ADVERTISEMENT

കോഴിക്കോട് ∙ പ്രശസ്ത മാപ്പിളപ്പാട്ടുകാരി റംല ബീഗം (77) അന്തരിച്ചു. കോഴിക്കോട് പാറോപ്പടിയിലെ വീട്ടിലായിരുന്നു അന്ത്യം. മതവിലക്കുകളെ മറികടന്നു പരിപാടി അവതരിപ്പിച്ച ആദ്യ വനിതയാണു റംല ബീഗം. ആലപ്പുഴയിലെ സക്കറിയ ബസാറിലുള്ള ഹുസൈൻ യൂസഫ് യമാന - മറിയംബീവി (കോഴിക്കോട് ഫറോക്ക് പേട്ട) ദമ്പതികളുടെ പത്തുമക്കളില്‍ ഇളയ പുത്രിയായി 1946 നവംബര്‍ മൂന്നിനാണു  ജനനം. 

ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പിലെ പ്രധാന ഗായികയായി ഹിന്ദി ഗാനങ്ങള്‍ പാടിയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. ആസാദ് മ്യൂസിക് ട്രൂപ്പിലെ പി.അബ്ദുസലാം മാഷിനെ 18-ാം വയസ്സില്‍ വിവാഹം ചെയ്തു. തുടര്‍ന്നു കഥാപ്രസംഗം അവതരിപ്പിച്ചു വേദികള്‍ കീഴടക്കി. 20 ഇസ്‍ലാമിക കഥകള്‍ക്കു പുറമേ കേശവദേവിന്റെ ഓടയില്‍നിന്ന്, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നീ കഥകളും കഥാപ്രസംഗ രൂപത്തില്‍ കല്യാണവീടുകളിലും ക്ഷേത്രങ്ങളിലും മറ്റു സ്റ്റേജുകളിലും സ്വദേശത്തും വിദേശത്തും അവതരിപ്പിച്ചു.  

അറബിമലയാളത്തില്‍ എഴുതപ്പെട്ട ആദ്യത്തെ പ്രണയകാവ്യമായ ഹുസ്നുല്‍ ജമാല്‍ ബദറുല്‍ മുനീര്‍ കഥാപ്രസംഗം പലവേദികളിലും അവതരിപ്പിച്ചു. പതിനായിരത്തില്‍പരം വേദികളില്‍ കഥാപ്രസംഗം അവതരിപ്പിച്ചു റെക്കാര്‍ഡ് നേടി. 1971 ല്‍ ഭര്‍ത്താവുമൊന്നിച്ച് സിംഗപ്പൂരില്‍ കഥാപ്രസംഗം അവതരിപ്പിച്ചതാണു വിദേശത്തെ ആദ്യ വേദി. പിന്നീടങ്ങോട്ട് 2018 വരെ പരിപാടികള്‍ അവതരിപ്പിച്ചു. 35ല്‍ പരം ഗ്രാമഫോണ്‍ റിക്കാര്‍ഡുകളിലും 500ല്‍പരം കാസറ്റുകളിലും പാടിയ റംല ബീഗം 300ല്‍ പരം അംഗീകാരങ്ങളും അവാര്‍ഡുകളും ഏറ്റുവാങ്ങിയിട്ടുണ്ട്. 

1986 ഡിസംബര്‍ 6ന് അബ്ദുല്‍സലാമിന്റെ വിയോഗത്തിനു ശേഷം രണ്ടുവര്‍ഷം കഥാപ്രസംഗ ലോകത്തുനിന്നും വിട്ടുനിന്നു. കലാസ്നേഹികളുടെ നിര്‍ബന്ധപ്രകാരം വീണ്ടും കലാലോകത്തേക്കിറങ്ങി. കെ.ജെ.‌യേശുദാസ്, വി.എം.കുട്ടി, പീര്‍ മുഹമ്മദ്, എരഞ്ഞോളി മൂസ്സ, അസ്സീസ് തായിനേരി, വടകര കൃഷ്ണദാസ്, എം. കുഞ്ഞിമൂസ്സ എന്നിവരുടെ ട്രൂപ്പുകളിലും പുതിയ തലമുറയിലെ കണ്ണൂര്‍ ഷെരീഫ്, കൊല്ലം ഷാഫി, താജുദ്ദീന്‍ വടകര, കുന്ദമംഗലം സി.കെ. ആലിക്കുട്ടി എന്നിവരുടെ ട്രൂപ്പുകളിലും കലാസാന്നിധ്യം അറിയിച്ചു. സംഗീതനാടക അക്കാദമി  അവാര്‍ഡ്, കേരള മാപ്പിളകലാ അക്കാദമി അവാര്‍ഡ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അവാര്‍ഡ്, ഫോക്‌ലോർ അക്കാദമി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടി.

English Summary: Singer Ramla Beegum passes away Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com