഥാനത്താണു രാഷ്ട്രീയകാര്യ സമിതി യോഗം. കെപിസിസി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തൊട്ടടുത്ത ദിവസം രാവിലെ 10നു നടക്കുന്ന സംയുക്ത യോഗത്തില്‍ തിരഞ്ഞെടുപ്പു മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ രൂപരേഖ സുധാകരന് വിശദീകരിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടുന്ന ശക്തമായ പ്രക്ഷോഭ പരിപാടികളും പ്രചരണ തന്ത്രങ്ങളും സംഘടനാ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു രൂപം നല്കുമെന്നു നേതൃത്വം അറിയിച്ചു.
English Summary: KPCC meeting on October four